‘കോലിയുടെ നമ്പർ സേവ് ചെയ്തിരുന്നില്ല; എങ്കിലും ആദ്യ മെസേജ് ഇങ്ങനെയായിരുന്നു..’
Mail This Article
സിഡ്നി∙ ഓസീസ് ലെഗ് സ്പിന്നർ ആദം സാംപ കഴിഞ്ഞ വർഷമാണ് ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ എത്തിയത്. ഈ വർഷം ആകെ മൂന്നു മത്സരത്തിൽ മാത്രമാണ് സാംപയ്ക്ക് അവസരം ലഭിച്ചത്. രണ്ടു വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. എന്നാൽ ആർസിബി നായകൻ വിരാട് കോലിയെ വിലയിരുത്തുന്നതിൽ സാംപ ഒട്ടും പിന്നിലല്ല. ഒരു ഓസീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 28കാരനായ സാംപ കോലിയെക്കുറിച്ച് വാചാലനായത്. കളത്തിൽ കാണുന്നതിൽനിന്ന് ഏറെ വ്യത്യസ്തനാണ് കോലിയെന്നാണ് സാംപയുടെ പ്രധാന നിരീക്ഷണവും അനുഭവവും.
ഐപിഎൽ 13–ാം സീസണിൽ കളിക്കുന്നതിന് യുഎഇയിൽ എത്തിയ ആദ്യദിവസം തന്നെ വിരാട് കോലി തനിക്ക് വാട്സാപ്പിൽ മെസേജ് അയച്ചെന്ന് സാംപ അഭിമുഖത്തിൽ പറഞ്ഞു. ‘എന്റെ ഫോണിൽ അദ്ദേഹത്തിന്റെ നമ്പർ ഉണ്ടായിരുന്നില്ല. എങ്കിലും കുറേക്കാലമായി പരിചയമുള്ളയാളെ പോലെയായിരുന്നു മെസേജ്. അത് ഇങ്ങനെയായിരുന്നു: ‘‘സാംപ്‌സ്, ഡെലിവീറോയിൽ ഒരു വെജിറ്റേറിയൻ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനുള്ള 15 ഡോളറിന്റെ വൗച്ചർ ഇതാ. വളരെ നല്ല റസ്റ്ററന്റാണ് അത്.’’ മത്സരശേഷം കോലി മറ്റൊരാളായി മാറും.’ – സാംപ പറഞ്ഞു.
അദ്ദേഹം തീർച്ചയായും ക്രിക്കറ്റ് മൈതാനത്ത് നിങ്ങൾ കാണുന്ന ആളല്ല. പരിശീലനത്തിലും മത്സരത്തിലും അദ്ദേഹം എല്ലായ്പ്പോഴും തന്റെ തീവ്രത കൊണ്ടുവരുന്നു. മത്സരിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. തോൽക്കുന്നത് മറ്റാരെക്കാളും വെറുക്കുകയും ചെയ്യുന്നതായി സാംപ പറഞ്ഞു. ‘മത്സരം കഴിഞ്ഞാൽ കോലി ഏറ്റവും ‘ചിൽഡ്’ ആയ വ്യക്തിയാണ്. ബസിൽ ഇരുന്ന് വിഡിയോ കണ്ട് ഉറക്കെ ചിരിക്കും. കാപ്പി, യാത്ര, ഭക്ഷണം എന്നിവയെക്കുറിച്ചായിരിക്കും മിക്കപ്പോഴും സംസാരം.’ – കോലിയെ പോലെ തന്നെ സസ്യഭുക്കായ സാംപ പറയുന്നു.
വിരാട് കോലി വളരെ നല്ല സംസ്കാരമുള്ള വ്യക്തിയാണ്. അദ്ദേഹത്തോട് സംസാരിക്കുന്നത് നമുക്ക് വിനോദമാണ്. ഒരു രാത്രി അദ്ദേഹം നേപ്പാളിലൂടെയുള്ള തന്റെ യാത്രകളെക്കുറിച്ച് എന്നോട് സംസാരിച്ചു. എപ്പോഴും തന്റെ പുതിയ കോഫി മെഷീനെക്കുറിച്ച് എന്നോട് സംസാരിക്കും. കോലിയൊരു സാധാരണ മനുഷ്യനാണെന്നും സാംപ പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിൽ കോലിയുടെ വിക്കറ്റ് ഏഴു തവണ വീഴ്ത്താൻ സാധിച്ചതിനെക്കുറിച്ചും സാംപ പ്രതികരിച്ചു. കോലിയോട് ബോൾ ചെയ്യുന്നത് ഇഷ്ടമാണ്. അദ്ദേഹം എക്കാലത്തെയും മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് 43 സെഞ്ചുറികളോ എന്തോ ഉണ്ട്. അദ്ദേഹത്തിന്റെ വിക്കറ്റ് ശരിക്കും വലിയ നേട്ടമാണ്.’ സാംപ വ്യക്തമാക്കി.
English Summary: Kohli is not what you see on cricket field, he is chilled out guy: Zampa