ADVERTISEMENT

തോറ്റെന്നുറപ്പിച്ച രണ്ടാം മത്സരവും വറ്റാത്ത മനഃസാന്നിധ്യത്തിലൂടെ അവസാനം വരെ പിടിച്ചുനിന്ന് വിജയിപ്പിച്ച രാജസ്ഥാൻ റോയൽസിന്റെ രാഹുൽ തെവാത്തിയ, ഈ ഐപിഎൽ തന്റേതു കൂടെയാണെന്ന് അടിവരയിടുകയാണ്. റിയാൻ പരാഗിനെ കൂട്ടുപിടിച്ച് സൺറൈസേഴ്സിന് എതിരായ മത്സരവും രാജസ്ഥാന് അനുകൂലമാക്കിയതോടെ തെവാത്തിയ വെറും ‘വൺ ടൈം വണ്ടർ’ അല്ലെന്നു കൂടിയാണ് തെളിയിക്കുന്നത്. ഐപിഎലിന്റെ 13–ാം എഡിഷനിലാണ് ഉദിച്ചുയരാൻ അവസരം ലഭിച്ചതെങ്കിലും തെവാത്തിയ ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. 2014ൽ രാജസ്ഥാനു വേണ്ടിത്തന്നെയാണ് ആദ്യമായി ഐപിഎൽ കളിക്കുന്നത്. പിന്നീട് പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ് ടീമുകളുടെ ജഴ്സിയണിഞ്ഞ ശേഷമാണ് വീണ്ടും രാജസ്ഥാന്റെ പിങ്ക് ജഴ്സിയിൽ തെവാത്തിയയെ കാണുന്നത്.

ഹരിയാനയിലെ സിഹി സ്വദേശിയായ ഈ 27കാരന്റെ കരിയർ വിചിത്ര ട്വിസ്റ്റുകൾ നിറഞ്ഞതാണ്. ഹരിയാന ടീമിൽപോലും കാര്യമായി കളിച്ചില്ലെന്നു വേണം പറയാൻ. 2013ൽ ആദ്യ മത്സരം കളിച്ചെങ്കിലും ഇതുവരെ 7 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 190 റൺസാണ് സമ്പാദ്യം. ലെഗ് ബ്രേക്കിലൂടെ നേടിയത് 17 വിക്കറ്റുകൾ. 21 ലിസ്റ്റ് എ മത്സരങ്ങളിൽനിന്ന് 481 റൺസും 27 വിക്കറ്റും നേടി. ട്വന്റി20 മത്സരങ്ങളിൽ തെവാത്തിയ പുറത്തെടുക്കുന്ന മിന്നൽ പ്രകടനങ്ങളാണ് ഐപിഎൽ ടീമുകളിൽ ഇടംനേടാൻ സഹായിക്കുന്നത്. 49 ട്വന്റി20 മത്സരങ്ങളിൽ 153 സ്ട്രൈക് റേറ്റോടെയാണ് തെവാത്തിയയുടെ ‘അടി’.

∙ ‘അവനെ അഭിനന്ദിക്കണം പോലും’

തെവാത്തിയ ഇങ്ങനെ സൂപ്പർമാൻ പരിവേഷത്തിൽ നിൽക്കുമ്പോഴാണ് ഇദ്ദേഹം നേരിടേണ്ടിവന്ന തിക്താനുഭവങ്ങൾ സൂചിപ്പിക്കുന്ന പല വിഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. അതിൽ ഒന്ന് കഴിഞ്ഞ ഐപിഎൽ സീസണിലേതാണ്. 2019 സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്നു രാഹുൽ തെവാത്തിയ. മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ജയിച്ച മത്സരത്തിൽ തെവാത്തിയ നാലു ക്യാച്ചുകൾ എടുത്തിരുന്നു. ഒരു ഫീൽഡർ ഐപിഎൽ മാച്ചിൽ നാലു ക്യാച്ച് എടുത്തതിന്റെ റെക്കോർഡിനൊപ്പം നിൽക്കുന്ന പ്രകടനം.

മത്സരശേഷം ഡ്രസിങ് റൂമിൽ മികച്ച പ്രകടനം നടത്തിയവരെ പേരെടുത്ത് അഭിനന്ദിക്കുകയാണ് കോച്ച് റിക്കി പോണ്ടിങ്. തന്നെ വിളിക്കാത്തതുകണ്ട് പോണ്ടിങ്ങിനോട് എന്നെ ഒന്ന് അഭിനന്ദിച്ചുകൂടെ എന്നു തെവാത്തിയ ചോദിക്കുന്നത് വിഡിയോയിൽ കാണാം. ‘എല്ലാവരും ശ്രദ്ധിക്കൂ, തെവാത്തിയ 4 ക്യാച്ച് എടുത്തു ഇദ്ദേഹത്തെ അഭിനന്ദിക്കണം പോലും’ ഉച്ചത്തിൽ ടീം അംഗങ്ങളോട് വിളിച്ചു പറഞ്ഞ് കളിയാക്കാനാണ് റിക്കി ശ്രമിച്ചത്. എല്ലാവരും ആർപ്പുവിളികളിൽ പങ്കാളികളായി.

അടുത്തുവന്ന അക്സർ പട്ടേലിനോട് തെവാത്തിയ പറഞ്ഞു, ‘നമുക്ക് അർഹതപ്പെട്ടത് ചോദിച്ചു വാങ്ങണം’. എന്തായാലും പോണ്ടിങ്ങിന്റെ കീഴിൽ പിന്നീട് അധികനാൾ തെവാത്തിയയ്ക്കു തുടരേണ്ടി വന്നില്ല. കഴിഞ്ഞ സീസണിനുശേഷം തെവാത്തിയയെ രാജസ്ഥാന് ഡൽഹി വിറ്റൊഴിവാക്കുകയായിരുന്നു. അതിൽ ഇന്നു ഡൽഹി ദുഃഖിക്കുന്നുണ്ടാകും, തീർച്ച.

∙ തെവാത്തിയയ്ക്ക് എത്ര കിട്ടും

ചെറിയ ലക്ഷങ്ങളിൽ തുടങ്ങി അപ്രതീക്ഷിത കോടിക്കിലുക്കം കണ്ടയാളാണ് തെവാത്തിയ. 2014ൽ 10 ലക്ഷത്തിനാണ് രാജസ്ഥാനിലെത്തിയത്. 3 മത്സരങ്ങളിൽനിന്ന് 16 റൺസും 3 വിക്കറ്റും നേടിയതാണ് സമ്പാദ്യം. പിന്നീട് ഈ പേരു കേൾക്കുന്നത് 2017 ഐപിഎലിലാണ്. കിങ്സ് ഇലവൻ പഞ്ചാബ് അടിസ്ഥാന വില നൽകി സ്വന്തമാക്കി. പഞ്ചാബ് നിരയിലും സ്ഥിര സാന്നിധ്യമാകാൻ കഴിഞ്ഞില്ല. 3 മത്സരത്തിൽ 17 റൺസും 3 വിക്കറ്റും എന്ന നിലയിലൊതുങ്ങി പ്രകടനം.

എന്നാൽ 2018ൽ തെവാത്തിയ എല്ലാവരെയും ഞെട്ടിച്ച് 3 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ എത്തി. ആദ്യ സീസണിൽ നിരാശപ്പെടുത്തി. 8 കളികളിൽനിന്ന് 50 റൺസും 6 വിക്കറ്റും. കഴിഞ്ഞ വർഷം ഡൽഹി ടീമിൽ നിലനിർത്തിയെങ്കിലും 5 മത്സരങ്ങളിലേ കളിപ്പിച്ചുള്ളൂ. 2020ൽ ഐപിഎലിനു മുന്നോടിയായി നടന്ന താരകൈമാറ്റത്തിലാണ് 3 കോടിക്കുതന്നെ തെവാത്തിയ റോയൽസിലെത്തുന്നത്. തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത തെവാത്തിയ ഫോം തുടർന്നാൽ റോയൽസിനെ കീഴടക്കുക എളുപ്പമാകില്ല.

English Summary: When Ricky Ponting mocked Rahul Tewatia in the dressing room

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com