കരീബിയൻ ലീഗിൽ കരുത്തുകാട്ടി ഇന്ത്യയുടെ 48കാരൻ; ഉജ്വല ബോളിങ്, ഫീൽഡിങ്!
Mail This Article
ടറൂബ (ട്രിനിഡാഡ്)∙ കരീബിയൻ പ്രീമിയർ ലീഗിൽ (സിപിഎൽ) കളിക്കാൻ ഇന്ത്യൻ താരങ്ങൾക്ക് അനുമതി ഇല്ലെങ്കിലെന്ത്, 48–ാം വയസ്സിൽ കരീബിയൻ മണ്ണിൽ ആവേശ പ്രകടനവുമായി കയ്യടി നേടുകയാണ് ഒരു ‘മധ്യവയസ്കൻ’. താരത്തിന്റെ പേര് പ്രവീൺ താംബെ. ബുധനാഴ്ച കരീബിയൻ ലീഗിൽ നടന്ന ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് – സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സ് മത്സരത്തിലെ ഹീറോ ആരെന്നു ചോദിച്ചാൽ അതിലൊരാൾ തീർച്ചയായും താംബെ തന്നെ. ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് അനായാസ ജയം സ്വന്തമാക്കിയ മത്സരത്തിൽ ബോളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ തിളങ്ങി, ഈ താരം. ഈ മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയുടെ താരം കൂടിയാണ് അടുത്ത മാസം 49 വയസ്സ് പൂർത്തിയാകുന്ന താംബെ!
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത നൈറ്റ് റൈഡേഴ്സ് നേടിയത് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 174 റൺസ്. കരുത്തായത് വെറും 63 പന്തിൽ ഏഴു ഫോറും ആറു സിക്സും സഹിതം 96 റൺസ് നേടിയ വിൻഡീസ് താരം ലെൻഡ്ൽ സിമ്മൺസിന്റെ മാസ്മരിക ഇന്നിങ്സ്! സെഞ്ചുറിക്ക് തൊട്ടരികെ നിൽക്കെ അവസാന ഓവറിലെ രണ്ടാം പന്തിലാണ് സിമ്മൺസ് മടങ്ങിയത്. സിമ്മൺസിനെ കൂടാതെ നൈറ്റ് റൈഡേഴ്സ് നിരയിൽ രണ്ടക്കം കടന്ന ഒരേയൊരു താരം ഡാരൻ ബ്രാവോയാണ്. നേടിയത് 36 പന്തിൽ 36 റൺസ്. ഇരുവരുമൊത്തുള്ള കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയത് 130 റൺസ്! അതും വെറും 87 പന്തിൽ.
സെന്റ് കിറ്റ്സ് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയതോടെയാണ് 48കാരനായ ഇന്ത്യൻ താരം കരുത്തു കാട്ടിയത്. നൈറ്റ് റൈഡേഴ്സ് നിരയിലെ പ്രധാന സ്പിന്നർമാരിൽ ഒരാളായി രംഗത്തെത്തിയ താംബെയാണ് ബോളിങ്ങിൽ ഏറ്റവുമധികം തിളങ്ങിയത്. എവിൻ ലൂയിസും ക്രിസ് ലിന്നും ദിനേഷ് രാംദിനും ഉള്‍പ്പെടുന്ന ബാറ്റിങ് നിരയ്‌ക്കെതിരെ നാല് ഓവറിൽ ആകെ വഴങ്ങിയത് 12 റൺസ്. ഇതിൽ ഒരു ഓവർ മെയ്ഡനായി. മാത്രമല്ല, ജോഷ്വ ഡസിൽവയുടെ വിക്കറ്റും താംബെ പോക്കറ്റിലാക്കി. അതും സ്വന്തം ബോളിങ്ങിൽ ക്യാച്ചെടുത്ത്. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് മാത്രമെടുത്ത സെന്റ് കിറ്റ്സ് 59 റൺസിന്റെ കൂറ്റൻ തോൽവിയും വഴങ്ങി.
താംബെയുടെ മാന്ത്രിക പ്രകടനം അതുകൊണ്ടും തീരുന്നില്ല. സെറ്റ് കിറ്റ്സ് ഓപ്പണർ എവിൻ ലൂയിസിനെ പുറത്താക്കാൻ താംബെ എടുത്ത ക്യാച്ചും ശ്രദ്ധേയമായി. ഖാരി പിയറിയുടെ പന്തിൽ പോയിന്റിൽ ലൂയിസിനെ പുറത്താക്കാൻ താംബെ എടുത്ത ക്യാച്ച് ഇരുപതുകാരനെ വെല്ലുന്നത്! താംബെയുടെ ക്യാച്ചിന്റെ വിഡിയോ സഹിതം കരിബീയൻ പ്രീമിയർ ലീഗിന്റെ ഔദ്യോഗിക പേജിൽ ഇത് പോസ്റ്റും ചെയ്തിട്ടുണ്ട്. ട്വന്റി20 ലീഗുകളിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡ് ഇപ്പോൾ താംബെയുടെ പേരിലാണ്.
∙ അങ്കിൾ താംബെ !
അറുപത് വയസ്സാകുമ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരിക്കും? മുംബൈക്കാരൻ പ്രവീൺ താംബെയോടു ചോദിച്ചാൽ ‘ഞാൻ അന്നും ക്രിക്കറ്റ് കളിക്കുന്നുണ്ടാകും’ എന്നായിരിക്കും മറുപടി. നാൽപത്തിയെട്ടുകാരനായ പ്രവീൺ താംബെയാണ് ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ താരം. 2013ൽ രാജസ്ഥാൻ റോയൽസ് നിരയിൽ കളിച്ചാണ് താംബെയുടെ ഐപിഎൽ അരങ്ങേറ്റം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന റെക്കോർഡും താംബെ നേടിയിരുന്നു. വലംകൈ ലെഗ്സ്പിന്നറാണ് താംബെ.
നാൽപത്തൊന്നാം വയസ്സിൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച താംബെ, അന്ന് വിക്കറ്റുകൾകൊണ്ട് മായാജാലം തന്നെ തീർത്തു. 13 മൽസരങ്ങൾ കളിച്ച 2014 ആയിരുന്നു താംബെയുടെ വർഷം. 15 വിക്കറ്റുകളാണ് നേടിയത്. രാജസ്ഥാൻ റോയൽസ് താരമായിരുന്ന താംബെ, കൊൽക്കത്തയ്ക്കെതിരെ നേടിയ ഹാട്രിക് കായിക പ്രേമികളുടെ മനസ്സിൽ ഇടംനൽകുന്നതായിരുന്നു. 171 റൺസ് ചേസ് ചെയ്യാനിറങ്ങിയ കൊൽക്കത്ത ഓപ്പണിങ് വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയിട്ടും താംബെയ്ക്കു മുന്നിൽ തകർന്നു വീഴുകയായിരുന്നു.
English Summary: Pravin Tambe turns up with age-defying fielding show against St Kitts and Nevis Patriots