ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13–ാം സീസണിനായി യുഎഇയിലെത്തി ആറു ദിവസം ക്വാറന്റീനിലും കഴിഞ്ഞശേഷം അപ്രതീക്ഷിതമായി നാട്ടിലേക്ക് മടങ്ങിയ സുരേഷ് റെയ്ന ഇന്ത്യൻ ക്രിക്കറ്റ് വൃത്തങ്ങളിൽ ഉയർത്തിയ ചർച്ച ഇനിയും അവസാനിച്ചിട്ടില്ല. റെയ്നയുടെ മടക്കവുമായി ബന്ധപ്പെട്ട് പലവിധ അഭ്യൂഹങ്ങളും പ്രചരിച്ചു. ഉറ്റ ബന്ധുവിന്റെ കുടുംബത്തിനെതിരെ നടന്ന ആക്രമണവും ചെന്നൈ സൂപ്പർ കിങ്സുമായുള്ള അസ്വാരസ്യങ്ങളുമെല്ലാം കാരണമായി ഉയർന്നുവന്നു. ഇതിനിടെ വിവാദങ്ങളിൽനിന്നെല്ലാം മാറിനിന്ന്, ഇതുവരെ നടന്നുതീർത്ത കനൽവഴികളെ ഓർത്തെടുക്കുകയാണ് റെയ്ന. ഒരു അഭിമുഖത്തിലാണ് തന്റെ ഇതുവരെയുള്ള ജീവിതത്തെക്കുറിച്ച് റെയ്ന തുറന്നുപറഞ്ഞത്.

ഇനിയൊരു ചോദ്യം. ജന്മംകൊണ്ട് കശ്മീരിയാണ് സുരേഷ് റെയ്നയെന്ന് എത്ര പേർക്കറിയാം? 1990കളിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതോടെ ജീവനുംകൊണ്ട് നാടുവിട്ട കുടുംബത്തിലെ അംഗമാണ് അദ്ദേഹം. വെടിക്കോപ്പുകൾ നിർമിക്കുന്ന ഫാക്ടറിയിലായിരുന്നു റെയ്നയുടെ പിതാവും സൈനികനുമായിരുന്ന ത്രിലോക്ചന്ദ് റെയ്നയ്ക്കു ജോലി. സുരേഷിന്റെ കുട്ടിക്കാലത്തു പിതാവിന് ശമ്പളമായി ലഭിച്ചിരുന്നത് മാസം പതിനായിരം രൂപ. സുരേഷ് റെയ്നയുടെ ക്രിക്കറ്റ് സ്വപ്നങ്ങളുടെ ചിറകുകൾക്ക് ബലം നൽകാൻ പിതാവിന്റെ ഈ ശമ്പളം തികയുമായിരുന്നില്ല.

എങ്കിലും വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെ സുരേഷ് ഇന്ത്യൻ ടീം വരെയെത്തി. കഠിനാധ്വാനത്തിനൊപ്പം ഉറച്ച തീരുമാനങ്ങളും ഭാഗ്യവും ചേർന്നതോടെ റെയ്നയ്ക്ക് ക്രിക്കറ്റിൽ പിന്നോട്ടുപോക്കില്ലാത്ത വർഷങ്ങളാണു കടന്നുപോയത്. രാജ്യാന്തര ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്കെത്താൻ പിന്നിട്ട വഴികളിലെ കനലനുഭവങ്ങൾ ഓർത്തെടുക്കുകയാണ്

ഒരുപാട് വിജയങ്ങൾക്കൊടുവിൽ അയാളിതാ ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കുകയും ചെയ്തു. ക്രിക്കറ്റിൽ റെയ്ന സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങിയ കാലത്ത് ഡൽഹിയിലെ സ്പോർട്സ് അക്കാദമികളിലെ ഫീസ് 5000 മുതൽ 8000 രൂപ വരെയായിരുന്നു. എട്ടംഗ റെയ്ന കുടുംബത്തിന് ഇതു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. എന്നാൽ ലക്നൗവിലെ ഗുരു ഗോബിന്ദ് സിങ് സ്പോർട്സ് കോളജിലെത്തിയതോടെ റെയ്നയുടെ തലവര മാറി. പിന്നീടു സംഭവിച്ചത് ചരിത്രം. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റെയ്ന ക്രിക്കറ്റിലെ അനുഭവങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസ്സു തുറന്നത്.

suresh-raina-1

‘പിതാവ് സൈന്യത്തിലായിരുന്നു. എന്റെ മൂത്ത സഹോദരനും സൈന്യത്തിലാണ്. ഫാക്ടറിയിൽ വെടിക്കോപ്പുകളുണ്ടാക്കുന്നതായിരുന്നു പിതാവിന്റെ ജോലി. അതിൽ അദ്ദേഹം വിദഗ്ധനായിരുന്നു’– അഭിമുഖത്തിൽ റെയ്ന പറഞ്ഞു. 1990കളിൽ കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങൾ കടുത്തതോടെയാണ് ത്രിലോക്ചന്ദ് റെയ്ന കുടുംബത്തോടൊപ്പം കശ്മീരിലെ റെയ്നാവാരി വിട്ടത്. കുടുംബത്തിന്റെ സുരക്ഷയെക്കരുതിയായിരുന്നു ഇത്. ഉത്തർപ്രദേശിലെ മുറാദ്നഗറിലെത്തിയിട്ടും റെയ്ന കുടുംബത്തിനു ജീവിതം എളുപ്പമായിരുന്നില്ല.

ജീവിതം എന്നതു മറ്റുള്ളവർക്കു വേണ്ടിയാകണമെന്നതാണു പിതാവിന്റെ രീതിയെന്നു സുരേഷ് റെയ്ന പറഞ്ഞു. അങ്ങനെയല്ലാത്തതു ജീവിതമല്ല. ഞാൻ ക്രിക്കറ്റിൽ സജീവമാകുമ്പോൾ ഞങ്ങൾക്കു പണം ഉണ്ടായിരുന്നില്ല. അച്ഛന് പതിനായിരം രൂപയാണ് ആകെ ലഭിച്ചിരുന്നത്. കുടുംബത്തിൽ ഞാനുള്‍പ്പെടെ അഞ്ച് ആൺമക്കളും ഒരു സഹോദരിയും ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഗുരു ഗോബിന്ദ് സിങ് സ്പോർട്സ് കോളജിൽ 1998ൽ ട്രയൽസിനു പോകുന്നത്. ഒരു വർഷത്തേക്ക് 5000 രൂപയായിരുന്നു ഫീസ്. ഇത്രയും തുക തരാന്‍ സാധിക്കില്ലെന്ന് പിതാവ് എന്നോടു പറഞ്ഞു.

കളിക്കാനും പഠിക്കാനും സമ്മതിച്ചാൽ മതിയെന്നും മറ്റൊന്നും ആവശ്യമില്ലെന്നും ഞാൻ അച്ഛനെ അറിയിച്ചു. ചില കാര്യങ്ങൾ ഓർക്കാൻ പോലും അച്ഛന് ഇഷ്ടമല്ല. കശ്മീരി ബ്രാഹ്മണർക്ക് സംഭവിച്ച കാര്യങ്ങൾ അദ്ദേഹം ഓർക്കാറില്ല. കുടുംബത്തിന് സുരക്ഷ വേണമെന്നു തോന്നിയതിനാലാണ് അദ്ദേഹം കശ്മീർ വിട്ടത്. പിതാവിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇത്– റെയ്ന വ്യക്തമാക്കി. പലപ്പോഴും കശ്മീരിലേക്കു പോകേണ്ടിവന്നപ്പോൾ ഞാൻ കുടുംബത്തോടു പറഞ്ഞിരുന്നില്ല.

നിയന്ത്രണ രേഖയിലേക്കു രണ്ടുമൂന്നു തവണ പോയിട്ടുണ്ട്. സൈന്യത്തിന്റെ കമാൻഡോകൾ സുഹൃത്തുക്കളായിട്ടുണ്ട്. മഹി ഭായ്ക്കൊപ്പം (ധോണി) കശ്മീരിൽ പോയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പിതാവിനെ അറിയിച്ചിരുന്നില്ല. കശ്മീരിൽ സംഭവിച്ചത് പിതാവിന്റെ മനസ്സിലെത്തുമോയെന്നു ഞാൻ ഭയപ്പെട്ടിരുന്നു. എനിക്കും കശ്മീരിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് അദ്ദേഹം ഭയന്നു– റെയ്ന അഭിമുഖത്തിൽ പറഞ്ഞു. 

വളരെ മികച്ചൊരു ക്യാപ്റ്റനും നല്ല സുഹൃത്തുമാണു ധോണി. അദ്ദേഹം ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ ക്യാപ്റ്റനും നല്ലൊരു മനുഷ്യനുമാണ്. അതിനു കാരണം അദ്ദേഹത്തിന്റെ എളിമയാണ്. ധോണിയുടെ കൂടെ ഏറെ ദിവസങ്ങൾ ചെലവഴിച്ചിട്ടുണ്ട്. യാത്രകൾ ചെയ്തിട്ടുണ്ട്. കളിക്കുമ്പോൾ തന്റെ ടീമിനോട് എപ്പോഴും നീതിപൂര്‍വം പെരുമാറാൻ ധോണി ശ്രദ്ധിച്ചു. അത് മത്സരഫലങ്ങളിലും കാണാം. രാജ്യത്തിനായി കളിക്കുമ്പോൾ കൂടെയുള്ള പത്ത് താരങ്ങളെയും അദ്ദേഹം മുന്നിൽനിർത്തും, ധോണി പിന്നിൽ നിൽക്കും. നിസ്വാർത്ഥനായ താരമാണ് ധോണി. പണത്തിലും പ്രശസ്തിയിലും താരങ്ങളുടെ ശ്രദ്ധ തെറ്റരുത‌െന്നു ധോണി ഉറപ്പുവരുത്തിയിരുന്നു– റെയ്ന പറഞ്ഞു.

English Summary: Suresh Raina Cricket Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com