ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് ‘പറക്കും സിൽക്’; വൈറലായി ഈ സേവ്– വിഡിയോ
Mail This Article
സിഡ്നി∙ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച് ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) ഓസ്ട്രേലിയൻ താരം ജോർദാൻ സിൽക്കിന്റെ ഫീൽഡിങ് പ്രകടനം. പുതിയ സീസണിന് തുടക്കം കുറിച്ചു നടന്ന ഉദ്ഘാടന മത്സരത്തിലാണ് സിഡ്നി സിക്സേഴ്സ് താരമായ ജോർദാന്റെ ഐതിഹാസിക ഫീൽഡിങ് പ്രകടനം. ഹൊബാർട്ട് ഹറികെയ്ൻസ് താരം കോളിന്‍ ഇന്‍ഗ്രാമിന്റെ സിക്സർ എന്നുറപ്പിച്ച ഷോട്ട് രക്ഷപ്പെടുത്താനാണ് ബൗണ്ടറിക്കരികെ ജോർദാൻ സിൽക് ഉജ്വല ഫീൽഡിങ് പ്രകടനം പുറത്തെടുത്തത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഹൊബാർട്ട് ഹറികെയ്ൻസ് ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. മത്സരത്തിലെ 15–ാം ഓവർ ബോൾ ചെയ്തത് സ്റ്റീവ് ഒക്കീഫി. ഓവറിലെ ആദ്യ മൂന്നു പന്തും ടിം ഡേവിഡ് ബൗണ്ടറി കടത്തി. നാലാം പന്തിൽ സിംഗിൾ. അഞ്ചാം പന്തിൽ കോളിൻ ഇന്‍ഗ്രാം വക വീണ്ടും ഫോർ. ആറാം പന്തിൽ ഓവറിലെ അഞ്ചാം ബൗണ്ടറിക്ക് ശ്രമിക്കുമ്പോഴാണ് ജോർദാൻ സിൽക് സിഡ്നിയുടെ രക്ഷകനായെത്തിയത്.
കോളിൻ ഇൻഗ്രാം പുൾ ചെയ്ത പന്ത് അനായാസം ബൗണ്ടറി കടക്കേണ്ടതായിരുന്നു. എന്നാൽ, ഓടിയെത്തിയ ജോർദാൻ സിൽക് മുഴുനീളെ ഡൈവ് ചെയ്ത പന്ത് കയ്യിലൊതുക്കി. ബൗണ്ടറിക്കപ്പുറത്തേക്കാണ് വീഴുന്നതെന്ന് തിരിച്ചറിഞ്ഞതോടെ പന്ത് ഗ്രൗണ്ടിലേക്കെറിഞ്ഞു. രക്ഷിച്ചത് ഹൊബാർട്ട് ഉറപ്പാക്കിയിരുന്ന നാലു റൺസ്!
അതേസമയം, ജോർദാൻ സിൽക് ബൗണ്ടറി സേവ് ചെയ്തെങ്കിലും തുടർന്നും തകർത്തടിച്ച ഇൻഗ്രാം, അർധസെഞ്ചുറി നേടിയാണ് തിരികെ കയറിയത്. 42 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം ഇൻഗ്രാം നേടിയത് 55 റൺസ്. സിൽകിന്റെ സേവിന്റെ സമയത്ത് ഇൻഗ്രാമിനൊപ്പം ക്രീസിലുണ്ടായിരുന്ന ടിം ഡേവിഡും അർധസെഞ്ചുറി നേടി. 33 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 58 റൺസ്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 178 റൺസടിച്ച ഹൊബാർട്ട്, സിഡ്നി സിക്സേഴ്സിനെ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 162 റൺസിൽ ഒതുക്കി വിജയവും സ്വന്തമാക്കി.
English Summary: Sydney Sixers' Jordan Silk's stunning save in season opener