ADVERTISEMENT

ഷാർജ∙ വനിതാ ട്വന്റി20 ചാലഞ്ച് ഫൈനലിനിടെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ബൗണ്ടറിക്കരികെ കിടിലൻ സേവുമായി തായ്‌ലൻഡ് താരം. സ്മൃതി മന്ഥന നയിക്കുന്ന ട്രെയിൽബ്ലെയ്സേഴ്സിന്റെ താരമായ നട്ടകൻ ചന്ദമാണ് ഇതുവരെ കണ്ടിട്ടുള്ള ക്രിക്കറ്റ് കാഴ്ചകളെ വെല്ലുന്ന സേവുമായി ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടിയത്. ചന്ദത്തിന്റെ ഈ രക്ഷപ്പെടുത്തൽ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കലാശപ്പോരിൽ ജയിച്ച് ചന്ദത്തിന്റെ ടീം കിരീടം ചൂടുകയും ചെയ്തു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ട്രെയിൽബ്ലെയ്സേഴ്സ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 118 റണ്‍സാണ് നേടിയത്. 49 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 68 റൺസെടുത്ത സ്മൃതി മന്ഥനയായിരുന്നു ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൂപ്പർനോവാസ് ഇന്നിങ്സിലെ രണ്ടാം ഓവറിലാണ് ചന്ദം തകർപ്പൻ സേവുമായി കരുത്തുകാട്ടിയത്. സോഫി എക്ലെസ്റ്റോൺ എറിഞ്ഞ ഈ ഓവറിലെ ആദ്യ പന്ത് നേരിട്ടത് ജമീമ റോഡ്രിഗസ്. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തിന് തേ‍ഡ് മാനിലൂടെ ബൗണ്ടറിയിലേക്ക് വഴികാട്ടാനുള്ള ജമീമയുടെ ശ്രമമാണ് ചന്ദത്തിന്റെ തകർപ്പൻ സേവിൽ തകർന്നത്.

സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ചന്ദം, പന്തിനു പിന്നാലെ തേഡ്മാൻ വരെ ഓടി. പന്ത് ബൗണ്ടറി കടക്കുമെന്ന ഘട്ടത്തിൽ ഉയർന്നുചാടി വരയ്ക്ക് തൊട്ടടുത്ത് വച്ച് തട്ടി അകത്തിടുകയായിരുന്നു. ഈ പന്തിൽ സൂപ്പർനോവാസിന് ലഭിച്ചത് രണ്ടു റൺസ് മാത്രം. പിന്നീട് ദീപ്തി ശർമയുടെ പന്തിൽ ജമീമയെ പുറത്താക്കാൻ കവർ പോയിന്റിൽ ചന്ദമെടുത്ത ക്യാച്ചും ക്രിക്കറ്റ് ലോകത്തിന്റെ കയ്യടി നേടി. ബൗണ്ടറിക്കരികെ നടത്തിയ ആ ഫീൽഡിങ് പ്രകടനത്തിൽ തനിക്ക് പരുക്കോ വേദനയോ ഇല്ലെന്ന് വ്യക്തമാക്കി നട്ടകൻ ചന്ദം മത്സരശേഷം ട്വീറ്റും ചെയ്തു.

മത്സരത്തിൽ 119 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർനോവാസിന് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 102 റൺസ് മാത്രം. കഴിഞ്ഞ രണ്ടു സീസണുകളിലും ജേതാക്കളായ സൂപ്പർനോവാസ് 16 റൺ‌സ് തോൽവിയോടെ ഹാട്രിക് കിരീടമെന്ന സ്വപ്നം കൈവിടുകയും ചെയ്തു.

English Summary: Thailand’s Nattakan Chantam’s stunning fielding effort in Women’s T20 Challenge final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com