ADVERTISEMENT

ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തകർപ്പൻ വിജയം നേടിയപ്പോൾ, ഉജ്വലമായ ബോളിങ് പ്രകടനവുമായി അവരുടെ വിജയശിൽപിയായത് ഹൈദരാബാദുകാരൻ മുഹമ്മദ് സിറാജായിരുന്നു. ഐപിഎൽ ചരിത്രത്തിലാദ്യമായി ഒരു ഇന്നിങ്സിൽ രണ്ട് മെയ്ഡൻ ഓവറുകൾ എന്ന റെക്കോർഡ് സഹിതം നാല് ഓവറിൽ എട്ട് റൺസ് വഴങ്ങി സിറാജ് വീഴ്ത്തിയത് മൂന്ന് വിക്കറ്റുകൾ! യുവതാരത്തിന്റെ ബോളിങ് മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിൽ ഒതുക്കിയ ബാംഗ്ലൂർ, 39 പന്തുകൾ ബാക്കിനിർത്തി വിജയത്തിലെത്തിയിരുന്നു. ഇതോടെ അവർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

കളത്തിൽ അസാമാന്യ ബോളിങ് പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലേക്ക് നയിക്കുമ്പോഴും, മനസ്സിൽ കുത്തിനോവിച്ചിരുന്ന ഒരു വേദനയെക്കുറിച്ച് തുറന്നുപറയുകയാണ് മുഹമ്മദ് സിറാജ്. അന്ന് അബുദാബിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എറിഞ്ഞൊതുക്കുമ്പോൾ, ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സിറാജിന്റെ ഓട്ടോഡ്രൈവറായ പിതാവ് മുഹമ്മദ് ഗൗസ്! ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലുള്ള പിതാവിനെ ഒന്നു കാണാനോ ആശ്വസിപ്പിക്കാനോ സാധിക്കാത്ത വേദനയിലാണ് അന്ന് സിറാജ് കൊൽക്കത്തയ്‌ക്കെതിരെ ബോൾ െചയ്തത്. ആർസിബി അവരുടെ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിലാണ് സിറാജ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കുറച്ചു ദിവസമായി എന്റെ പിതാവിന് നല്ല സുഖമില്ല. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്. അതേക്കുറിച്ച് ഓർക്കുമ്പോൾ എനിക്കും വല്ലാത്ത ആശങ്കയുണ്ട്. പിതാവിനെ നേരിട്ട് കാണാനോ ആശ്വസിപ്പിക്കാനോ സാധിക്കുന്നില്ലല്ലോ എന്നതാണ് എന്റെ സങ്കടം’ – വിഡിയോയിൽ സിറാജ് പറഞ്ഞു.

‘ഞാൻ മിക്കപ്പോഴും അദ്ദേഹത്തെ ഫോൺ ചെയ്യാറുണ്ട്. പക്ഷേ, ഫോൺ വിളിച്ചാൽ ഉടൻ അദ്ദേഹം കരയാൻ തുടങ്ങും. എനിക്കാണെങ്കിൽ അത് സഹിക്കാനും പറ്റില്ല. ഞാൻ ഫോൺ കട്ട് ചെയ്യും. അദ്ദേഹത്തെ എത്രയും വേഗം സുഖപ്പെടുത്താൻ ഞാൻ എന്നും ദൈവത്തോട് പ്രാർഥിക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിനു തൊട്ടുമുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്നത്തെ മത്സരസമയത്ത് അതേക്കുറിച്ച് ഓർത്ത് മനസ്സ് വിങ്ങുകയായിരുന്നു’ – സിറാജ് പറഞ്ഞു.

അന്ന് കൊൽക്കത്തയ്‍ക്കെതിരെ പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിനു പിന്നാലെ ഹൈദരാബാദിലെ പത്രങ്ങളിലെല്ലാം തന്റെ ഫോട്ടോ വന്നതിന്റെ സന്തോഷത്തിലാണ് പിതാവെന്നും സിറാജ് വെളിപ്പെടുത്തി. ഒട്ടേറെപ്പേർ മകന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാനും അഭിനന്ദിക്കാനും വിളിക്കുന്നതിന്റെ സന്തോഷത്തിലാണ് ഓട്ടോ ഡ്രൈവറായ ആ പിതാവ്.

‘പിന്നീട് വീട്ടിലേക്ക് വിളിച്ച എനിക്ക് ഏറ്റവും ആശ്വാസം പകർന്ന വാർത്ത, പിതാവ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് തിരിച്ചെത്തിയെന്നതായിരുന്നു. മത്സരം ജയിച്ചതിന്റെ സന്തോഷത്തിനു പുറമെയാണ് അത്തരമൊരു നല്ല വാർത്ത. എന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാൻ ഒട്ടേറെപ്പേർ വിളിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ എല്ലാ പത്രങ്ങളിലും എന്റെ ഫോട്ടോയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണെന്ന് ഞാൻ പറഞ്ഞു. സന്തോഷത്തോടെയിരിക്കാനും ഇഷ്ടമുള്ളതെല്ലാം കഴിക്കാനും ഉപദേശിച്ചാണ് അന്ന് ഞാൻ ഫോൺ വച്ചത്’ – സിറാജ് പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ച സിറാജിനെ 2017ലെ ഐപിഎൽ താരലേലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദാണ് ആദ്യമായി ടീമിലെത്തിച്ചത്. അന്ന് 2.6 കോടി രൂപയ്ക്കാണ് അവർ സിറാജിനെ ടീമിലെടുത്തത്. പാവപ്പെട്ട പശ്ചാത്തലത്തിൽനിന്ന് വരുന്ന സിറാജിനെ ഇത്രയും ഉയർന്ന തുകയ്ക്ക് ഹൈദരാബാദ് ടീം സ്വന്തമാക്കിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

English Summary: Mohammed Siraj’s father was hospitalised just before his magical spell against KKR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com