തെവാത്തിയയോട് ‘കരുണ കാട്ടി’ ബെയ്ൽസ്; പന്ത് തട്ടി മിന്നി, വീണില്ല – വിഡിയോ
Mail This Article
ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയ അവിശ്വസനീയ വിജയത്തിന്റെ മുഖ്യ ശിൽപിയായ രാഹുൽ തെവാത്തിയയ്ക്ക്, ഇന്നിങ്സിനിടെ ബലം പകർന്ന് ഭാഗ്യത്തിന്റെ കൂട്ടും! 159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ വിജയത്തിൽനിന്ന് സാമാന്യം അകലെ നിൽക്കെ തെവാത്തിയ പുറത്താകലിന്റെ വക്കിലെത്തിയെങ്കിലും, ബെയ്ൽസിന്റെ ‘കാരുണ്യത്തിൽ’ താരം രക്ഷപ്പെട്ടു! ഈ സമയത്ത് തെവാത്തിയയുടെ വ്യക്തിഗതസ്കോർ 30 റൺസ് മാത്രമായിരുന്നു. രാജസ്ഥാനാകാട്ടെ, 13 പന്തിൽ വിജയത്തിലേക്ക് 23 റൺസ് എന്ന നിലയിലും. തെവാത്തിയയെ ബെയ്ൽസ് ‘രക്ഷിക്കുന്ന’ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
റാഷിദ് ഖാൻ എറിഞ്ഞ 18–ാം ഓവറിലാണ് സംഭവം. ഈ ഓവറിലെ രണ്ടും മൂന്നും നാലും പന്തുകൾ രാഹുൽ തെവാത്തിയ തുടർച്ചയായി ബൗണ്ടറി കടത്തി. ഇതോടെ 18 പന്തിൽ 36 റൺസെന്ന വിജയലക്ഷ്യം 14 പന്തിൽ 23 റൺസായി ചുരുങ്ങി. ഈ ഓവറിലെ അഞ്ചാം പന്ത് കട്ട് ചെയ്യാനുള്ള തെവാത്തിയയുടെ ശ്രമം പാളി. പന്ത് ബാറ്റിനടിയിൽ തട്ടി നേരെ വിക്കറ്റ് കീപ്പറിലേക്ക്. ഈ സമയം ഷോട്ടിന് ശ്രമിച്ച തെവാത്തിയ ക്രീസിനു വെളിയിലായിരുന്നു. താഴ്ന്നുവന്ന് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ പാഡിലിടിച്ച പന്ത് തിരികെ സ്റ്റംപിൽ പതിച്ചു.
ബെയ്ൽസ് മിന്നി സ്റ്റംപിൽനിന്ന് ഇളകിത്തെറിച്ചെങ്കിലും അവിടെത്തന്നെ വന്നിരുന്നു! ഈ സമയമെല്ലാം തെവാത്തിയ ക്രീസിനു പുറത്തായിരുന്നതിനാൽ ബെയ്ൽസ് ഇളകി വീണാൽ ഔട്ടാണെന്ന് തീർച്ചയായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. ഫുൾ ടോസ് വന്നു പതിച്ചാലും ബെയ്‌ൽസ് ഇളകാത്ത തടി സ്റ്റംപ് മാറ്റിയാണ് എൽഇഡിയും ബാറ്ററിയും പിടിപ്പിച്ച ‘സിങ്’ സ്റ്റംപുകൾ കൊണ്ടുവന്നത്. മൈക്രോ പ്രോസസറുകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ പന്ത് തട്ടിയാലുടൻ ചുവന്ന ലൈറ്റ് തെളിയും. എന്നാൽ, ഇന്നലെ പന്ത് തട്ടി ലൈറ്റ് തെളിഞ്ഞെങ്കിലും ബെയ്‌ലുകൾ ഇളകിവീണില്ല.
ഭാഗ്യത്തിന്റെ കൂട്ടു കണ്ടതോടെ ആരാധകർ ഇത് തെവാത്തിയയുടെ ദിനമാണെന്ന് ഉറപ്പിച്ചു. അത് ശരിയാണെന്ന് മത്സരം തെളിയിക്കുകയും ചെയ്തു. തൊട്ടടുത്ത ഓവറിൽ ടി.നടരാജനെതിരെ തുടർച്ചയായ പന്തുകളിൽ ഫോറും സിക്സും കണ്ടെത്തിയ തെവാത്തിയ വിജയത്തിലേക്കുള്ള ദൂരം കുറച്ചുകൊണ്ടുവന്നു. അവസാന ഓവറിൽ സിംഗിളുകളും ഡബിളുകളുമായി പരാഗു കൂടി ചേർന്നതോടെ രാജസ്ഥാൻ വിജയത്തിന് തൊട്ടടുത്ത്. അഞ്ചാം പന്തിൽ പരാഗിന്റെ സിക്സർ കൂടി ചേർന്നതോടെ രാജസ്ഥാന് മറ്റൊരു അവിശ്വസനീയ വിജയം. നാലു മത്സരങ്ങളായി തുടർന്നുവന്ന തോൽവി പരമ്പരയ്ക്കും വിരാമം!
English Summary: Rahul Tewatia's Bails Lighting Up But Refusing to Fall Down in RR Vs SRH Game