ADVERTISEMENT

ഷാർജ ∙ ഹർമൻപ്രീത് കൗർ നയിച്ച സൂപ്പർനോവാസിന്റെ ഹാട്രിക് കിരീടമോഹം തകർത്ത് സ്മൃതി മന്ഥനയുടെ ട്രെയിൽബ്ലെയ്സേഴ്സിന് ട്വന്റി20 ചാലഞ്ച് കിരീടം. ഫൈനലിൽ 16 റൺസിനാണ് ട്രെയിൽബ്ലെയ്സേഴ്സിന്റെ വിജയം. ട്രെയിൽബ്ലെയ്സേഴ്സ് ഉയർത്തിയ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർനോവാസിന്, നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നാല് ഓവറിൽ 18 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സൽമ ഖാട്ടൂണാണ് സൂപ്പർനോവാസിനെ 102 റണ്‍സിൽ ഒതുക്കിയത്. മൂന്ന് ഓവറിൽ ഒൻപത് റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ദീപ്തി ശർമ ഉറച്ച പിന്തുണ നൽകി.

36 പന്തിൽ രണ്ടു ഫോറുകൾ സഹിതം 30 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് സൂപ്പർനോവാസിന്റെ ടോപ് സ്കോറർ. ജമീമ റോഡ്രിഗസ് (16 പന്തിൽ 13), ടാനിയ ഭാട്യ (20 പന്തിൽ 14), ശശികല സിരിവർധനെ (18 പന്തിൽ 19) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ഇതിനു മുൻപ് ഇരു ടീമുകളും മുഖാമുഖം വന്നപ്പോൾ സൂപ്പർനോവാസിനോടേറ്റ തോൽവിക്കും ട്രെയിൽബ്ലെയ്സേഴ്സ് കിരീടവിജയത്തിലൂടെ പകരംവീട്ടി.

jai-shah-ganguly-smrithi-mandhana
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരിൽനിന്ന് കിരീടം ഏറ്റുവാങ്ങുന്ന ട്രെയിൽബ്ലെയ്സേ‌ഴ്‌സ് ക്യാപ്റ്റൻ സ്മൃതി മന്ഥന (ചിത്രത്തിന് കടപ്പാട്: ബിസിസിഐ)

നേരത്തെ, തകർപ്പൻ അർധസെഞ്ചുറിയുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ പ്രകടനമാണ് ട്രെയിൻബ്ലെയ്സേഴ്സിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മന്ഥന 49 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 68 റൺസെടുത്തു. മന്ഥനയ്ക്കു പുറമെ ട്രെയിൽബ്ലെയ്സേഴ്സ് നിരയിൽ രണ്ടക്കം കടന്നത് ഓപ്പണർ ഡോട്ടിൻ (32 പന്തിൽ 20), റിച്ച ഘോഷ് (16 പന്തിൽ 10) എന്നിവർ മാത്രം.

smrithi-mandhana
സ്മൃതി മന്ഥന കിരീടവുമായി (ഐപിഎൽ ട്വീറ്റ് ചെയ്ത ചിത്രം)

ഒരു ഘട്ടത്തിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലായിരുന്ന ട്രെയിൻബ്ലെയ്സേഴ്സ് വെറും 17 റൺ‌സിനിടെ ഏഴു വിക്കറ്റ് നഷ്ടമാക്കിയാണ് 118 റൺസിൽ ഒതുങ്ങിയത്. സൂപ്പർനോവാസിനായി രാധാ യാദവ് നാല് ഓവറിൽ 16 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.

English Summary: Women twenty20 challenge final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com