ADVERTISEMENT

ന്യൂഡൽഹി∙ കാന്‍ബറയിൽ നടന്ന ആദ്യ ട്വന്റി20 മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ 11 റൺസിനാണ് ഇന്ത്യ വിജയിച്ചത്. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ യുസ്‍വേന്ദ്ര ചെഹലിന്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്. ആരൺ ഫിഞ്ചിന്റേതുൾപ്പെടെ 3 വിക്കറ്റുകൾ താരം വീഴ്ത്തി. ഇതോടെ ഓസീസ് പോരാട്ടം 20 ഓവറിൽ ഏഴിന് 150 റണ്‍സ് എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. 23 പന്തിൽ 44 റൺസെടുത്തുനിൽക്കെയാണ് രവീന്ദ്ര ജഡേജയുടെ ഹെൽമറ്റിൽ പന്ത് കൊള്ളുന്നത്. പിന്നീട് കൺകഷൻ സബ് ആനുകൂല്യം ഉപയോഗിച്ച് ജഡേജയ്ക്കു പകരം ചെഹൽ ഇറങ്ങുകയായിരുന്നു.

ചെഹൽ കളിയിൽ നിർണായക സ്വാധീനം ചെലുത്തിയതിനു പിന്നാലെ ഇന്ത്യയുടെ നീക്കം വിവാദമായി. ഇന്ത്യയുടെ തീരുമാനം ശരിയായില്ലെന്ന് പല താരങ്ങളും വാദിച്ചു. എന്നാല്‍ ഇന്ത്യയ്ക്കു ശക്തമായ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ്. ഇന്ത്യയുടെ തീരുമാനം ശരിയായിരുന്നെന്നു സെവാഗ് പറഞ്ഞു. രവീന്ദ്ര ജഡേജയ്ക്കു കളിക്കാൻ സാധിക്കാതിരുന്നതുകൊണ്ടുതന്നെ അതു ശരിയായ തീരുമാനമായിരുന്നു. ഇന്ത്യൻ താരത്തിന്റെ തലയിൽ പന്തുകൊണ്ടതിനാലാണ് ടീമിന് അങ്ങനെയൊരു ആനുകൂല്യം ലഭിച്ചത്.

ആ സമയത്ത് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ ഇറക്കരുതെന്ന് ആര്‍ക്കും പറയാൻ സാധിക്കില്ല. പന്തുകൊണ്ട് 24 മണിക്കൂറിനുള്ളിലാണ് പരുക്കിന്റെ പ്രശ്നങ്ങൾ പുറത്തുവരിക. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീം ആനുകൂല്യം ശരിയായി ഉപയോഗിക്കുകയായിരുന്നു. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമത്തിന്റെ ആനുകൂല്യം ആദ്യം ലഭിച്ചത് ഓസ്ട്രേലിയയ്ക്കാണ്. അതുകൊണ്ടു തന്നെ ഓസ്ട്രേലിയക്കാർ പരാതി പറയരുതെന്നും സെവാഗ് അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് കളിക്കിടെ സ്റ്റീവ് സ്മിത്തിന്റെ തലയിൽ പന്തുകൊണ്ടിരുന്നു. തുടർന്ന് ലബുഷെനെ പകരക്കാരനായി ഇറങ്ങി റൺസ് നേടി.

ഓസ്ട്രേലിയയ്ക്കും നിയമത്തിന്റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. അവർ ഇക്കാര്യത്തിൽ പരാതി പറയരുതെന്നാണ് എനിക്കു തോന്നുന്നത്. മത്സരത്തിനിടെ എന്റെ ഹെൽമറ്റിൽ പല തവണ പന്ത് ഇടിച്ചിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ട് എത്രത്തോളമുണ്ടെന്ന് എനിക്ക് അറിയാം. എന്നാൽ ഞങ്ങൾ കളിച്ചിരുന്ന സമയത്ത് ഇത്തരം നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല– സെവാഗ് വ്യക്തമാക്കി.

English Summary: Sehwag says Australians shouldn’t complain about Chahal substitution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com