ADVERTISEMENT

ദുബായ്∙ ചെന്നൈ സൂപ്പർ കിങ്സിന്റെ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാട്സൻ (39) മത്സര ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിച്ചു. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് നേരത്തേ വിരമിച്ച താരം, ഐപിഎൽ 13–ാം സീസണിൽ ചെന്നൈയുടെ അവസാന മത്സരത്തിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ സീസണിൽ 11 മത്സരങ്ങളിൽനന്ന് 299 റണ്‍സാണ് വാട്സന്റെ സമ്പാദ്യം. കിങ്സ് ഇലവൻ പഞ്ചാബിനെതിരെ പുറത്താകാതെ നേടിയ 83 റൺസാണ് ഉയർന്ന സ്കോർ. ദുബായിൽവച്ച് ചിത്രീകരിച്ച ലഘുവിഡിയോയിലൂടെയാണ് വാട്സൻ വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

‘എല്ലാം ഒരു സ്വപ്നം പോലെയാണ് ആരംഭിച്ചത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം തീരെ ചെറുപ്പത്തിൽത്തന്നെ അമ്മയോട് പറഞ്ഞത് ഓർമയുണ്ട്. ഇപ്പോൾ ഔദ്യോഗികമായി ക്രിക്കറ്റിൽനിന്ന് പൂർണമായി വിരമിക്കുമ്പോൾ, ആ സ്വപ്നം ജീവിതത്തിൽ യാഥാർഥ്യമായത് വലിയ ഭാഗ്യമായി തോന്നുന്നു’ – തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ വാട്സൻ വ്യക്തമാക്കി.

‘എനിക്കേറ്റവും പ്രിയപ്പെട്ട സിഎസ്കെയ്ക്കുവേണ്ടി ഏറ്റവും ഒടുവിലത്തെ മത്സരമാണ് കളിച്ചതെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. സിഎസ്കെയോടൊപ്പം ചെലവഴിച്ച മൂന്നു വർഷങ്ങൾ ഉജ്വലമായിരുന്നു. പരുക്കുകൾ നിരന്തരം വലച്ചിട്ടും ഇതുവരെ കളി തുടരാനായതും ഇപ്പോൾ 39–ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിക്കുന്നതുമെല്ലാം വല്ലാത്ത ഭാഗ്യം തന്നെ’ – വാട്സൻ പറഞ്ഞു.

∙ രാജസ്ഥാനിൽനിന്ന് ചെന്നൈയിൽ

രാജസ്ഥാൻ റോയൽസിനു കളിച്ചാണ് ഷെയ്ൻ വാട്സൻ ഐപിഎൽ കരിയറിന് തുടക്കമിട്ടത്. ആറു വർഷം അവിടെ തുടർന്നശേഷം ചെറിയ കാലയളവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു കളിച്ചെങ്കിലും ശോഭിക്കാനായില്ല. പിന്നീട് എം.എസ്. ധോണിക്കു കീഴിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായതോടെയാണ് വാട്സൻ ശക്തമായി തിരിച്ചുവന്നത്. 2018ലെ ആദ്യ സീസണിൽത്തന്നെ വാട്സൻ വരവറിയിച്ചു. അന്ന് കലാശപ്പോരിൽ വാട്സിന്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് ചെന്നൈ കിരീടം ചൂടിയത്. 57 പന്തിൽനിന്ന് 117 റൺസടിച്ചാണ് അന്ന് വാട്സൻ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ വർഷത്തെ ഐപിഎൽ ഫൈനലിലും ചെന്നൈയ്‌ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും, ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ചെന്നൈ ഒരു റണ്ണിന് മുംബൈ ഇന്ത്യൻസിനോട് തോറ്റ കലാശപ്പോരിൽ 59 പന്തിൽ 80 റൺസുമായി ഒരിക്കൽക്കൂടി വാട്സൻ ചെന്നൈയുടെ ടോപ് സ്കോററായി. ബാറ്റിങ്ങിനിടെ കാൽമുട്ടിന് പരുക്കേറ്റ് ചോരയൊലിച്ചിട്ടും അദ്ദേഹം ക്രീസിൽ തുടർന്നത് ആരാധകരുടെ മനസ്സിൽ ഇന്നും വേദന സമ്മാനിക്കുന്ന ഓർമയാണ്. അന്ന് മത്സരശേഷം ആറ് തുന്നലുകളാണ് വേണ്ടിവന്നത്.

മികച്ച ഓസ്ട്രേലിയൻ താരത്തിനുള്ള അലൻ ബോർഡർ മെഡൽ രണ്ടു തവണ നേടിയ വാട്സൻ, ഓസ്ട്രേലിയയ്ക്കായി 59 ടെസ്റ്റിലും 190 ഏകദിനത്തിലും 58 ട്വന്റി20 മത്സരങ്ങളിലും കളിച്ചു. ഒക്ടോബർ 29ന് കൊൽക്കത്തയ്ക്കെതിരെ നടന്ന ഐപിഎൽ മത്സരമാണ് വാട്സന്റെ കരിയറിലെ അവസാന മത്സരം. അന്ന് 14 റൺസെടുത്ത് പുറത്തായി.

English Summary: Shane Watson confirms retirement from all forms of cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com