ഗൂഗിളിന് ആളുമാറി; കൊൽക്കത്ത ടീമിൽ ബിജെപി നേതാവ് സന്ദീപ് വാരിയർ!
Mail This Article
കോട്ടയം∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം പതിപ്പിന് തയാറെടുക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ ബിജെപി നേതാവ് സന്ദീപ് വാരിയർ! കാര്യം പിടികിട്ടാതെ അന്ധാളിച്ചിരിക്കുന്ന ആരാധകർക്ക് സംശയമുണ്ടെങ്കിൽ ഗൂഗിളിൽ kkr squad 2020 എന്ന് തിരഞ്ഞുനോക്കാം. ബോളർമാരുടെ നിരയിൽ ബിജെപി വക്താവ് കൂടിയായ സന്ദീപ് വാരിയരെ കാണാം. ഗൂഗിൾ സെർച്ചിൽ കൊൽക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാരിയരുടെ സ്ഥാനത്താണ് ആളുമാറി ബിജെപി നേതാവ് ഇടംപിടിച്ചത്.
ഇംഗ്ലിഷിൽ ഇരുവരുടെയും പേരിന്റെ സ്പെല്ലിങ് വ്യത്യസ്തമാണെങ്കിലും മലയാളത്തിൽ ഉച്ചാരണം ഒരുപോലെയാണ്. ബിജെപി നേതാവ് സന്ദീപ് വാരിയറിന്റെ മുഴുവൻ പേര് ഇംഗ്ലിഷിൽ Sandeep G. Varier എന്നാണ്. ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടേത് Sandeep S. Warrierഉം. എന്തായാലും ഗൂഗിളിന് ആളുമാറിപ്പോയതോടെയാണ് ക്രിക്കറ്റ് താരം സന്ദീപ് വാരിയരുടെ സ്ഥാനത്ത് ബിജെപി വക്താവ് ഇടംപിടിച്ചത്.
ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം സമൂഹമാധ്യമങ്ങളിലെ സ്പോർട്സ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. #selftroll എന്ന ഹാഷ്ടാഗോടെ സന്ദീപ് വാരിയർ തന്നെ ഇക്കാര്യം സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഒയിൻ മോർഗൻ, ആന്ദ്ര റസ്സൽ, ശുഭ്മാൻ ഗിൽ, ശിവം മാവി, പാറ്റ് കമിൻസ്, സുനിൽ നരെയ്ൻ തുടങ്ങിയ താരങ്ങൾക്കൊപ്പമാണ് ബിജെപി നേതാവും ‘ടീമിൽ ഇടംപിടിച്ചത്’.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിനായി ടീമംഗങ്ങൾ കഴിഞ്ഞ ദിവസമാണ് അവിടെ എത്തിയത്. ചട്ടപ്രകാരം ക്വാറന്റീനിലാണ് ടീമംഗങ്ങൾ. പ്രത്യേക വിമാനത്തിൽ ടീമംഗങ്ങൾ യുഎഇയിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങൾ കൊൽക്കത്ത ടീം കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഇക്കൂട്ടത്തിൽ ഈ സീസണിൽ തമിഴ്നാട് ടീമിലേക്ക് മാറിയ മലയാളി താരം സന്ദീപ് വാരിയരുമുണ്ട്. ഇദ്ദേഹത്തിന്റെ ചിത്രത്തിന്റെ സ്ഥാനത്താണ് ബിജെപി നേതാവ് ഇടംപിടിച്ചത്. അടുത്ത മാസം 19 മുതൽ നവംബർ 10 വരെയാണ് ഐപിഎൽ അരങ്ങേറുന്നത്.
English Summary: Google places BJP leader Sandeep G. Varier in KKR squad instead of cricketer Sandeep Warrier