ADVERTISEMENT

കറാച്ചി ∙ വെള്ളിയാഴ്ച ഓൾഡ് ട്രാഫോഡ് സ്റ്റേഡിയത്തിലെ ട്വന്റി20 രാജ്യാന്തര മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പന്തെറിയുമ്പോൾ പാക്ക് താരം മുഹമ്മദ് ആമിറിന്റെ മനസ്സിലെന്താകും? കൃത്യം 10 വർഷം മുമ്പ് ഒത്തുകളി വിവാദത്തിൽപ്പെട്ടു തലതാഴ്‍ത്തി കളം വിടേണ്ടിവന്ന നാട്ടിലാണ് ഈ മത്സരവും. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച കളിക്കാരനാകാനുള്ള അവസരമായിരുന്നു ആമിർ അന്നു നഷ്ടപ്പെടുത്തിയത്.

കൃത്യം ഒരു പതിറ്റാണ്ട് മുമ്പ്, 2010 ഓഗസ്റ്റ് 28ന്, ഒരു ബ്രിട്ടിഷ് പത്രത്തിന്റെ സ്റ്റിങ് ഓപ്പറേഷനിൽ കുടുങ്ങിയാണ് ആമിറിന് ആവേശകരമായ കരിയർ പാതിവഴിക്കു മുന്നേ അവസാനിപ്പിക്കേണ്ടി വന്നത്. അന്നു പതിനെട്ടുകാരനായ ആമിർ, മുഹമ്മദ് ആസിഫ്, ക്യാപ്റ്റൻ സൽമാൻ ബട്ട് എന്നിവരെ ക്രിക്കറ്റിൽനിന്ന് അഞ്ച് വർഷത്തേക്ക് വിലക്കി. ജയിൽ ശിക്ഷയും അനുഭവിച്ചു. ആമിർ 2016ൽ രാജ്യാന്തര ക്രിക്കറ്റിൽ തിരിച്ചെത്തി. പക്ഷേ കരിയർ വികസിപ്പിക്കാനുള്ള സുപ്രധാന സമയം ഇതിനകം നഷ്ടമായിരുന്നു. 

നഷ്ടപ്പെട്ട അഞ്ച് വർഷത്തിന് ആമിറിനു വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് മുൻ പാക്ക് കോച്ച് മിക്കി ആർതർ പറയുന്നു. കൂടെ പ്രവർത്തിച്ചതിൽ ഏറ്റവും മികച്ചയാളാണ് ആമിർ, ഇപ്പോഴും വളരെ സ്പെഷൽ ആയ ബൗളറാണ്– ആർതർ കൂട്ടിച്ചേർത്തു. വിലക്ക് ഇല്ലായിരുന്നെങ്കിൽ ഏകദിനത്തിലും ടെസ്റ്റിലുമായി ആമിർ 250 വിക്കറ്റ് നേടുമായിരുന്നെന്നു പാക്ക് ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിഷ്യൻ മസർ അർഷാദ് പറഞ്ഞു. അഞ്ച് വർഷത്തിനിടെ 43 ടെസ്റ്റുകളും 137 ഏകദിനങ്ങളും 57 ട്വന്റി20 മത്സരങ്ങളുമാണ് ആമിറിനു നഷ്ടമായത്.

2009ൽ ശ്രീലങ്കയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുമ്പോൾ 17 വയസ്സായിരുന്നു ആമിറിന്. 10 വർഷം നീണ്ട കരിയറിൽ കളിച്ചത് 36 ടെസ്റ്റുകൾ മാത്രം. 119 വിക്കറ്റുകളും സ്വന്തമാക്കി. ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ട് ജയിലിലായ ആമിർ, 2016ൽ വീണ്ടും കളത്തിലേക്കു മടങ്ങിയെത്തി. 36 ടെസ്റ്റുകളിൽ 22 എണ്ണവും തിരിച്ചുവരവിനുശേഷം കളിച്ചതാണ്. വെസ്റ്റിൻഡീസിനെതിരെ ഒരു ഇന്നിങ്സിൽ 44 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് പിഴുതതുൾപ്പെടെ 68 വിക്കറ്റുകളും രണ്ടാം വരവിലാണു നേടിയത്.

English Summary: 'Such a pity': How Mohammad Amir paid a heavy price for fixing scandal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com