താഹിർ (41), ഗെയ്ൽ (40), വാട്സൻ, ധോണി (39); പ്രായം തളർത്താത്ത (ഐപിഎൽ) വീര്യം!
Mail This Article
പ്രായത്തെ വെല്ലുവിളിക്കുന്ന പ്രകടനവുമായി ഐപിഎല്ലിൽ നിറയാൻ ഇക്കുറിയും ഒട്ടേറെ താരങ്ങളുണ്ട്. ഈ സീസണിലെ ഏറ്റവും പ്രായംകൂടിയ 5 കളിക്കാർ ഇവരാണ്...
∙ ഇമ്രാൻ താഹിർ (വയസ്സ്: 41)
ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞക്കുപ്പായത്തിൽ ഈ ദക്ഷിണാഫ്രിക്കൻ ലെഗ് സ്പിന്നർ ഇത്തവണയുമുണ്ട്. ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ താരം. കഴിഞ്ഞ സീസണിൽ 26 വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ് സ്വന്തമാക്കി. ഇതുവരെ 55 ഐപിഎൽ മത്സരങ്ങളിൽനിന്നായി 79 വിക്കറ്റുകൾ.
∙ ക്രിസ് ഗെയ്‌ൽ (വയസ്സ്: 40)
ഐപിഎൽ തുടങ്ങി 3–ാം ദിവസം (21ന്) ഗെയ്‍ൽ 41–ാം പിറന്നാൾ ആഘോഷിക്കും. ബോളർമാരുടെ പേടി സ്വപ്നമായ വെസ്റ്റിൻഡീസ് താരം ഇതുവരെ 124 ഐപിഎൽ മത്സരങ്ങളിൽനിന്നു നേടിയത് 4484 റൺസ്. സ്ട്രൈക് റേറ്റ്: 151.03! കൊൽക്കത്തയും ബാംഗ്ലൂരും പിന്നിട്ട് ഇപ്പോൾ കിങ്സ് ഇലവൻ പഞ്ചാബിനൊപ്പമാണ് ഈ വമ്പനടിക്കാരൻ. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറിയും (6) ഏറ്റവും കൂടുതൽ സിക്സറും (326) നേടിയ ഗെയ്‍ൽ ഇക്കുറിയും വെടിക്കെട്ടിനു തിരി കൊളുത്തുമോ?
∙ ഷെയ്‌ൻ വാട്സൻ (വയസ്സ്: 39)
നാലു കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഈ ഓസ്ട്രേലിയൻ ഓൾറൗണ്ടറിൽനിന്നു ചെന്നൈ സൂപ്പർ കിങ്സ് ഏറെ പ്രതീക്ഷിക്കുന്നു. 8 വർഷം രാജസ്ഥാനിലും പിന്നീട് ഒരു സീസണിൽ ബാംഗ്ലൂരിലും നിന്നശേഷം കഴിഞ്ഞ 3 വർഷമായി വാട്സൻ ചെന്നൈയുടെ വിശ്വസ്തനാണ്. ഐപിഎല്ലിൽ ഇതുവരെ 134 മത്സരങ്ങൾ കളിച്ചു, 3575 റൺസടിച്ചു. 92 വിക്കറ്റുമെടുത്തു. 2018ലെ ഫൈനലിൽ ഹൈദരാബാദിനെതിരെ 117 റൺസെടുത്തു (നോട്ടൗട്ട്) ചെന്നൈയെ വിജയത്തിലെത്തിച്ചത് ആരാധകർ മറക്കാത്ത പ്രകടനം.
∙ എം.എസ്.ധോണി (വയസ്സ്: 39)
ഐപിഎൽ ചരിത്രത്തിൽ പകരം വയ്ക്കാനാളില്ലാത്ത താരം. 174 മത്സരങ്ങളിൽ ചെന്നൈയെ നയിച്ച ക്യാപ്റ്റൻ. 3 കിരീടങ്ങൾ. ആരാധകരുടെ പ്രിയപ്പെട്ട ‘തല’. 15 കോടി രൂപ വിലമതിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ തന്ത്രങ്ങളിലാണ് ഇക്കുറിയും ചെന്നൈയുടെ ഭാവി. 190 മത്സരങ്ങളിൽനിന്ന് ഇതുവരെ നേടിയത് 4432 റൺസ്. സ്ട്രൈക് റേറ്റ്: 137.80.
∙ ഡെയ്‌ൽ സ്റ്റെയ്ൻ (വയസ്സ്: 37)
കഴിഞ്ഞ സീസണിൽ 2 കളിയിൽ 4 വിക്കറ്റെടുത്തശേഷം പരുക്കുമൂലം പിൻമാറേണ്ടിവന്ന സ്റ്റെയ്ൻ ഇത്തവണയും ബാംഗ്ലൂർ നിരയുടെ പ്രതീക്ഷയാണ്. ഇതുവരെ 92 മത്സരങ്ങളിൽ 96 വിക്കറ്റാണ് ഈ ദക്ഷിണാഫ്രിക്കൻ പേസറുടെ സമ്പാദ്യം. ഈ പ്രായത്തിലും മണിക്കൂറിൽ 140 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്തെറിയാൻ സ്റ്റെയ്നു കഴിവുണ്ട്.
English Summary: Oldest players in IPL 2020