ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി20യിലെ റിവ്യൂ വിവാദത്തിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. മത്സരത്തിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോററായ മാത്യു വെയ്ഡിനെതിരെ കോലി നൽകിയ റിവ്യൂ അപ്പീൽ അംപയർമാർ നിരസിച്ചിരുന്നു. കോലി ഡിആർഎസ് ആവശ്യപ്പെടും മുൻപ് ആ പന്തിന്റെ റീപ്ലേ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അംപയർമാർ റിവ്യൂ അപ്പീൽ നിരസിച്ചത്. ഈ പന്തിൽ മാത്യു വെയ്ഡ് പുറത്തായിരുന്നുവെന്ന് റീപ്ലേയിൽ വ്യക്തമായിരുന്നു. ഈ സമയത്ത് 50 റൺസുമായി ക്രീസിലുണ്ടായിരുന്ന വെയ്ഡ്, 30 റൺസ് കൂടി കൂട്ടിച്ചേർത്താണ് പുറത്തായത്. ഇന്ത്യ 12 റണ്‍സിനു തോറ്റ മത്സരത്തിൽ വെയ്ഡിന്റെ ഇന്നിങ്സ് നിർണായകമായെന്ന് വ്യക്തം.

ഡിആർഎസ് എടുക്കുന്നതിനുള്ള 15 സെക്കൻഡ് സമയപരിധി പിന്നിട്ടതുകൊണ്ടാണ് അംപയർമാർ കോലിയുടെ ആവശ്യം നിരസിച്ചതെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാൽ അതുകൊണ്ടല്ല, കോലി ഡിആർഎസ് ആവശ്യപ്പെടും മുൻപ് സ്റ്റേഡിയത്തിൽ ആ പന്തിന്റെ റീപ്ലേ കാണിച്ചതാണ് കാരണമെന്ന് പിന്നീട് വ്യക്തമായി. ഈ സാഹചര്യത്തിലാണ് കോലിയുടെ പ്രതികരണം.

‘ആ എൽബിഡബ്ല്യു വളരെ നാടകീയമായിപ്പോയി. നടരാജന്റെ പന്ത് വെയ്ഡിന്റെ പാഡിലിടിച്ച് സ്റ്റംപിലേക്ക് തന്നെയാണോ നീങ്ങിയതെന്ന് ഞങ്ങൾ കൂട്ടായി ആലോചിക്കുന്നതിനിടെയാണ് 15 സെക്കൻഡ് സമയത്തിനുള്ളിൽ സ്ക്രീനിൽ റീപ്ലേ കാണിച്ചത്. ആലോചനയ്‌ക്കൊടുവിൽ റിവ്യൂ എടുക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. പക്ഷേ, ആ പന്തിന്റെ റീപ്ലേ സ്ക്രീനിൽ കാട്ടിയെന്ന് ചൂണ്ടിക്കാട്ടി അംപയർമാർ സമ്മതിച്ചില്ല’ – കോലി പറഞ്ഞു.

കോലിയുടെ ഡിആർഎസ് ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ വെയ്ഡ് നോട്ടൗട്ടാണെന്ന് വിധിച്ച അംപയർമാർക്ക് തീരുമാനം തിരുത്തേണ്ടിവരുമായിരുന്നു. നടരാജന്റെ പന്ത് കൃത്യമായി സ്റ്റംപിലേക്കാണ് പോകുന്നതെന്ന് റീപ്ലേയിൽ വ്യക്തമായ സാഹചര്യത്തിലാണിത്.

‘അംപയർമാരോട് ഞാൻ സംസാരിച്ചിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ഞങ്ങൾക്കെന്താണ് ചെയ്യാനാകുകയെന്ന് അവരോട് (അംപയർമാരോട്) ചോദിച്ചു. ഒന്നും ചെയ്യാനില്ല, ഇത് ടെലിവിഷൻ സംപ്രേഷണത്തിന്റെ ഭാഗത്തുനിന്നു വന്ന പിഴവാണെന്നായിരുന്നു അവരുടെ മറുപടി’ – കോലി വിശദീകരിച്ചു.

‘ഈ വിഷയം മാനേജ്മെന്റ് തലത്തിൽത്തന്നെ ഉയർത്തിക്കൊണ്ടു വരണമെന്ന് ഞാൻ ചിന്തിച്ചതാണ്. കാരണം, ക്രിക്കറ്റിന്റെ ഉയർന്ന തലത്തിൽപ്പോലും ഇത്തരം പിഴവുകൾ സംഭവിച്ചാൽ ടീമുകൾ എന്തുമാത്രം വിലകൊടുക്കേണ്ടി വരും? ഇത് ടെലിവിഷൻകാരുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണ്. ഇനി ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷ’ – കോലി പറഞ്ഞു.

English Summary: Showing replay on screen before 15 seconds was costly: Virat Kohli on DRS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com