മിയൻദാദിന്റെ ആ സിക്സറിന്റെ വേദനയുമായി അന്ന് ഷാർജയിൽ എസ്പിബിയുടെ ഗാനമേള!
Mail This Article
കൊച്ചി ∙ ‘ഇനി ഇങ്ങനെയായിരിക്കും. കാണികളില്ലാതെ പാടേണ്ടിവരും. ഇംഗ്ലണ്ടും വെസ്റ്റിൻഡീസും ക്രിക്കറ്റ് കളിച്ചതുപോലെ’– അവസാനമായി ഓൺലൈനിൽ പാടി റെക്കോർഡ് ചെയ്ത പരിപാടികളിലൊന്നിൽ എസ്.പി. ബാലസുബ്രഹ്മണ്യം നടത്തിയ ഈ പരാമർശം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കോവിഡ് സീസണിൽ കാണികളില്ലാതെ നടന്ന ഇംഗ്ലണ്ട്–വിൻഡീസ് ടെസ്റ്റ് മത്സരമാണദ്ദേഹം പരാമർശിച്ചത്. ക്രിക്കറ്റിനോട് വലിയ കമ്പമായിരുന്നു അദ്ദേഹത്തിന്. കോളജ് ക്രിക്കറ്റ് ടീമിൽ അംഗമായിരുന്നു എസ്പിബി.
കപിൽദേവ് മുതൽ ധോണി വരെയുള്ളവരുടെ ടീമുകളിലെ പല അംഗങ്ങളുമായും വ്യക്തിപരമായ സൗഹൃദവും സൂക്ഷിച്ചിരുന്നു അദ്ദേഹം. കപിലും സച്ചിൻ തെൻഡുൽക്കറും അനിൽ കുംബ്ലെയും രാഹുൽ ദ്രാവിഡുമെല്ലാം ഒപ്പിട്ട ബാറ്റുകളുടെ ശേഖരംതന്നെ എസ്പിബിയുടെ ചെന്നൈയിലെ വസതിയിലുണ്ട്. ഒട്ടേറെ അഭിമുഖങ്ങളിൽ എസ്പിബി ക്രിക്കറ്റിനോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്. ഇന്ത്യയുടെ മത്സരങ്ങൾ വിദേശരാജ്യങ്ങളിൽപോലും പോയി കാണുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്.
1986 ഏപ്രിൽ 18നു ഷാർജയിൽ ഓസ്ട്രലേഷ്യ കപ്പിന്റെ ഫൈനൽ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കിരീടപ്പോരാട്ടം. ചേതൻ ശർമ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തു സിക്സർ പറത്തി പാക്കിസ്ഥാനു ചരിത്രവിജയം സമ്മാനിച്ച ജാവേദ് മിയാൻദാദിന്റെ ബാറ്റിങ് സ്റ്റേഡിയത്തിലിരുന്നു കാണേണ്ടിവന്ന ‘ദൗർഭാഗ്യം’ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. അന്നു സായാഹ്നത്തിൽ എസ്പിബിയും സഹോദരി എസ്.പി. ഷൈലജയും ചേർന്നുള്ള ഗാനമേള ഷാർജയിലുണ്ടായിരുന്നു. താനും ടീമംഗങ്ങളും പാട്ടുകേൾക്കാൻ വരുന്നുണ്ടെന്ന് അറിയിച്ച കപിൽദേവ്, ഹിന്ദിയിൽ അന്നു പാടേണ്ട പാട്ടുകളുടെ പട്ടികയും കൈമാറി.
എന്നാൽ, പരിപാടി തുടങ്ങും മുൻപു ഹോട്ടലിലേക്കു കപിലിന്റെ കത്തെത്തി. ഒപ്പം ടീമംഗങ്ങൾ എല്ലാവരും ഒപ്പുവച്ച ഒരു ചെറിയ ബാറ്റുമുണ്ടായിരുന്നു. കത്തിൽ കപിൽ എഴുതിയത് ഇങ്ങനെയായിരുന്നു, ‘ഞങ്ങള്‍ വരണമെന്നു കരുതിയതാണു ബാലു. വിജയം ആഘോഷിക്കണമെന്നു കരുതിയതാണ്. പക്ഷേ, ഇന്നു ദുഃഖദിനമാണ്. അങ്ങ് വിലാപഗാനങ്ങളൊന്നും പാടരുത്. ആഘോഷമാക്കണം ഗാനമേള’.
ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ 1983ലെ പ്രൂഡൻഷ്യൽ കപ്പ് ഫൈനൽ കാണവേ കസിൻ സഹോദരനെ എസ്പിബി അടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. എല്ലാവരുമിരുന്നു ടിവിയിൽ ഫൈനൽ പോരാട്ടം കാണുകയായിരുന്നു. കടുത്ത വെസ്റ്റിന്‍ഡീസ് ആരാധകനായിരുന്നു കസിൻ. ഇന്ത്യ ജയിക്കുമെന്ന അവസ്ഥയിൽ അതാഘോഷിക്കാൻ എല്ലാവരും തയാറെടുക്കുമ്പോൾ അയാൾ ഇന്ത്യയെ കളിയാക്കാൻ തുടങ്ങി.
‘അടി കിട്ടേണ്ടെങ്കിൽ നിർത്തിക്കോ’ എന്ന് എസ്പിബി മുന്നറിയിപ്പു നൽകി. ‘ജയിക്കുമെന്നാണോ ഇപ്പോഴും നിങ്ങൾ കരുതുന്നത്. ഇതു വെസ്റ്റിൻഡീസിനുള്ള കപ്പാണ്’– എന്നു പറഞ്ഞ കസിനോടു പിന്നീടു ക്ഷമിക്കാനുള്ള അവസ്ഥ ആ ഇന്ത്യൻ ആരാധകന് ഉണ്ടായിരുന്നില്ല, മുഖമടച്ച് ഒന്നു കൊടുത്തു. ക്രിക്കറ്റിൽ ഇന്ത്യ എന്നതു വികാരമായിരുന്നു ആ മഹാഗായകന്.
ഈ ക്രിക്കറ്റ് ഭ്രാന്തിനെ ഭാര്യ സാവിത്രി എപ്പോഴും കളിയാക്കുമായിരുന്നെന്നും അദ്ദേഹം പറയുമായിരുന്നു. കാറിൽ പോകുമ്പോൾ വഴിയിൽ കുട്ടികൾ കളിക്കുന്നതു കണ്ടാൽ അതുപോലും കൗതുകത്തോടെ നോക്കുമായിരുന്നു അദ്ദേഹം. ‘വണ്ടി നിർത്താം. പോയി കളിയിൽ അംപയറായി നിൽക്കൂ’ എന്നായിരിക്കും ഭാര്യയുടെ പ്രതികരണം.
English Summary: SP Balasubrahmanyam, an ardent lover of cricket