ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം റെഡി; പന്തിനും രാഹുലിനും ഇടമില്ല!
Mail This Article
അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അഡ്‌ലെയ്ഡിൽ വ്യാഴാഴ്ച ആരംഭിക്കുന്ന രാത്രി–പകൽ ടെസ്റ്റിനുള്ള ടീമിനെയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചത്. സന്നാഹ മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ടീമിൽ ഇടമില്ല. വെറ്ററൻ താരം വൃദ്ധിമാൻ സാഹയിലാണ് ഇത്തവണയും ടീം മാനേജ്മെന്റ് വിശ്വാസമർപ്പിച്ചത്.
സന്നാഹ മത്സരങ്ങളിൽ തിളങ്ങിയ ശുഭ്മാൻ ഗില്ലിനും ഒന്നാം ടെസ്റ്റിൽ ടീമിൽ ഇടമില്ല. യുവ ഓപ്പണർ പൃഥ്വി ഷായാണ് അഡ്‌ലെയ്‍ഡിൽ മായങ്ക് അഗർവാളിനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ആരംഭിക്കുക. വിരാട് കോലി, ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ എന്നിവരാണ് ബാറ്റിങ്ങിലെ പ്രതീക്ഷകൾ. രവിചന്ദ്രൻ അശ്വിനാണ് ഏക സ്പിന്നർ. ജസ്പ്രീത് ബുമ്രയ്ക്കും മുഹമ്മദ് ഷമിക്കും ഒപ്പം ഉമേഷ് യാദവാണ് പേസ് ഡിപ്പാർട്മെന്റിലെ മൂന്നാമൻ.
ഓസീസ് നിരയിൽ ഒട്ടേറെ താരങ്ങൾക്ക് പരുക്കുണ്ട്. ഇന്നലെ പരിശീലനത്തിനിറങ്ങിയ സ്റ്റീവ് സ്മിത്ത് 10 മിനിറ്റിനുശേഷം ഇടതുകൈയ്ക്കു വേദനയുമായി കയറിപ്പോയതാണ് ഓസീസ് നേരിടുന്ന പരുക്ക് ഭീഷണിയിൽ ഏറ്റവും പുതിയത്. ഏകദിന പരമ്പരയ്ക്കിടെ പരുക്കേറ്റ ഡേവിഡ് വാർണറുടെ അസാന്നിധ്യം ആദ്യ ടെസ്റ്റിൽ ആതിഥേയർക്കു വൻ തിരിച്ചടിയാകും. വാർണറിനു പുറമെ ടെസ്റ്റ് ടീമിലുള്ള വിൽ പുകോവ്‌സ്കി, ഷോൺ ആബട്ട്, കാമറൂൺ ഗ്രീൻ, ഹാരി കോൺവേ, ജാക്സൻ ബേഡ് എന്നിവരെല്ലാം പരുക്കിന്റെ പിടിയിലാണ്.
English Summary: India vs Australia 1st Test Playing 11