ADVERTISEMENT

അബുദാബി ∙ നിർണായക മത്സരത്തിൽ കെയ്ൻ വില്യംസന്റെയും ജെയ്സൻ ഹോൾഡറുടെയും പോരാട്ട മികവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് തകർപ്പൻ ജയം. ഹൈദരാബാദിന്റെ പക്കൽനിന്ന് വിജയം വഴുതി പോകുന്നുവെന്നു തോന്നിച്ച ഘട്ടത്തിൽ, ബോളിങ് ഹീറോ ജെയ്സൻ ഹോൾഡറുമായി ചേർന്ന് കെയ്ൻ വില്യംസൻ പടുത്തുയർത്തിയ 65 റൺസ് കൂട്ടുകെട്ടാണ് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചത്. 47 പന്തിലാണ് കെയ്ൻ വില്യംസൻ – ജെയ്സൻ ഹോൾഡർ സഖ്യം പുറത്താകാതെ അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത്. മൂന്നു വിക്കറ്റ് ബോളിങ് പ്രകടനത്തിനു പിന്നാലെയാണ് ജെയ്സൻ ഹോൾഡർ ബാറ്റിങ്ങിലും തിളങ്ങിയത്.

ആറാം ഓവറിൽ ക്യാപ്റ്റൻ ഡേവിഡ് വാർണർ പുറത്തായതോടെയാണ് കെയ്ൻ വില്യംസൻ ക്രീസിലെത്തിയത്. മികച്ച ഫോമിലായിരുന്ന മനീഷ് പാണ്ഡെയും പിന്നാലെ പ്രിയം ഗാർഗും കൂടി പുറത്തായതോടെ ഹൈദരാബാദ് അപകടം മണത്തുതുടങ്ങിയിരുന്നു. എന്നാൽ ജെയ്സൻ ഹോൾഡറെ കൂട്ടുപിടിച്ച് കെയ്ൻ വില്യംസൻ നടത്തിയ രക്ഷാപ്രവർത്തനമാണ് ഹൈദരാബാദിന്റെ വിജയമുറപ്പിച്ചത്. അത്ര വലുതല്ലാത്ത സ്കോറിൽ ബാംഗ്ലൂരിന്റെ സൂപ്പർതാരനിരയെ ഒതുക്കിയ ഹൈദരാബാദ് ബോളർമാർക്കും കൊടുക്കണം കയ്യടി.

44 പന്തിൽ രണ്ടു വീതം സിക്സും ഫോറും ഉൾപ്പെടെയാണ് കെയ്ൻ വില്യംസൻ അർധസെഞ്ചുറി തികച്ചത്. അതും അവസാന ഓവറിൽ. ജെയ്സൻ ഹോൾഡർ 20 പന്തിൽ മൂന്നു ഫോർ സഹിതമാണ് 24 റൺസെടുത്തത്. അവസാന ഓവറിൽ ഹൈദരാബാദിനു ജയിക്കാൻ വേണ്ടിയിരുന്ന 9 റൺസിൽ രണ്ടു ഫോറുമായി എട്ടു റൺസുമെടുത്തത് ഹോൾഡറാണ്.

നേരത്തെ, മൂന്നു നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ജെയ്സൻ ഹോൾഡറുടെ നേതൃത്വത്തിലാണ് ഹൈദരാബാദ്, ബാംഗ്ലൂരിനെ 131 റൺസിലൊതുക്കിയത്. വിരാട് കോലി (6 റൺസ്), സീസണിലുടനീളം മികച്ച ഫോമിലായിരുന്ന ദേവ്ദത്ത് പടിക്കൽ (ഒരു റൺ), ശിവം ദുബെ (8 റൺസ്) എന്നിവരെയാണ് ക്രീസിൽ നിലയുറപ്പിക്കാൻ അനുവദിക്കാതെ ഹോൾഡർ പറഞ്ഞയച്ചത്. നാല് ഓവറിൽ 10 ഡോട് ബോളുകൾ എറിഞ്ഞ ഹോൾഡർ, 25 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ഈ സീസണിനു മുന്നോടിയായ നടന്ന താരലേലത്തിൽ ഒരു ടീമും വാങ്ങാതിരുന്ന ഹോൾഡറിനെ, മിച്ചൽ മാർഷിനു പരുക്കേറ്റതിനെ തുടർന്നാണ് സൺറൈസേഴ്സ് സ്വന്തമാക്കിയത്.

English Summary: Kane Williamson and Jason Holder hold key to Sunrisers Hyderabad victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com