കഴിഞ്ഞ സീസണിൽ പർപ്പിൾ ക്യാപ്പ്, ഇപ്പോൾ വെള്ളം ചുമക്കുന്നു; താഹിറിന്റെ മറുപടി
Mail This Article
ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയ താരം ആരാണെന്ന് ഓർമയുണ്ടോ? കഴിഞ്ഞ സീസണിൽ കലാശപ്പോരിൽ ചെറിയ വ്യത്യാസത്തിന് കിരീടം നഷ്ടമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം, ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാൻ താഹിറിന് അവസരം ലഭിച്ചിട്ടില്ല! കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽനിന്ന് 26 വിക്കറ്റുകളോടെ ടീമിനെ കിരീടത്തിന്റെ വക്കിലെത്തിച്ച താരത്തിനാണ് ഈ ഗതികേട്!
ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തോടെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തേക്കു പോകാനൊരുങ്ങുമ്പോൾ, താഹിറിനെ തുടർച്ചയായി പുറത്തിരുന്നതിന്റെ കാരണം തിരയുകയാണ് ആരാധകർ. തുടർച്ചയായി ഫോംഔട്ടാകുന്ന താരങ്ങൾക്കു പോലും ചെന്നൈ ടീമിൽ അവസരം ഉറപ്പാക്കുമ്പോഴാണ് താഹിർ ഇപ്പോഴും പുറത്തിരിക്കുന്നത്. സാം കറൻ, ഡ്വെയിൻ ബ്രാവോ തുടങ്ങിയവരുടെ ഓൾറൗണ്ട് മികവിൽ ക്യാപ്റ്റൻ എം.എസ്. ധോണി തുടർച്ചയായി വിശ്വാസമർപ്പിച്ചതോടെയാണ് താഹിറിന് ടീമിൽ ഇടമില്ലാതെ പോയതെന്നാണ് പിന്നാമ്പുറ സംസാരം. ബ്രാവോയ്ക്ക് പരുക്കുമൂലം ഈ സീസണിൽ തുടർന്ന് കളിക്കാനാകില്ലെന്ന് ഉറപ്പായതോടെ ഇനി താഹിറിന് ടീമിൽ ഇടം ലഭിക്കാനാണ് സാധ്യത.
കളത്തിലിറങ്ങാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ലെങ്കിലും, ചെന്നൈ ടീമിനെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ് താഹിറിന്. ഡൽഹി ക്യാപിറ്റൽസിന് കളിക്കുന്ന ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്റെ യുട്യൂബ് ഷോയായ ‘ഹലോ ദുബായയ്യി’ൽ സംസാരിക്കുമ്പോഴാണ് ചെന്നൈ ടീമിനെ താഹിർ പുകഴ്ത്തിയത്.
‘എന്റെ ഹൃദയത്തിൽനിന്ന് പറയട്ടെ, ഏറ്റവും മികച്ച ടീം ചെന്നൈ തന്നെയാണ്. ഞാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്. എങ്കിലും താരങ്ങളെ ഇത്രയധികം വിലമതിക്കുന്ന ഒരു ടീമിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ കുടുംബത്തിന്റെ ക്ഷേമം പോലും ഉറപ്പാക്കുന്നത് മറ്റെവിടെയാണ്? ചെന്നൈയുടെ ആരാധകരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്’ – താഹിർ പറഞ്ഞു.
‘ചെന്നൈയിൽ കളിക്കുമ്പോൾ തികച്ചും വ്യത്യസ്തമായ അന്തരീക്ഷമായിരുന്നു അവിടുത്തേത്. അവരുടെ സംസ്കാരം എനിക്ക് വളരെ ഇഷ്ടമാണ്. അവർ താരങ്ങളുടെ പ്രകടനം തിരഞ്ഞുപിടിച്ച് സ്നേഹിക്കുന്നവരല്ല. ക്രിക്കറ്റിൽ ചില ദിവസം നമുക്ക് മികച്ച പ്രകടനം നടത്താനാകും. ചിലപ്പോൾ സാധിച്ചെന്ന് വരില്ല. അപ്പോഴെല്ലാം ഏറെ പിന്തുണ നൽകുന്ന ഈ ആരാധകർ എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്’ – താഹിർ പറഞ്ഞു.
ഈ സീസണിൽ എപ്പോഴാണ് ചെന്നൈ സൂപ്പർ കിങ്സിനായി കളത്തിലിറങ്ങാൻ സാധിക്കുക എന്ന് ഇപ്പോഴും ഉറപ്പില്ലെന്നും താഹിർ പറഞ്ഞു. നാല് വിദേശ താരങ്ങൾ ടീമിൽ സ്ഥാനമുറപ്പിച്ച് കളിക്കുമ്പോൾ ഇടം ലഭിക്കുക പ്രയാസമാണെന്നും താഹിർ ചൂണ്ടിക്കാട്ടി.
‘എന്നാണ് കളിക്കാൻ അവസരം കിട്ടുക എന്ന് എനിക്കറിയില്ല. നേരത്തെ, ഫാഫ് ഡുപ്ലേസി ഒരു സീസൺ മുഴുവൻ വെള്ളം ചുമന്നിട്ടുണ്ട്. അത് വളരെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. ട്വന്റി20യിൽ വളരെ മികച്ച ശരാശരിയുള്ള താരമാണ് ഡുപ്ലേസി എന്ന് ആലോചിക്കണം. ആ ജോലി ഇത്തവണ എനിക്കാണ് ലഭിച്ചിരിക്കുന്നത്. അന്ന് അദ്ദേഹം അനുഭവിച്ചത് എന്താണെന്ന് എനിക്ക് ഇപ്പോൾ മനസ്സിലാകുന്നുണ്ട്. ഇതേക്കുറിച്ച് ഡുപ്ലേസിയോടും ഞാൻ സംസാരിച്ചിരുന്നു’ – താഹിർ പറഞ്ഞു.
English Summary: ‘Never seen so much respect given from a franchise’: Imran Tahir is all praise for CSK