വിക്കറ്റിന് അനുസരിച്ച് തൂക്കം കൂടും അദ്ഭുത മാല; ആർച്ചർക്ക് ആരീ മാല കെട്ടി?
Mail This Article
എത്രയുണ്ടാകും? – ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറെ കണ്ടാൽ ആരും ഇങ്ങനെയൊരു ചോദ്യമെറിഞ്ഞേക്കും. രാജസ്ഥാൻ റോയൽസ് താരത്തിന്റെ തീ പാറുന്ന പന്തുകളുടെ വേഗത്തെക്കുറിച്ചാണു ചോദ്യമെന്നു കരുതിയെങ്കിൽ തെറ്റി. ജോഫ്രയുടെ കഴുത്തിലെ തിളങ്ങുന്ന ആ മാലയാണു താരം. ആദ്യമത്സരത്തിൽ ബാറ്റും ബോളും കൊണ്ടു ചെന്നൈയെ വിറപ്പിച്ച താരത്തിന്റെ ഇരട്ട മടക്കുള്ള മാലയിൽ കണ്ണുടക്കാത്തവർ കാണില്ല.
വലിപ്പം കണ്ടു സംശയിക്കേണ്ട. സംഗതി സ്വർണം തന്നെ. തൂക്കം എത്രയെന്നു ഇതേവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും താരത്തിന്റെ മാലയിലെ കണ്ണികൾ ഇനിയും കൂടുമെന്നു വ്യക്തം. കാരണം ഇംഗ്ലണ്ടിലെ ജ്വല്ലറി ഗ്രൂപ്പായ പ്രാഗ്‌നെലിന്റെ അംബാസിഡറാണു ജോഫ്ര. ജോഫ്രയുടെ വിക്കറ്റ് നേട്ടങ്ങൾ വജ്രവും മാണിക്യവുമെല്ലാം പതിച്ച ആഭരണങ്ങളിൽ വിളക്കി ചേർക്കാൻ ഇഷ്ടപ്പെടുന്നവരാണു പ്രാഗ്‌നെൽ. ആഷസ് പരമ്പരയിൽ ആർച്ചർ നേടുന്ന ഓരോ വിക്കറ്റിനും ഓരോ മാണിക്യം വീതം പതിച്ച മാലയായിരുന്നു അവരുടെ വാഗ്ദാനം. ആഷസിൽ താരം 22 വിക്കറ്റുകളെടുത്തതിനു പിന്നാലെ മാല കൈമാറുകയും ചെയ്തു.
തൂക്കം പോലെ വിലയുടെ കാര്യത്തിലും ആർച്ചറിന്റെ മാല പിടിതന്നിട്ടില്ല. സവിശേഷ ആഭരണ നിർമാതാക്കളായ പ്രാഗ്‌നെൽ തങ്ങളുടെ ഏറ്റവും മുന്തിയ ഇനംതന്നെ സൂപ്പർ താരത്തിനു സമ്മാനിച്ചിട്ടുണ്ടെന്നാണു സൂചനകൾ. അങ്ങനെയെങ്കിൽ ചെറുതൊന്നുമാകില്ല അതിന്റെ മൂല്യം. പ്രാഗ്‌നെലിന്റെ ഏറ്റവും വിലയേറിയ സ്റ്റാൻഡേഡ് നെക്ലേസിന് ആകും 99,750 പൗണ്ട് (ഏകദേശം 93.5 ലക്ഷം രൂപ) !
വെസ്റ്റിൻഡീസ് ബന്ധം തന്നെയാണു ആർച്ചറിന്റെയും ആഭരണഭ്രമത്തിനു പിന്നിലെ രഹസ്യം. ആരും ഒന്നുനോക്കുന്ന വലിപ്പത്തിലുള്ള മാലകൾ അണിയുന്ന ഗെയ്‌ലിനും റസ്സലിനും നരെയ്നുമെല്ലാം പിൻഗാമിയായാണു ബാർബഡോസിൽ ജനിച്ചുവളർന്ന ആർച്ചറിന്റെ വരവ്. മാലയിൽ മാത്രമല്ല, വലിയ ഡയലുള്ള വാച്ചുകളിലും ആർച്ചർ കാത്തുസൂക്ഷിക്കുന്നുണ്ട് ആ വിൻഡീസ് സ്റ്റൈൽ.
ഏകദിന ലോകകപ്പിനു പിന്നാലെ യാദൃച്ഛികമായാണ് ആർച്ചർ ‘സിഗ്‌നേച്ചർ’ ആഭരണങ്ങൾക്കു പേരുകേട്ട ജ്വല്ലറിയുമായി കരാറിലെത്തിയത്. ലോകകപ്പ് ഫൈനലിൽ സൂപ്പർ ഓവർ എറിഞ്ഞ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചതു സവിശേഷമായൊരു മാല സ്വന്തമാക്കി ആഘോഷിക്കാനായിട്ടാണു താരം ജ്വല്ലറിയിലെത്തിയത്. ഇംഗ്ലിഷ് ക്രിക്കറ്റിനെ ഉയരങ്ങളിലെത്തിച്ച ആർച്ചറെ അവർ സ്വീകരിച്ചതാകട്ടെ അംബാസിഡർ ആകാനുള്ള ക്ഷണം നൽകിയും. താരം അതു സ്വീകരിച്ചു. ക്രിക്കറ്റിനപ്പുറം യാദൃച്ഛികമെന്നു പറയാവുന്നൊരു കണ്ണി കൂടി ഈ ബന്ധത്തിനു പിന്നിലുണ്ട്. ജോഫ്രയെപ്പോലെ, പ്രാഗ്‌നെൽ കുടുംബത്തിന്റെ വേരുകളും ബാർബഡോസിന്റെ മണ്ണിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്നതാണ് ആ ഘടകം.
English summary: Cricketer Jofra Archer to get gold chain from sponsor