ഔട്ടിൽ ദേഷ്യം; അൽപം മാറിയാൽ ബാറ്റ് പോളിന്റെ മുഖത്ത്; ആസിഫ് അലിക്കെതിരെ നടപടി
Mail This Article
പോർട്ട് ഓഫ് സ്പെയിൻ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ആസിഫ് അലിക്കു നേരെ അച്ചടക്കലംഘനത്തിന് നടപടിയെന്ന് സൂചന. ചൊവ്വാഴ്ച ട്രിനിഡാഡിലെ പോർട്ട് സ്പെയിനിൽ അരങ്ങേറിയ കരീബിയൻ പ്രീമിയൽ ലീഗ് മത്സരത്തിനിടെ ആസിഫ് അലി എതിർ ടീം ബൗളർക്കു നേരെ ബാറ്റു വീശിയ പ്രവർത്തിയാണ് ഇത്തരത്തിൽ ഒരു നടപടിയിലേക്ക് നീങ്ങാൻ കാരണം. ജമൈക്ക തലവാസും ഗയാന ആമസോൺ വാരിയേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് വിവാദമായ സംഭവം അരങ്ങേറിയത്.
തലവാസിന്റെ നവീൻ ഉൾ ഹഖ് പുറത്തായതിനു പിന്നാലെയാണ് ആസിഫ് അലി ക്രീസിലെത്തിയത്. എന്നാൽ കൊടും ചൂടിൽ അധികനേരം ക്രീസിൽ പിടിച്ചു നിൽക്കാൻ ആസിഫിനായില്ല. ഏഴാമത്തെ ഓവറിലെ കീമോ പോൾ എറിഞ്ഞ രണ്ടാമത്തെ പന്ത് വീശിയടിച്ചെങ്കിലും അത് വാരിയേഴ്സിന്റെ ക്യാപ്റ്റൻ ക്രിസ് ഗ്രീനിന്റെ കൈകളിലേക്കാണ് എത്തിയത്.
പുറത്തായതോടെ ഡ്രസിങ് റൂമിലേക്ക് മടങ്ങാനൊരുങ്ങിയ ആസിഫ് വാരിയേഴ്‌സിന്റെ പേസ് ബോളർ കീമി പോളിന്റെ മുഖത്തേക്ക് ബാറ്റു വീശി. തലനാരിഴയ്ക്കാണ് മുഖത്ത് കൊള്ളാതെ മാറിപോയത്. ആസിഫിന്റെ പ്രകോപനപരമായ പ്രവർത്തിക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്.
ഗയാന ആമസോൺ വാരിയേഴ്സിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ജമൈക്ക തലവാസിന് 109 റണ്‍സാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ആസിഫ് അലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടതോടെ വാരിയേഴ്സ് 49–3 എന്ന നിലയിലായി. ടീം പ്രതിസന്ധിയിലായ അമർഷമാകും ആസിഫിന്റെ ഇത്തരത്തിൽ ഒരു പെരുമാറ്റത്തിലേക്കു നയിച്ചത്. അഞ്ചു വിക്കറ്റ് ബാക്കി നിൽക്കെ തലവാസ് മത്സരത്തിൽ വിജയിച്ചു.
English Summary :Asif Ali almost hits Keemo Paul with his bat after getting out; sparks controversy