ഒരു ചെയ്ഞ്ച് ആർക്കാണ് ഇഷ്ടമില്ലാത്തത്; പുറത്തുള്ള ഗെയ്ൽ, രഹാനെ ടീം മാറുമോ?
Mail This Article
ന്യൂഡൽഹി ∙ ഒരു പിഞ്ച് ഹിറ്ററുടെ അഭാവം? ഒരു എക്സ്ട്രാ ബോളറുണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം? ഐപിഎലിൽ ഈ കുറവുകൾ നികത്താൻ ടീമുകൾക്ക് അടുത്ത സീസൺവരെ കാത്തിരിക്കേണ്ട. എല്ലാ ടീമുകളും 7 മത്സരങ്ങൾ വീതം പൂർത്തിയാക്കിയതോടെ ഇടക്കാല ട്രാൻസ്ഫർ ജാലകത്തിന് ഇന്നലെ തുടക്കമായി. കളിക്കാൻ അവസരം കിട്ടാതെയിരിക്കുന്ന താരങ്ങൾക്കു ടീം മാറാൻ സുവർണാവസരമാണിത്.
∙ എന്നു വരെ?
ഇന്നലെ തുടങ്ങി 17 വരെ 5 ദിവസമാണ് ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോയുടെ കാലാവധി.
∙ എങ്ങനെ?
കളിക്കാരെ വായ്പ അടിസ്ഥാനത്തിൽ വിട്ടുകൊടുക്കുകയാണു ചെയ്യുന്നത്. തുകയുടെ കാര്യത്തിൽ ഇരുടീമുകളും തീരുമാനത്തിലെത്തണം. ഐപിഎൽ ഭരണസമിതിയെ ഇക്കാര്യം അറിയിക്കണം. സ്ഥിരം ട്രാൻസ്ഫർ അല്ലാത്തതിനാൽ സീസൺ പൂർത്തിയായാൽ കളിക്കാരൻ പഴയ ടീമിൽ തിരിച്ചെത്തും.
∙ ആർക്കൊക്കെ?
സീസണിൽ 2 മത്സരമോ അതിൽ കുറവോ കളിച്ച താരങ്ങളെ കൈമാറാം. ഒരു മത്സരം പോലും കളിക്കാത്തവരും ഇതിലുൾപ്പെടും. വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും കൈമാറാം.
∙ എല്ലാ മത്സരവും കളിക്കാമോ?
ഇല്ല. ഒരു ടീം വിട്ട താരത്തിനു പിന്നീട് ആ ടീമിനെതിരെയുള്ള മത്സരം കളിക്കാനാവില്ല. ഉദാഹണത്തിന്, ക്രിസ് ഗെയ്ൽ പഞ്ചാബ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്കു പോയാൽ അദ്ദേഹത്തിനു പഞ്ചാബിനെതിരെയുള്ള ചെന്നൈയുടെ മത്സരം കളിക്കാനാവില്ല.
∙ പരുക്കേറ്റവർക്കു പകരം?
പരുക്കേറ്റു ടൂർണമെന്റിനു പുറത്തായ കളിക്കാർക്കു പകരം ആളെ ടീമിലെത്തിക്കാൻ ടീമുകൾക്കു മുന്നിൽ 2 മാർഗങ്ങളുണ്ട്. ഒന്നുകിൽ ട്രാൻസ്ഫർ വിൻഡോയിലൂടെ വായ്പയെടുക്കാം. അല്ലെങ്കിൽ പുറത്തുനിന്നു പകരം കളിക്കാരനെ എത്തിക്കാം.
∙ സാധ്യതയിൽ ഇവർ
ട്രാൻസ്ഫർ ജാലകത്തിൽ ടീം മാറാൻ സാധ്യതയുള്ള 5 താരങ്ങൾ.
അജിൻക്യ രഹാനെ (ഡൽഹി ക്യാപ്പിറ്റൽസ്)
ഇമ്രാൻ താഹിർ (ചെന്നൈ സൂപ്പർ കിങ്സ്)
ക്രിസ് ലിൻ (മുംബൈ ഇന്ത്യൻസ്)
ക്രിസ് ഗെയ്ൽ (കിങ്സ് ഇലവൻ പഞ്ചാബ്)
ദീപക് ഹൂഡ (കിങ്സ് ഇലവൻ പഞ്ചാബ്)
English Summary: IPL 2020 Mid season Transfer Window Live Updates