രോ‘ഫിറ്റ് ’ ഫിറ്റ്നസ് പരിശോധന ജയിച്ച് രോഹിത് ശർമ
Mail This Article
ബെംഗളൂരു ∙ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമയുടെ പരുക്കുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അന്ത്യം; ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ഇന്നലെ നടത്തിയ ശരീരക്ഷമതാ പരിശോധന രോഹിത് പാസ്സായി. ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരായ അവസാന 2 ടെസ്റ്റുകളിൽ രോഹിത്തിന് ഇന്ത്യൻ കുപ്പായമണിയാം. താരം 14ന് ഓസ്ട്രേലിയയിലേക്കു തിരിക്കും. അവിടെയെത്തിയാലുടൻ ക്വാറന്റീനിൽ (14 ദിവസം) പ്രവേശിക്കേണ്ടതിനാൽ 17നു തുടങ്ങുന്ന ആദ്യ ടെസ്റ്റും 26നു തുടങ്ങുന്ന 2–ാം ടെസ്റ്റും രോഹിത്തിനു നഷ്ടമാകും. എന്നാൽ, ജനുവരി 7നു തുടങ്ങുന്ന 3–ാം ടെസ്റ്റ് മുതൽ ഇന്ത്യൻ താരത്തിനു കളിക്കാം.
ഐപിഎലിനിടെയാണു രോഹിത്തിനു പരുക്കേറ്റത്. രോഗബാധിതനായ പിതാവിനൊപ്പം നിൽക്കാൻ ഐപിഎലിനുശേഷം മുംബൈയിലേക്കു മടങ്ങുകയായിരുന്നു. ഫിറ്റ്നസ് ടെസ്റ്റ് പാസായാലേ ഓസ്ട്രേലിയയിലേക്കു പോകാൻ കഴിയുള്ളൂവെന്നു ബിസിസിഐ നിർദേശിച്ചതോടെ ബെംഗളൂരുവിലെ എൻസിഎയിൽ താരത്തിനു പരിശീലനത്തിന് ഇറങ്ങേണ്ടിയും വന്നു. ഡയറക്ടർ രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിലാണു രോഹിത്തിനു ടെസ്റ്റ് നടത്തിയത്.
ഗാന്ധിയൻ മാർഗം ഇന്ത്യ വിട്ടു: ചാപ്പൽ
സിഡ്നി ∙ ഗാന്ധിയൻ തത്വത്തിലധിഷ്ഠിതമായ ബാറ്റിങ് ശൈലി ഇന്ത്യ ഉപേക്ഷിച്ചെന്നു മുൻ ഓസീസ് താരം ഗ്രെഗ് ചാപ്പൽ. ‘ഗാന്ധിയൻ ആശയങ്ങളോടു ചേർന്നുനിൽക്കുംവിധം, എതിരാളികൾക്ക് അമിത ബഹുമാനം നൽകിയാണു മുൻപു ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്തിരുന്നത്. എന്നാൽ, സൗരവ് ഗാംഗുലി അതിൽനിന്നു മാറി സഞ്ചരിച്ചു. ആ വഴിയിലാണു വിരാട് കോലിയും. ആക്രമണോത്സുകതയുടെ കാര്യത്തിൽ ഓസീസ് താരങ്ങളെ കടത്തിവെട്ടുന്ന രീതിയിലാണ് ഇപ്പോൾ കോലിയുടെ പോക്ക്’ – മുൻ ഇന്ത്യൻ പരിശീലകൻകൂടിയായ ഗ്രെഗ് ചാപ്പൽ പറഞ്ഞു.
ദ്രാവിഡിന്റെ ചോദ്യം: ആരാവും പൂജാര?
ബെംഗളൂരു ∙ കഴിഞ്ഞ പരമ്പരയിൽ 500ലധികം റൺസ് നേടിയ ചേതേശ്വർ പൂജാരയെപ്പോലുള്ള ഒരാളെയാണ് ഓസീസ് പരമ്പരയിൽ ഇന്ത്യയ്ക്കു വേണ്ടതെന്നു മുൻ താരം രാഹുൽ ദ്രാവിഡ്. ‘ഇത്തവണ ആരാകും ഇന്ത്യയുടെ പൂജാര? കോലിക്കു കഴിയില്ല. കാരണം, ആദ്യ ടെസ്റ്റിനുശേഷം അദ്ദേഹം മടങ്ങും. ഒരുപക്ഷേ, പൂജാര തന്നെ ചിലപ്പോൾ മികച്ച സ്കോറിങ് നടത്തിയേക്കാം’ –ദ്രാവിഡ് പറഞ്ഞു.
Content Highlights: Rohit Sharma clear fitness test