ADVERTISEMENT

അഡ്‌ലെയ്‌ഡ് ∙ ഓപ്പണിങ്ങിലെ വലിയൊരു ചോദ്യത്തിന് പതിവിനു വിപരീതമായി മത്സരത്തിനു തലേന്ന് തന്നെ ഉത്തരം നൽകിയെങ്കിലും ഇന്ത്യയുടെ നീക്കം പാളി. ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ അവസരം നൽകിയ യുവതാരം പൃഥ്വി ഷാ സമ്പൂർണമായും നിരാശപ്പെടുത്തുന്ന കാഴ്ചയോടെ അഡ്‌ലെയ്ഡിൽ കളമുണർന്നു. ഓസ്ട്രേലിയൻ മണ്ണിൽ കളിക്കുന്ന ആദ്യ പിങ്ക് ടെസ്റ്റിൽ ഓപ്പണറായി ഇന്ത്യ പരീക്ഷിച്ച പൃഥ്വി ഷാ ഡക്കിന് പുറത്ത്. ഇന്നിങ്സിലെ രണ്ടാം പന്തിൽത്തന്നെ മിച്ചൽ സ്റ്റാർക്കിന് വിക്കറ്റ് സമ്മാനിച്ചാണ് ഷായുടെ മടക്കം. ഇതോടെ, ഓപ്പണിങ്ങിൽ ഇന്ത്യ നടത്തിയ പരീക്ഷണം ആദ്യ ദിനം തന്നെ പാളി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

സന്നാഹ മത്സരങ്ങളിൽ ഓപ്പണിങ് റോളിൽ ഷായെക്കാളും തിളങ്ങിയ ശുഭ്മാൻ ഗില്ലിനെയും ട്വന്റി20, എകദിന പരമ്പരകളിൽ കളിച്ച കെ.എൽ രാഹുലിനെയും പുറത്തിരുത്തിയാണ് ടീം മാനേജ്മെന്റ് പ്ലേയിങ് ഇലവനിൽ പൃഥ്വി ഷായ്ക്ക് അവസരം നൽകിയത്. പിങ്ക് ബോൾ സന്നാഹ മത്സരത്തിൽ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനും ഇലവനിൽ ഇടം കിട്ടിയില്ല. രണ്ടു പന്തു മാത്രം നീണ്ട ഇന്നിങ്സിൽ, ഇന്ത്യൻ ഇന്നിങ്സിന് ദയനീയ തുടക്കം സമ്മാനിച്ചാണ് ഷാ പുറത്തായത്.

പിങ്ക് പന്ത് ഉപയോഗിച്ചുള്ള പകൽ രാത്രി മത്സരം എന്ന പുതുമയോടെയാണ് ബോർഡർ–ഗാവസ്കർ ട്രോഫിക്കായുള്ള പരമ്പരയിലെ ആദ്യ മത്സരം അഡ്‌ലെയ്ഡിൽ പുരോഗമിക്കുന്നത്. ടൊറെൻസ് നദീതീരത്തുള്ള സ്റ്റേഡിയത്തിലാണ് മത്സരം. 21,000 കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ നടന്ന 14 പകൽ–രാത്രി മത്സരങ്ങളിൽ ഏഴിലും ഒരു ഭാഗത്ത് ഓസ്ട്രേലിയയായിരുന്നു. ഏഴിലും അവർ ജയിക്കുകയും ചെയ്തു. ഇന്ത്യ ഇതുവരെ കളിച്ചത് ഒരേയൊരു പകൽ–രാത്രി മത്സരം മാത്രം. ബംഗ്ലദേശിനെതിരെയുള്ള ആ മത്സരം ഇന്ത്യയും ജയിച്ചു.

English Summary: Prithvi Shaw gets bowled for a duck in day-night Test against Australia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com