ADVERTISEMENT

മാസ്റ്റർ ബ്ലാസ്റ്ററും വൻമതിലും ചേർന്ന് തീർത്ത കൊടുങ്കാറ്റിൽ അന്ന് തകർന്നത് ന്യൂസീലൻഡ് മാത്രമായിരുന്നില്ല, നിരവധി റെക്കോഡുകൾ കൂടിയായിരുന്നു. ഇന്നും ഏതൊരു വിക്കറ്റ് കൂട്ടുകെട്ടിലും ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ടായി അത് റെക്കോഡ് പുസ്തകങ്ങളിൽ തുടരുന്നു. സൗമ്യതയുടെ സൗന്ദര്യവും പ്രതിരോധ മികവും വിസ്ഫോടന ശേഷിയും സച്ചിന്റെയും ദ്രാവിഡിന്റെയും ബാറ്റുകളിൽ ഒരുപോലെ സമ്മേളിച്ച ഇന്നിങ്സായിരുന്നു അത്.

1999 നവംബർ 8. ന്യൂസീലൻഡിന്റെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം മൽസരം. വേദി – ഹൈദരാബാദ്. ആദ്യ ഏകദിനത്തിലെ 43 റൺസ് പരാജയത്തിന്റെ ഭാരവും പേറിയാണ് ടീം ഇന്ത്യ ഹൈദരാബാദിൽ എത്തിയത്. പരമ്പരയിൽ ആധിപത്യമുറപ്പിക്കാൻ കിവീസും കച്ചകെട്ടിയിറങ്ങി. ടോസ് നേടിയ ഇന്ത്യൻ നായകൻ സച്ചിൻ തെൻഡുൽക്കർ ബാറ്റിങ് തിരഞ്ഞെടുത്തു. ടീം സ്കോർ പത്തിൽ എത്തിയപ്പോഴേക്കും നാലു റൺസ് നേടിയ സൗരവ് ഗാംഗുലി റണ്ണൗട്ടായി മടങ്ങി.

സച്ചിനു കൂട്ടായി എത്തിയത് രാഹുൽ ദ്രാവിഡ്. ക്ലാസിക് ബാറ്റിങ്ങിന്റെ സൗന്ദര്യം നിറഞ്ഞുനിന്ന മണിക്കൂറുകൾക്കാണ് മൈതാനം പിന്നീട് സാക്ഷ്യം വഹിച്ചത്. തുടക്കത്തിൽ സാഹസത്തിന് മുതിരാതെ ഇരുവരും സ്കോർ ഉയർത്തി. നിലയുറപ്പിച്ചതോടെ കൂടുതൽ വേഗത്തിൽ ഇരുവരും റൺസ് കണ്ടെത്തി. ബോളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഫലമില്ലാതായതോടെ കിവീസ് നായകൻ ക്ഷീണിതനായി.

പതിയെപ്പതിയെ സച്ചിന്റെയും ദ്രാവിഡിന്റെയും ബാറ്റുകൾ കൊടുങ്കാറ്റിനു സമാനമായി കരുത്താർജിച്ചതോടെ ന്യൂസീലൻഡ് കളിക്കാർ കാറ്റുപോയ ബലൂണുകൾ പോലെയായി. ആക്രമണവും പ്രതിരോധവുമെല്ലാം ആ ബാറ്റുകളിൽ നിറഞ്ഞുതുളുമ്പി. ആദ്യ ഏകദിനത്തിൽ തന്റെ ബോളർമാരെ അടിച്ചു വശംകെടുത്തിയ കിവീസിന് സച്ചിന്റെ നേതൃത്വത്തിൽ ഇന്ത്യ മറുപടി നൽകുകയായിരുന്നു. ബാറ്റ്സ്മാൻമാർ ആക്രമണം കടുപ്പിച്ചതോടെ കിവീസിനു തൊട്ടതെല്ലാം പിഴച്ചു. ബോളർമാർ ലൈനും ലെങ്തും പാലിക്കാൻ ബുദ്ധിമുട്ടി. ഫീൽഡിലെ വിടവുകൾ ഉന്നമിട്ട് സച്ചിൻ – ദ്രാവിഡ് ദ്വയം പന്ത് പായിച്ചു. ബോളിങ് ആക്ഷൻ പൂർത്തിയാകും മുൻപേ പല പന്തുകളും ബൗണ്ടറി തൊട്ടു. നിരാശരായ കിവീസ് ബോളർമാരിൽ നിന്ന് ഫുൾടോസുകളും നോബോളുകളും വൈഡുകളും യഥേഷ്ടം പിറന്നു.

വൈകാതെ ഏകദിനത്തിൽ സച്ചിന്റെ 24–ാമത്തെയും ദ്രാവിഡിന്റെ ഏഴാമത്തെയും സെഞ്ചുറികൾ പിറന്നു. സെഞ്ചുറി കടന്നതോടെ ഇരുവരും കൂടുതൽ ആക്രമണകാരികളായി. പലപ്പോഴും സച്ചിനെയും മറികടന്ന് ദ്രാവിഡ് അതിവേഗത്തിൽ സ്കോർ ചലിപ്പിച്ചു. കളിയുടെ അവസാന നിമിഷങ്ങളിലാണ് ദ്രാവിഡ് പുറത്തായത്. 48–ാം ഓവറിലെ അവസാന ബോളിൽ കെയ്സിനെ അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ഫ്ലെമിങ്ങിന് ക്യാച്ച്. 

അവസാന 10 ഓവറിൽ 133 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇതിൽ 74 റൺസ് അവസാന അഞ്ച് ഓവറുകളിലാണ് പിറന്നത്. ഇതിൽ മിക്ക ഓവറുകളിലും സച്ചിന്റെ വക രണ്ടിൽ കൂടുതൽ‌ ഫോറുകൾ ഉണ്ടായിരുന്നു. 50 ഓവർ അവസാനിച്ചപ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 376 റൺസ് നേടി. 150 പന്തിൽ 20 ഫോറും മൂന്നു സിക്സും ഉൾപ്പെടെ 186 റൺസാണ് സച്ചിൻ നേടിയത്. സ്ട്രൈക് റേറ്റ്: 124. 153 പന്തിൽ 15 ഫോറും രണ്ടു സിക്സും ഉൾപ്പെടെ ദ്രാവിഡ് 153 റൺസ് നേടി.

ബാറ്റിങ് തുടങ്ങും മുമ്പേ കിവീസിന്റെ വിധി വ്യക്തമായിരുന്നു. ആദം പരോർ (38 പന്തിൽ 39), റോജർ ട്വോസ് (25 പന്തിൽ 28), സ്കോട്ട് സ്റ്റൈറിസ് (52 പന്തിൽ 43) എന്നിവർ മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയുടെ കൂറ്റൻ സ്കോറിനു മുന്നിൽ പൊരുതാൻ പോലുമാകാതെ മറ്റുള്ളവർ മടങ്ങി. 33.1 ഓവറിൽ 202 റൺസിന് കിവീസ് ഓൾഔട്ടായി. ഇന്ത്യയ്ക്ക് 174 റൺസ് ജയം. വെങ്കിടേഷ് പ്രസാദ്, അനിൽ കുംബ്ലെ എന്നിവർ രണ്ടു വിക്കറ്റ് വീതവും ശ്രീനാഥ്, നിഖിൽ ചോപ്ര, വിജയ് ഭരദ്വാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സച്ചിൻ കളിയിലെ കേമനായി. 

∙ റൺമഴ, റെക്കോഡുകളുടെ പെരുമഴ

അക്കാലത്തെ ഒരുപിടി റെക്കോ‍ഡുകൾ പിറന്ന മൽസരം കൂടിയായി അത്.

∙ സച്ചിൻ – ദ്രാവിഡ് ദ്വയം അടിച്ചുകൂട്ടിയ 331 റൺസ് കൂട്ടുകെട്ട് അക്കാലത്തെ ലോക റെക്കോർഡായി. 1999 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഗാംഗുലിയും ദ്രാവിഡും ചേർന്നു നേടിയ 318 റൺസിന്റെ റെക്കോഡാണ് സച്ചിൻ – ദ്രാവിഡ് ദ്വയം മറികടന്നത്. 2015ൽ ഗെയ്ൽ – സാമുവൽസ് സഖ്യമാണ് ഈ റെക്കോർഡ് തകർത്തത്. ഇപ്പോഴും ഏതൊരു വിക്കറ്റ് കൂട്ടുകെട്ടിലുമായി ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് ഇതുതന്നെ. ഏതാനും മാസങ്ങളുടെ വ്യത്യാസത്തിൽ രണ്ടു റെക്കോർഡ് കൂട്ടുകെട്ടിലും പങ്കാളിയായ ദ്രാവിഡിന് അതൊരു അപൂർവ നേട്ടം കൂടിയായി.

∙ അക്കാലത്ത് ഏകദിനത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോർ ആയിരുന്നു അത്.

∙ ഇന്ത്യ നേടിയ 376 റൺസ് അക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന സ്കോർ ആയിരുന്നു. 1999 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ ആറു വിക്കറ്റിന് 373 റൺസായിരുന്നു ഇന്ത്യയുടെ അതുവരെയുള്ള ഉയർന്ന സ്കോർ.

∙ ഇന്ത്യ നേടിയ 376 റൺസ് അക്കാലത്ത് കിവീസിനെതിരെയുമുള്ള മികച്ച സ്കോറായി.

∙ അന്ന് ഏകദിനത്തിലെ ഉയർന്ന നാലാമത്തെ സ്കോറായിരുന്നു സച്ചിൻ നേടിയ 186 റൺസ്. പാക്കിസ്ഥാന്റെ സഈദ് അൻവർ (194), വെസ്റ്റിൻഡീസിന്റെ വിവിയൻ റിച്ചാർഡ്സ് (189), ദക്ഷിണാഫ്രിക്കയുടെ ഗാരി കിർസ്റ്റൺ (188) എന്നിവരായിരുന്നു ആദ്യ മൂന്നു സ്ഥാനക്കാർ.

∙ സച്ചിൻ പുറത്താകാതെ നേടിയ 186 റൺസ് ഏകദിനത്തിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ ഉയർന്ന സ്കോറായിരുന്നു. ശ്രീലങ്കയ്ക്കെതിരെ ഗാംഗുലി നേടിയ 183 റൺസാണ് സച്ചിൻ മറികടന്നത്.

∙ അന്ന് ഏകദിനത്തിൽ സച്ചിന്റെ ഉയർന്ന സ്കോറുമായി അത്. 1998 ൽ ഷാർജയിൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 143 റൺസായിരുന്നു സച്ചിന്റെ അതുവരെയുള്ള ഉയർന്ന സ്കോർ. പിന്നീട് ഏകദിനത്തിൽ സച്ചിൻ ആദ്യ ഇരട്ടസെഞ്ചുറി നേടുന്നതും നാം കണ്ടു.

English Summary: Sachin Tendulkar - Rahul Dravid Record Partnership Vs New Zealand in Hyderebad ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com