തല്ലാനോങ്ങിയ താരത്തെ ചേർത്തുപിടിച്ച് റഹിം കുറിക്കുന്നു; സംഭവിച്ചതിന് മാപ്പ്...
Mail This Article
ധാക്ക∙ ക്രിക്കറ്റ് മത്സരത്തിനിടെ സഹതാരത്തോട് അപമര്യാദയായി പെരുമാറിയ ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹിം പരസ്യമായി മാപ്പുപറഞ്ഞു. ബംഗ്ലാദേശിലെ പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റായ ബംഗബന്ധു ട്വന്റി20 കപ്പിനിടെ മുഷ്ഫിഖുർ റഹിം സഹതാരമായ നാസും അഹമ്മദിനോട് കയർത്തതും തല്ലാൻ കയ്യോങ്ങിയതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തോടും ആരാധകരോടും റഹിം പരസ്യമായി മാപ്പു പറഞ്ഞത്.
തിങ്കളാഴ്ച ബംഗബന്ധു ട്വന്റി20 കപ്പിന്റെ എലിമിനേറ്ററിൽ ബെക്സിംകോ ധാക്കയും ഫോർച്യൂൺ ബരിഷാലുമാണ് ഏറ്റുമുട്ടുന്നതിനിടെയാണ് വിവാദമായ സംഭവം അരങ്ങേറിയത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുഷ്ഫിഖർ റഹീമാണ് ധാക്ക ടീമിന്റെ ക്യാപ്റ്റൻ. ഫോർച്യൂൺ ബരിഷാൽ ടീമിന് ജയിക്കാൻ 19 പന്തിൽ 45 റൺസ് വേണമെന്നിരിക്കെ അഫീഫ് ഹുസൈൻ അടിച്ച പന്ത് ഉയർന്നുപൊങ്ങി. ക്യാച്ചെടുക്കാനായി വിക്കറ്റ് കീപ്പർ കൂടിയായ മുഷ്ഫിഖർ റഹീം ഓടി. ഇതു ശ്രദ്ധിക്കാതെ നാസും അഹമ്മദും ക്യാച്ചിനായി ഓടിയെത്തി.
കൂട്ടിയിടി ഒഴിവാക്കി ക്യാച്ച് എടുത്തതിനു തൊട്ടുപിന്നാലെയാണ് നാസും അഹമ്മദിനോട് റഹിം കയർത്തത്. സഹതാരത്തെ തല്ലാനോങ്ങിയ മുഷ്ഫിഖറിനെ മറ്റുള്ളവർ ചേര്‍ന്നാണു സമാധാനിപ്പിച്ചത്. സംഭവത്തിനു പിന്നാലെ ഇരുവരും തമ്മിൽ വാക്കേറ്റവുമുണ്ടായി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നതോടെ ആരാധകർ റഹിമിനെതിരെ തിരിഞ്ഞിരുന്നു.
മത്സരശേഷം സംഭവത്തിൽ ഖേദം പ്രകടിപ്പിക്കാൻ റഹിം തയാറായിരുന്നില്ല. എന്നാൽ, ഇതിന്റെ വിഡിയോ വലിയ തോതിൽ പ്രചരിക്കുകയും ആരാധകർ കൂട്ടത്തോടെ എതിരാവുകയും ചെയ്ത സാഹചര്യത്തിലാണ് പരസ്യമായി മാപ്പുചോദിച്ച് റഹിമിന്റെ രംഗപ്രവേശം. സമൂഹമാധ്യമത്തിൽ നാസും അഹമ്മദിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് റഹിമിന്റെ ഖേദപ്രകടനം.
‘ഇന്നലെ മത്സരത്തിനിടെ സംഭവിച്ച കാര്യങ്ങളുടെ പേരിൽ ആരാധകരോടും കാണികളോടും ഞാൻ മാപ്പു ചോദിക്കുന്നു. എന്റെ സഹതാരം കൂടിയായ നാസും അഹമ്മദിനോട് മത്സരശേഷം തന്നെ ഞാൻ ഖേദം പ്രകടിപ്പിച്ചിരുന്നു. രണ്ടാമതായി സർവശക്തനായ ദൈവത്തോടും ഞാൻ മാപ്പു ചോദിക്കുന്നു. എല്ലാറ്റിലുമുപരി ഞാനുമൊരു മനുഷ്യനാണ്. എന്റെ ഭാഗത്തുനിന്ന് അന്നുണ്ടായ പ്രതികരണം ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല. ഇനിമുതൽ കളത്തിലോ കളത്തിനു പുറത്തോ എന്റെ ഭാഗത്തുനിന്ന് അത്തരമൊരു പെരുമാറ്റം ഉണ്ടാകില്ല’ – റഹിം കുറിച്ചു.
English Summary: Mushfiqur Rahim apologises to Nasum Ahmed for misbehaving on the field