ADVERTISEMENT

ഇസ്‍ലാമാബാദ്∙ അടുത്ത ബന്ധുവിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ജോലി നൽകിയപ്പോൾ ജാവേദ് മിയാൻദാദ് എല്ലാം മറന്നു! പാക്കിസ്ഥാൻ പ്രധാനമന്ത്രി കൂടിയായ മുൻ സഹതാരം ഇമ്രാന്‍ ഖാനെതിരെ ഉന്നയിച്ച ആരോപണങ്ങളും വിമർശനങ്ങളും ആദ്യം മറന്നു. പോരാത്തതിന് മാപ്പും പറഞ്ഞു! ഇമ്രാൻ ഖാന്റെ നേതൃത്വത്തെയും നിലപാടുകളെയും രൂക്ഷമായി വിമർശിച്ച് ദിവസങ്ങൾക്കുള്ളിലാണ് മിയാൻ‌ദാദിന്റെ മലക്കംമറിച്ചിൽ.

അദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ ഫൈസൽ ഇക്ബാ‌ലിനെ കഴിഞ്ഞ ദിവസമാണ് ആഭ്യന്തര ടീമുകളിൽ ഒന്നിന്റെ പരിശീലകനായി പിസിബി നിയമിച്ചത്. ഇതിനു പിന്നാലെയാണ് മിയാൻദാദ് നിലപാട് മാറ്റിയതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എആർഐ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാനെതിരെ നടത്തിയ പരാമർശങ്ങളിൽ മിയാൻദാദ് ഖേദം പ്രകടിപ്പിച്ചത്.

‘എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പ്രത്യേകിച്ചും പ്രധാനമന്ത്രി ഇമ്രാൻ ഖാനോട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ ടീമിന്റെ ദയനീയ പ്രകടനം കണ്ടതോടെ എനിക്ക് നിയന്ത്രണം നഷ്ടമായി. അതുകൊണ്ടാണ് കടുത്ത വിമർശനം നടത്തിയത്. ഇമ്രാൻ ഖാനോടും ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ക്രിക്കറ്റ് ആരാധകരോടും എനിക്ക് വലിയ ബഹുമാനമുണ്ട്’ – മിയാൻദാദ് കൂട്ടിച്ചേർത്തു.

∙ മിയാൻദാദിന്റെ ആരോപണങ്ങൾ

പാക്കിസ്ഥാൻ ക്രിക്കറ്റിനെ തകർക്കുന്നതു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആണെന്നായിരുന്നു ജാവേദ് മിയൻദാദിന്റെ പ്രധാന ആരോപണം. അധികം വൈകാതെ ഇമ്രാൻ ഖാനെതിരെ താൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും താൻ ആരാണെന്ന് ഇമ്രാനു കാട്ടിക്കൊടുക്കുമെന്നും മിയൻദാദ് പ്രഖ്യാപിച്ചിരുന്നു.

‘കളിക്കുന്ന കാലത്തു ഞാൻ അദ്ദേഹത്തിന്റെ ക്യാപ്റ്റനായിരുന്നുവെന്ന കാര്യം ഇമ്രാൻ ഓർക്കണം. ക്രിക്കറ്റിൽ ഇമ്രാന്റെ വഴികാട്ടി ഞാനാണ്. അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കിയതും ഞാനാണ്. രാഷ്ട്രീയത്തിലിറങ്ങിയശേഷം ശരിക്കുമുള്ള രാഷ്ട്രീയം എന്താണെന്നു ഞാൻ ജനത്തിനു കാട്ടിക്കൊടുക്കും. പാക്ക് ക്രിക്കറ്റ് ബോർഡിൽ ഇമ്രാൻ വഴിവിട്ട നിയമനങ്ങളാണു നടത്തുന്നത്. വിദേശികളെ ചുമതലയേൽപിക്കാതെ കഴിവുള്ള പാക്കിസ്ഥാൻകാരെ ക്രിക്കറ്റ് നന്നാക്കാൻ കൊണ്ടുവരികയാണു വേണ്ടത്’ – യൂട്യൂബ് വിഡിയോയിൽ മിയൻദാദ് പറഞ്ഞു.

‘പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തിരിക്കുന്ന ആർക്കും ക്രിക്കറ്റിന്റെ ‘എബിസിഡി’ അറിയില്ല. പാക്കിസ്ഥാനിലെ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് ഇമ്രാൻ ഖാനുമായി ഞാൻ വ്യക്തിപരമായി സംസാരിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ നൻമയ്ക്കായി പ്രവർത്തിക്കാത്ത ആരെയും ഞാൻ വെറുതേ വിടില്ല. പാക്ക് ബോർഡിന്റെ തലപ്പത്ത് നിങ്ങൾ വിദേശത്തുനിന്ന് ഒരാളെ (വസിം ഖാൻ) കൊണ്ടുവന്ന് പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ. അയാൾ നമുക്കുള്ളതും മോഷ്ടിച്ച് കടന്നുകളഞ്ഞാൽ എവിടെപ്പോയി പിടികൂടും? പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്ന് തലപ്പത്ത് വയ്ക്കാൻ ഇവിടെയുള്ള എല്ലാവരും മരിച്ചുപോയോ?’ – മിയാൻദാദ് ചോദിച്ചു.

‘പാക്കിസ്ഥാനിലെ ജനങ്ങൾ ഇതിനെതിരെ ഒന്നടങ്കം രംഗത്തുവരണം. ക്രിക്കറ്റ് രംഗം ഭരിക്കാൻ നമ്മുടെ രാജ്യത്ത് നല്ലൊരാളെ കിട്ടാനില്ലെങ്കിൽ തീർച്ചയായും പുറത്തുനിന്ന് കൊണ്ടുവരണം. പക്ഷേ, ഇപ്പോൾ ഇവിടെ അതല്ലല്ലോ സ്ഥിതി’ – മിയാൻദാദ് ചൂണ്ടിക്കാട്ടി.

English Summary: Javed Miandad has change of heart, apologises to Imran Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com