ബുമ്രയുടെ ഷോട്ട് തലയിലിടിച്ച് ഗ്രീൻ നിലത്ത്; റൺ വേണ്ടെന്നുവച്ച് ഓടിയെത്തി സിറാജ്- വിഡിയോ
Mail This Article
സിഡ്നി∙ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഈ മാസം 17ന് തുടക്കമാകാനാരിക്കെ, ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മറ്റൊരു താരം കൂടി പരുക്കിന്റെ നിഴലിൽ. ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഇടംപിടിക്കുമെന്ന് കരുതപ്പെടുന്ന കാമറൂൺ ഗ്രീനാണ് പുതിയതായി പരുക്കിന്റെ നിഴലിലുള്ളത്. ഇന്ത്യ എ – ഓസ്ട്രേലിയ എ പരിശീലന മത്സരത്തിനിടെ ജസ്പ്രീത് ബുമ്രയുടെ ഷോട്ട് തലയിടിച്ചാണ് ഗ്രീൻ പരുക്കിന്റെ നിഴലിലായത്. പന്ത് തലയിലിടിച്ച സാഹചര്യത്തിൽ പരിശീലന മത്സരത്തിൽ ഗ്രീനിന് പകരം പാട്രിക് റോവിനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഓസീസ് ടീം കളത്തിലിറക്കി.
ഇന്ത്യയ്‍ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അവസരം ലഭിക്കുമെന്ന് കരുതപ്പെടുന്ന ഗ്രീന്‍, പരിശീലന മത്സരത്തിനിടെ പുറത്തായത് ഓസീസിന് തിരിച്ചടിയാണ്. അതേസമയം, ഗ്രീനിന് പ്രശ്നങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. എങ്കിലും പരിശീലന മത്സരത്തിൽ ഗ്രീൻ തുടർന്ന് കളിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടീം ഡോക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ ഓസീസിനായി കളത്തിലിറങ്ങുമെന്ന് കരുതപ്പെടുന്ന വിൽ പുകോവ്സ്കി ആദ്യ സന്നാഹ മത്സരത്തിനിടെയും കൺകഷൻ നിമിത്തം തിരികെ കയറിയിരുന്നു.
∙ സിറാജിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം
അതിനിടെ, ബുമ്രയുടെ ഷോട്ട് ഗ്രീനിന്റെ തലയിലിടിച്ച ഉടനെ ഓടിയെത്തിയ ഇന്ത്യൻ താരം മുഹമ്മദ് സിറാജിന് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. സംഭവം നടക്കുമ്പോൾ നോൺ സ്ട്രൈക്കേഴ്സ് എൻഡിലായിരുന്നു സിറാജ്. ഷോട്ട് കളിച്ച ജസ്പ്രീത് ബുമ്ര റണ്ണിനായി ഓടിയപ്പോൾ, ബാറ്റ് നിലത്തിട്ട് സിറാജ് ഗ്രീനിന് അരികിലേക്ക് ഓടിയെത്തി. പന്ത് കൊണ്ട് നിലത്തിരുന്നുപോയ ഗ്രീനിനോട് സിറാജ് കാട്ടിയ കരുതലിന് സമൂഹമാധ്യമങ്ങളിലും വലിയ കയ്യടിയാണ് ലഭിക്കുന്നത്.
English Summary: Mohammed Siraj’s spirit of cricket wins hearts during India vs Australia A