ADVERTISEMENT

ടറൂബ (ട്രിനിഡാഡ്)∙ കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടെ വെസ്റ്റിൻഡീസിലെ ട്രിനിഡാഡിൽ ആരംഭിച്ച കരീബിയൻ പ്രീമിയർ ലീഗിന്റെ ആദ്യം ദിനം താരമായി അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ. ട്രിനിഡാ‍ഡിലെ ടറൂബയിൽ നടന്ന സിപിഎൽ പുതിയ സീസണിലെ രണ്ടാം ത്സരത്തിലാണ് റാഷിദ് ഖാന്റെ പ്രകടനം ശ്രദ്ധ നേടിയത്. മത്സരത്തിൽ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ റാഷിദ് ഖാന്റെ മികവിൽ ബാർബഡോസ് ട്രൈഡെന്റസ് സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സിനെ തോൽപ്പിച്ചു. ആറു റൺസിനാണ് ബാർബഡോസിന്റെ വിജയം.

മത്സരത്തിൽ വാലറ്റത്ത് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാൻ താരം സെന്റ് കിറ്റ്സിന്റെ വിൻഡീസ് ബോളർ ജോസഫ് അൽസാരിക്കെതിരെ നേടിയ തകർപ്പൻ സിക്സർ ശ്രദ്ധേയമായി. മഹേന്ദ്രസിങ് ധോണി ജനപ്രിയമാക്കിയ ഹെലികോപ്റ്റർ ഷോട്ടിനു സമാനമാണ് റാഷിദ് ഖാന്റെ ഷോട്ട്. ഹെലികോപ്ടർ ഷോട്ടിന്റെ ‘രണ്ടാം ഭാഗ’മാണ് ഇതെന്ന് വിശേഷിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരും രംഗത്തെത്തി.

മത്സരത്തിന്റെ 15–ാം ഓവറിലാണ് അൽസാരി ജോസഫിനെതിരെ റാഷിദ് ഖാൻ ഹെലികോപ്റ്റർ ഷോട്ടിന്റെ പുതിയൊരു ‘വെറൈറ്റി’ പരീക്ഷിച്ചത്. ഓവറിലെ അഞ്ചാം പന്ത് ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ജോസഫിന് പിഴച്ചു. ഹെലികോപ്റ്റർ ഷോട്ടിനെ ഓർമിപ്പിക്കുന്ന ചെറിയൊരു ഫ്ലിക്കിലൂടെ റാഷിദ് ഖാൻ പന്ത് സ്ക്വയർ ലെഗ്ഗിനു മുകളിലൂടെ ബൗണ്ടറി കടത്തി.

20 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 26 റൺസുമായി പുറത്താകെ നിന്ന റാഷിദ് ഖാന്റെ കൂടി മികവിൽ ബാർബഡോസ് നിശ്ചിത 20 ഓവറിൽ നേടിയത് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ്. കൈൽ മയേഴ്സ് (20 പന്തിൽ 37), ക്യാപ്റ്റൻ ജെയ്സൻ ഹോൾഡർ (22 പന്തിൽ 38) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.

154 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ സെന്റ് കിറ്റ്സിന് നിശ്ചിത 20 ഓവറിൽ നേടാനായത് 147 റണ്‍സ് മാത്രം. അരങ്ങേറ്റ മത്സരം കളിച്ച ജോഷ്വ ഡിസിൽവ 41 പന്തിൽ മൂന്നു ഫോറുകൾ സഹിതം 41 റൺസുമായി പുറത്താകാതെ നിന്നു. നാല് ഓവറിൽ ഒരു മെയ്ഡൻ ഓവർ സഹിതം 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത മിച്ചൽ സാന്റ്നർ, നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത റാഷിദ് ഖാൻ എന്നിവരുടെ മികവിലാണ് ബാർബഡോസ് സെന്റ് കിറ്റ്സിനെ 147 റൺസിൽ ഒതുക്കിയത്.

∙ ആദ്യ ജയം ട്രിൻബാഗോയ്ക്ക്

അതേസമയം, സീസണിലെ ആദ്യ മത്സരത്തിൽ സുനിൽ നരെയ്ന്റെ കരുത്തിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് വിജയം നേടി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗയാന ആമസോൺ വാരിയേഴ്സ് നിശ്ചിത 17 ഓവറിൽ 144 റൺസ് നേടി. 145 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ട്രിൻബാഗോ, രണ്ടു പന്തു ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. സുനിൽ നരെയ്ൻ 28 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 50 റൺസ് നേടി. ബോളിങ്ങിൽ നാല് ഓവറിൽ 19 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും നേടിയ നരെയ്നാണ് കളിയിലെ കേമൻ.

English Summary: Upgraded Helicopter Shot? Watch Rashid Khan Stuns Everyone With Outrageous Six

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com