‘ഞാൻ കളിച്ചത് ബുദ്ധി ഉപയോഗിച്ച്’: ‘തല’യ്ക്ക് ഉപദേശവുമായി ജാവേദ് മിയൻദാദ്
Mail This Article
അബുദാബി∙ ഐപിഎൽ 13–ാം സീസണിൽ ഏറ്റവുമധികം വിമർശനങ്ങൾ നേരിടുന്ന താരമാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്.ധോണി. ഐപിഎല്ലിന് ഒരു മാസം മുൻപ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച ധോണിയുടെ ഐപിഎല്ലിലെ പ്രകടനം ഏവരും ഉറ്റുനോക്കിയിരുന്നു. എന്നാൽ ടൂർണമെന്റിൽ ഇതുവരെ ബാറ്റിങ്ങിലോ നായകമികവിലോ ‘ധോണി സ്പെഷൽ’ ഒന്നുംതന്നെ സംഭവിച്ചിട്ടില്ല. കീപ്പിങ്ങിലെ ചില പ്രകടനങ്ങൾ മാത്രമാണ് എടുത്ത് പറയാൻ ഉള്ളത്.
ഇതുവരെ 9 മത്സരങ്ങൾ കളിച്ച ചെന്നൈ ആണെങ്കിൽ മൂന്നു മത്സരങ്ങളിൽ മാത്രമാണ് വിജയിച്ചത്. പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത്. ഒരു വർഷത്തിനു മുകളിൽ കളിക്കളത്തിൽനിന്ന് വിട്ടുനിന്ന ശേഷമാണ് ധോണി ഐപിഎൽ കളിക്കുന്നതിനായി യുഎഇയിലെത്തിയത്. തുടക്കംമുതൽ തന്നെ ധോണിയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോൾ ഇക്കാര്യത്തിൽ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്ക് നായകൻ ജാവേദ് മിയൻദാദ്.
ധോണിയുടെ ശാരീരിക ക്ഷമതയിൽ സംശയമില്ലെങ്കിലും മാച്ച് ഫിറ്റ്നസ് വർധിപ്പിക്കുന്നതിന് പ്രയത്നിക്കേണ്ടതുണ്ടെന്ന് മിയൻദാദ് ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘എന്റെ ബുദ്ധി ഉപയോഗിച്ചാണ് ഞാൻ ക്രിക്കറ്റ് കളിച്ചത്. ബുദ്ധി ഉപയോഗിക്കുകയാണെങ്കിൽ, പ്രായം നോക്കാതെ നിങ്ങൾക്ക് കളിക്കാൻ കഴിയും. ഒരുപക്ഷേ, പഴയതു പോലെ കളിക്കാനാകില്ല. എന്നാൽ ടീമിന് ഉപയോഗപ്പെടും.’ – മിയൻദാദ് പറഞ്ഞു.
വ്യായാമവും പരിശീലനവും നെറ്റ് പ്രാക്ടീസിങ്ങും വർധിപ്പിക്കുകയാണ് ധോണിയോടുള്ള തന്റെ ഉപദേശമെന്ന് മിയൻദാദ് പറഞ്ഞു. ഉദാഹരണത്തിന്, ഇപ്പോൾ 20 സിറ്റ് അപ്പുകൾ എടുക്കുന്നുണ്ടെങ്കിൽ അത് 30 ആയി ഉയർത്തണം. അഞ്ച് സ്പ്രിന്റുകൾ എന്നത് എട്ടാക്കാം. ബാറ്റിങ് പരിശീലനത്തിനായി ഒരു മണിക്കൂർ നെറ്റ്സിൽ ചെലവഴിക്കുന്നുണ്ടെങ്കിൽ അതു രണ്ടു മണിക്കൂറായി വർധിപ്പിക്കണം. മൂന്നുഘട്ടമായി ഇതു ചെയ്താൽ മതി. ധോണി ഇതറിയുന്ന ആളാണ്. ഒരുപക്ഷേ അദ്ദേഹം ഇതിനകം അതു ചെയ്യുന്നുണ്ടാകുമെന്നും ജാവേദ് മിയൻദാദ് പറഞ്ഞു.
Englishn Summary: ‘I played cricket with my brain,’ Javed Miandad suggests how MS Dhoni can improve his match fitness