ADVERTISEMENT

ദുബായ്∙ ക്രിക്കറ്റിൽ താരങ്ങളുടെയും ടീമുകളുടെയും വിധി പ്രവചനാതീതമാണ്. സൂപ്പർ താരങ്ങളാണെങ്കില്‍പോലും കരിയർ മാറിമറിയാൻ ചെറിയ സംഭവങ്ങൾ മതി. ഐപിഎല്ലിൽ ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ദക്ഷിണാഫ്രിക്കയുടെ വെറ്ററൻ സ്പിന്നർ ഇമ്രാൻ താഹിറിന്റെ നിലവിലെ അവസ്ഥ. കഴിഞ്ഞ സീസണിൽ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ബോളർക്കുള്ള പർപ്പിൾ ക്യാപ് നേടിയത് താഹിറായിരുന്നു. 17 മത്സരങ്ങളിൽനിന്ന് താരം 26 വിക്കറ്റുകൾ പിഴുതെടുത്തു. എന്നാൽ യുഎഇയിൽ നടക്കുന്ന 2020 ഐപിഎൽ സീസണിൽ താരത്തിന് ഒരു മത്സരത്തിൽ പോലും ഇതുവരെ ഇറങ്ങാൻ സാധിച്ചിട്ടില്ല.

ഡഗ്ഔട്ടിൽ ഒതുങ്ങിപ്പോയ താഹിർ താരങ്ങൾക്ക് വെള്ളം കൊടുക്കാനാണ് ഇപ്പോൾ പ്രധാനമായും ഗ്രൗണ്ടിലെത്തുന്നത്. താഹിറിനെ പോലൊരു മുതിർന്ന താരത്തെ വെള്ളം വിതരണം ചെയ്യാൻ ഗ്രൗണ്ടിലേക്കു പറഞ്ഞുവിടുന്നത് ചില ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്കെങ്കിലും അത്ര പിടിച്ചിട്ടില്ല. പലരും പ്രതിഷേധം ഉയർത്തി രംഗത്തെത്തുകയും ചെയ്തു. എന്നാൽ ഇതൊന്നും അത്ര വിഷയമാക്കേണ്ടതില്ലെന്നാണ് ഇമ്രാൻ താഹിര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുന്നതും ടീമിന് വേണ്ടിയാണെന്നും മുൻപ് പല താരങ്ങളും തനിക്കും ഇങ്ങനെ വെള്ളം നൽകിയിട്ടുണ്ടെന്നും താഹിർ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഞാൻ കളിച്ചിരുന്ന സമയത്ത് നിരവധി താരങ്ങൾ എനിക്കായി വെള്ളം ചുമന്നിട്ടുണ്ട്. താരങ്ങൾ ഗ്രൗണ്ടിലുള്ളപ്പോള്‍ തിരിച്ച് അങ്ങനെ ചെയ്യുന്നത് എന്റെ ചുമതലയാണ്. ഞാൻ കളിക്കുന്നുണ്ടോ, ഇല്ലയോ എന്നതല്ല, എന്റെ ടീം വിജയിക്കുന്നതിലാണു കാര്യം. എനിക്ക് ഒരു അവസരം ലഭിക്കുകയാണെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ചതു തന്നെ ചെയ്യും. പക്ഷേ എനിക്ക് ടീമാണു പ്രധാനപ്പെട്ടത്– ഇമ്രാൻ താഹിർ വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്സ് കളിച്ച എട്ടു മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ടു നിൽക്കുകയാണ്. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണു ടീം. ഈ സാഹചര്യത്തിൽ എന്തുകൊണ്ടാണ് താഹിറിനെപ്പോലൊരു താരത്തെ കളിപ്പിക്കാത്തതെന്നാണ് ആരാധകരും ചോദിക്കുന്നത്.

2020 ഐപിഎല്ലിൽ ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത താഹിറിന്റെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നാണു ലഭിക്കുന്ന സൂചനകൾ. സിഎസ്കെ ടീം സിഇഒ കാശി വിശ്വനാഥും അടുത്തിടെ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നു. ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിൽ താഹിർ ടീമിലേക്കു തിരികെയെത്തുമെന്നാണു കാശി വിശ്വനാഥ് പറഞ്ഞത്. ഷെയ്ൻ വാട്സൻ, ഫാഫ് ഡുപ്ലേസി, ഡ്വെയ്ൻ ബ്രാവോ, സാം കറൻ എന്നിവരാണു നിലവിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെ വിദേശ താരങ്ങൾ. ഇമ്രാൻ താഹിറിനായി ഇവരില്‍ ആരെ മാറ്റിനിർത്തുമെന്നതാണു പ്രധാന ചോദ്യം.

English Summary: Imran Tahir on carrying drinks for CSK players

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com