കോലി ഡിആർഎസ് എടുക്കാൻ വൈകി; ഇന്ത്യയ്ക്ക് ഉറച്ച വിക്കറ്റ് നഷ്ടം– വിഡിയോ
Mail This Article
സിഡ്നി∙ ഓസ്ട്രേലിയയ്‍ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഡിആർഎസ് എടുക്കാൻ വൈകിയ ഇന്ത്യയ്ക്ക് ഉറപ്പുള്ള വിക്കറ്റ് നഷ്ടം. ഫോമിലുള്ള ഓസീസ് ഓപ്പണർ മാത്യു വെയ്ഡിനെ പുറത്താക്കാനുള്ള സുവർണാവസരമാണ് റിവ്യൂ തീരുമാനം വൈകിയതിലൂടെ ഇന്ത്യ നഷ്ടമാക്കിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും വെയ്ഡ് അർധസെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെയാണ് സംഭവം. അതേസമയം, അംപയരുടെ തീരുമാനം കോലി റിവ്യൂ ചെയ്യും മുൻപ് റീപ്ലേ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ കാണിച്ചിരുന്നതായും പറയുന്നു. ഇതും റിവ്യൂ തീരുമാനം അംപയർമാർ തള്ളാൻ കാരണമായി.
മത്സരത്തിൽ 11–ാം ഓവർ ബോൾ ചെയ്തത് അരങ്ങേറ്റ പരമ്പര കളിക്കുന്ന ടി.നടരാജൻ. ഈ ഓവറിലെ മൂന്നാം പന്തിൽ ഡബിൾ നേടി മാത്യു വെയ്ഡ് അർധസെഞ്ചുറി പൂർത്തിയാക്കി. തൊട്ടടുത്ത പന്തിലാണ് നടരാജൻ വെയ്ഡിനെ എൽബിയിൽ കുരുക്കിയത്. നടരാജന്റെ പന്തിൽ ഫ്ലിക്കിനുള്ള ശ്രമം പാളിയതോടെയാണ് പന്ത് വെയ്ഡിന്റെ പാഡിലിടിച്ചത്. അപ്പോൾത്തന്നെ അർധമനസ്സോടെ നടരാജൻ അപ്പീൽ ചെയ്തെങ്കിലും അംപയർ അത് ഗൗനിച്ചുപോലുമില്ല. പിന്നാലെ അടുത്ത പന്തെറിയാൻ നടരാജൻ ഒരുങ്ങുമ്പോഴാണ് കോലി അംപയറിന്റെ തീരുമാനം റിവ്യൂ ചെയ്തത്.
ഇതനുസരിച്ച് തേഡ് അംപയർ റീപ്ലേ പരിശോധിക്കാൻ തുടങ്ങുമ്പോഴേയ്ക്കും, കോലിയുടെ വൈകിയുള്ള റിവ്യൂ തീരുമാനത്തിൽ മാത്യു വെയ്ഡ് അതൃപ്തി രേഖപ്പെടുത്തി. റിവ്യൂവിന്റെ കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതോടെ കോലി ഓൺഫീൽഡ് അംപയർമാർക്ക് അടുത്തെത്തിയതോടെയാണ് രംഗം വ്യക്തമായത്.
ബോൾ ചെയ്ത് 15 സെക്കൻഡിനുള്ളിൽ റിവ്യൂ എടുക്കണമെന്നാണ് ചട്ടമെങ്കിലും, സംശയിച്ചുനിന്ന കോലി റിവ്യൂ ആവശ്യപ്പെട്ടപ്പോഴേക്കും ഈ സമയപരിധി പിന്നിട്ടിരുന്നു. ഇതോടെ, റിവ്യൂ എടുക്കാനാകില്ലെന്ന് അംപയർമാർ കോലിയെ ബോധ്യപ്പെടുത്തി. അംപയർമാരുടെ തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ച് കോലി മടങ്ങുമ്പോഴേയ്ക്കും റീപ്ലേയുടെ ഫലമെത്തി. വെയ്ഡ് ക്ലിയർ ഔട്ട്! പക്ഷേ, കോലിയുടെ റിവ്യൂ തീരുമാനം വൈകിയ ആനുകൂല്യത്തിൽ വെയ്ഡ് ക്രീസിൽ തുടർന്നു.
ഇന്ത്യയുടെ വൈകിയ ഡിആർഎസ് തീരുമാനത്തിലൂടെ ആയുസ് നീട്ടിക്കിട്ടിയ വെയ്ഡാണ് ഓസീസിന്റെ ടോപ് സ്കോറർ. 53 പന്തുകൾ നേരിട്ട വെയ്ഡ് ഏഴു ഫോറും രണ്ടു സിക്സും സഹിതം 80 റൺസെടുത്തു. നടരാജന്റെ പന്തിൽ എൽബിയിൽ കുരുങ്ങുമ്പോൾ 35 പന്തിൽ 50 റൺസെന്ന നിലയിലായിരുന്നു വെയ്ഡ്. പിന്നീട് 18 പന്തുകൾ കൂടി ക്രീസിൽനിന്ന വെയ്ഡ് 30 റൺസ് കൂടി കൂട്ടിച്ചേർത്താണ് പുറത്തായത്.
English Summary: Australia's Matthew Wade Escapes LBW As Virat Kohli Late to Call DRS