ADVERTISEMENT

അഡ്‌ലെയ്ഡ് ∙ ഓസ്ട്രേലിയൻ മണ്ണിൽ ഒരു വർഷം മുൻപുള്ള ഇന്ത്യയുടെ ചരിത്രവിജയത്തെപ്പറ്റി പറയുമ്പോൾ ഓസ്ട്രേലിയക്കാർ ഓർമിപ്പിക്കുന്ന ഒരു കാര്യമുണ്ട്. ‘അന്നു ഞങ്ങൾക്കൊപ്പം കരുത്തരായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഇല്ലായിരുന്നുവല്ലോ...’ ഒരു വർഷത്തിനിപ്പുറം ഇരുടീമുകളും വീണ്ടും ബോർഡർ – ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ പക്ഷേ, ഡ്രസിങ് റൂമിൽ അന്നത്തെക്കാൾ കൂടുതൽ പ്രശ്നങ്ങളുണ്ട്. ഇരുടീമിനും പരുക്ക് തലവേദനയാണ്. ഓസീസ് ടീമിൽ പരുക്കിന്റെ ബഹളമാണ്. ബാറ്റിങ് നിരയുടെ, പ്രത്യേകിച്ച് ഓപ്പണർമാരുടെ, തിരഞ്ഞെടുപ്പ് സിലക്ടർമാർക്കു വലിയ വെല്ലുവിളിയുമാണ്.

∙ പരുക്കിന്റെ കളി

ഇന്നലെ പരിശീലനത്തിനിറങ്ങിയ സ്റ്റീവ് സ്മിത്ത് 10 മിനിറ്റിനുശേഷം ഇടതുകൈയ്ക്കു വേദനയുമായി കയറിപ്പോയതാണ് ഓസീസ് നേരിടുന്ന പരുക്ക് ഭീഷണിയിൽ ഏറ്റവും പുതിയത്. ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ ഡേവിഡ് വാർണറുടെ അസാന്നിധ്യം ആദ്യ ടെസ്റ്റിൽ ആതിഥേയർക്കു വൻ തിരിച്ചടിയാകും.

വാർണർക്കു പകരം ടീമിലേക്കു വിളിച്ച വി‍ൽ പുകോവ്‌സ്കി സന്നാഹമത്സരത്തിനിടെ തലയ്ക്കു പന്തുകൊണ്ടു പുറത്തായതാണു മറ്റൊരു നഷ്ടം. പേസർ ഷോൺ ആബട്ടിനെയും പരുക്കുമൂലം നഷ്ടപ്പെട്ടു. ഇന്ത്യയ്ക്കുമുണ്ട് ക്ഷീണം. രോഹിത് ശർമ ആദ്യ 2 ടെസ്റ്റുകളിൽ ഇല്ല. കഴിഞ്ഞ തവണ ഓപ്പണിങ് ബോളറായിരുന്ന ഇഷാന്ത് ശർമയെയും പരുക്കുമൂലം നഷ്ടപ്പെട്ടു. ട്വന്റി20ക്കിടെ പരുക്കേറ്റ രവീന്ദ്ര ജഡേജ ഒന്നാം ടെസ്റ്റിന് ഇറങ്ങുമോയെന്ന് ഉറപ്പില്ല.

∙ ഓപ്പണിങ് പാളുമോ?

പരുക്ക് കളംപിടിച്ചതോടെ ഇരുടീമുകളുടെയും ഓപ്പണിങ് അവതാളത്തിലായി. വാർണർ – ജോ ബേൺസ് കൂട്ടുകെട്ടിനെയാണ് ഓസീസ് ഓപ്പണിങ്ങിൽ കണ്ടത്. വാർണർ പോയി, പകരം വന്ന പുകോവ്സ്കിയും പോയി. ഇനി പരീക്ഷിക്കാനുള്ളത് പുകോവ്സ്കിക്കു പകരമായി വന്ന മാർക്കസ് ഹാരിസിനെയാണ്. സന്നാഹ മത്സരത്തിൽ നിരാശപ്പെടുത്തിയ ബേൺസിനെയും (സ്കോർ: 4,0,0,1) കഴിഞ്ഞ ആഷസിനുശേഷം ടീമിൽനിന്ന് ഒഴിവാക്കിയ ഹാരിസിനെയും കളിപ്പിച്ചാൽ തിരിച്ചടിയാകുമോയെന്നാണ് ആശങ്ക. മാത്യു വെയ്ഡിനെ ഓപ്പണറാക്കാനും ആലോചനയുണ്ട്. മധ്യനിരയുടെ കരുത്തായ മാർനസ് ലബുഷെയ്നെക്കൊണ്ട് ഓപ്പൺ ചെയ്യിക്കണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

∙ മായങ്കിനൊപ്പം ആര്?

ഓപ്പണിങ് ജോടി ഇന്ത്യയ്ക്കും തലവേദനയാണ്. ചരിത്ര വിജയം നേടിയ കഴിഞ്ഞ പരമ്പരയി‍ൽ ആദ്യ 2 കളികളിൽ ഓപ്പൺ ചെയ്ത കെ.എൽ.രാഹുലിനും മുരളി വിജയിക്കും പകരമായി പിന്നീടുള്ള മത്സരങ്ങളിൽ ഇന്ത്യ കണ്ടെത്തിയവരിലൊരാൾ മായങ്ക് അഗർവാളായിരുന്നു. ഇത്തവണ ക്രീസിന്റെ ഒരറ്റത്ത് മായങ്ക ഉറച്ചമട്ടാണ്.

എന്നാൽ, പങ്കാളിയാരെന്ന് ഇപ്പോഴും അവ്യക്തം. ന്യൂസീലൻഡിൽ മായങ്കിനൊപ്പം ഇന്നിങ്സ് തുടങ്ങിയ പൃഥ്വി ഷാ, അരങ്ങേറ്റത്തിനൊരുങ്ങുന്ന ശുഭ്മാൻ ഗി‍ൽ എന്നിവരാണു പരിഗണനയി‍ൽ. എന്നാ‍ൽ, സന്നാഹത്തി‍ൽ പൃഥ്വി നിരാശപ്പെടുത്തിയത് (0,19,40,3) പ്രതികൂലഘടകമാകും. അതേസമയം, ഗിൽ തിളങ്ങുകയും (0,29,43,65) ചെയ്തു. ഇരുവരെയും മാറ്റി കെ.എൽ.രാഹുലിനെ ഇറക്കാനും ആലോചനയുണ്ട്.

∙ ‘കോലിയെ കുടുക്കാൻ വഴിയുണ്ട്’

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ പിടിച്ചുകെട്ടാൻ കൃത്യമായ പദ്ധതിയൊരുക്കിയാണ് ഓസീസ് കളത്തിലിറങ്ങുന്നതെന്നു പരിശീലകൻ ജസ്റ്റിൻ ലാംഗർ. ‘കോലി മികച്ച താരമാണ്. മികച്ച ക്യാപ്റ്റനുമാണ്. ഇന്ത്യൻ സംഘത്തിൽ കോലിയുടെ പ്രാധാന്യം എന്തുമാത്രമാണെന്നു ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ തടയാനുള്ള വഴികൾ ഞങ്ങൾ മുൻകൂട്ടി കണ്ടിട്ടുണ്ട്. ഗ്രൗണ്ടിൽ അതു കൃത്യമായി നടപ്പാക്കുകയാണ് അടുത്ത ലക്ഷ്യം’ – ലാംഗർ പറഞ്ഞു.

∙ ഓസീസ്: പരുക്കേറ്റവർ

1 ഡേവിഡ് വാർണർ

2 വിൽ പുകോവ്‌സ്കി

3 ഷോൺ ആബട്ട്

4 കാമറൂൺ ഗ്രീൻ

5 ഹാരി കോൺവേ

6 ജാക്സൻ ബേഡ്

∙ ഇന്ത്യ: പരുക്കേറ്റവർ

1 രോഹിത് ശർമ

2 ഇഷാന്ത് ശർമ

3 രവീന്ദ്ര ജഡേജ

ആക്രമണോത്സുക ബാറ്റിങ് കാഴ്ചവയ്ക്കുന്ന ഋഷഭ് പന്തിനെ വിക്കറ്റ് കീപ്പറാക്കണം. വിക്കറ്റിനു പിന്നിൽ വൃദ്ധിമാ‍ൻ സാഹ വേണമെന്നില്ല. പന്തിനെപ്പോലെയൊരു കീപ്പർ മതിയാകും. മായങ്ക് അഗർവാളിനൊപ്പം ഓപ്പണറായി ശുഭ്മാൻ ഗില്ലിന് അവസരം കൊടുക്കണം. തെറ്റുകൾ തിരുത്തി ബാറ്റിങ് ശരിയാക്കാൻ പൃഥ്വി ഷാ സമയം കണ്ടെത്തണം. – സുനി‍ൽ ഗാവസ്കർ (ഇന്ത്യൻ മുൻ ക്യാപ്റ്റൻ)

പൂർണമായും ഫിറ്റായ പേസർ ജസ്പ്രീത് ബുമ്രയുടെ സാന്നിധ്യമാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. ഞാൻ ബുമ്രയുടെ ഒരു കടുത്ത ആരാധകനാണ്. കഴിഞ്ഞ തവണത്തേതുപോലെ ബുമ്ര ആഞ്ഞടിച്ചാൽ ഇന്ത്യയ്ക്കു ജയത്തിലെത്താം. ഇരുടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമാകാൻ കഴിവുള്ള താരമാണു ബുമ്ര. ബോളർമാരുടെ പങ്ക് നിർണായകമാണ്. താളം കിട്ടിയാൽ ബുമ്ര കത്തിക്കയറും. – അലൻ ബോ‍ർഡർ (ഓസീസ് മുൻ ക്യാപ്റ്റൻ)

Content highlights: India Australia pink ball match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com