‘എന്നും ധോണിയെപ്പോലാവാൻ ആഗ്രഹിച്ചു; എന്നെപ്പോലുള്ളവർക്ക് ധോണിയാണ് ഹീറോ’
Mail This Article
ദുബായ്∙ ഇന്ത്യൻ ക്രിക്കറ്റിൽ വളർന്നു വരുന്ന പുതിയ താരങ്ങളിൽ പലരുടെയും പ്രചോദനവും റോൾ മോഡലുമൊക്കെയാണ് മുൻ ക്യാപ്റ്റൽ മഹേന്ദ്ര സിങ് ധോണി. ഒരു നായകനെന്ന നിലയിൽ യുവ പ്രതിഭകളെ പിന്തുണയ്ക്കുകയും അവരുടെ കഴിവുകൾ പുറത്തെടുക്കാൻ പിന്തുണ നൽകുകയും ചെയ്ത താരമാണ് ധോണിയെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
വിരാട് കോലി, രോഹിത് ശർമ, സുരേഷ് റെയ്‌ന എന്നിവരുൾപ്പെടെ ഇന്ന് ഇന്ത്യൻ ടീമിൽ തിളങ്ങി നിൽക്കുന്ന പല പ്രതിഭകളും തങ്ങളുടെ ദുഷ്‌കരമായ സമയങ്ങളിൽ ധോണി എങ്ങനെ താങ്ങായി നിന്നെന്ന് അനുഭവം വിവിധ വേദികളിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഒരു ചെറിയ നഗരത്തിൽ ജനിച്ച തനിക്ക് ഇന്ത്യൻ ടീമിലേക്കെത്താൻ ധോണി എങ്ങനെ പ്രചോദനമായി എന്ന് വിശദീകരിക്കുകയാണ് യുവതാരം കെ.എൽ. രാഹുൽ. ഐപിഎൽ വെബ്സൈറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് രാഹുലിന്റെ പരാമർശം.
‘ഞങ്ങവെല്ലാവരും എം.എസ്. ധോണിയെപ്പോലെ ആകണമെന്ന് ആഗ്രഹിച്ചാണ് വളർന്നുവന്നത്. പ്രത്യേകിച്ച് എന്നെപ്പോലെ ഒരു ചെറു പട്ടണത്തിൽ നിന്നു വന്നയാവൾക്ക്, ധോണി തന്നെയാണ് ഹീറോ. എവിടെനിന്നു വന്നു എന്നത് ഒരു പ്രശ്നമല്ല. പരിശ്രമിച്ചാൽ മുന്നോട്ടു പോയി സ്വപ്നങ്ങൾ സ്വന്തമാക്കാനാകും. ഈ സന്ദേശമാണ് ധോണിയിൽ നിന്നു ലഭിക്കുന്നത്.
അദ്ദേഹത്തെ കുറിച്ച് പറയാൻ വാക്കുകൾ മതിയാകാതെ വരും. അദ്ദേഹത്തെ സുദീർഘമായി ഒന്നു കെട്ടിപ്പിടിച്ച് നന്ദി എന്ന് മാത്രമാണ് പറയാനുള്ളത്.’ റാഞ്ചി എന്ന ചെറു പട്ടണത്തിൽ നിന്നെത്തി ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മാറിയ ധോണി എന്ന തന്റെ ഹീറോയെക്കുറിച്ച് രാഹുൽ പറഞ്ഞു.
2014ൽ മെൽബണിൽ നടന്ന ബോക്സിങ് ഡേ ടെസ്റ്റിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കെ.എൽ. രാഹുൽ. ഐപിഎല്ലിന്റെ 13ാം സീസണിൽ കിങ്സ് ഇലവൻ പഞ്ചാബിനെ നയിക്കുന്നത് രാഹുലാണ്. പഞ്ചാബിനോട് അൽപം മയത്തൽ പെരുമാറണമെന്നും തന്റെ ആരാധനാപാത്രത്തോട് അഭ്യർഥിക്കാനും രാഹുൽ മറന്നില്ല.
English Summary : For someone like me who comes from a small town, MS Dhoni was our hero: KL Rahul