ബാറ്റിനും പാഡിനുമിടയിൽ ട്രക്ക് ഓടിക്കാനുള്ള ഗ്യാപ്പുണ്ട്: പരിഹസിച്ച് ഗാവസ്കർ
Mail This Article
അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ക്ലീൻ ബൗൾഡായ ഇന്ത്യൻ ഓപ്പണർമാരെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ രംഗത്ത്. അഡ്‌ലെയ്ഡ് ടെസ്റ്റിൽ ഓസീസ് പേസ് ബോളർമാർക്കു മുന്നിൽ പ്രതിരോധത്തിൽ പൂർണമായും പിഴച്ചാണ് ഇരുവരും പുറത്തായത്. ബാറ്റിനും പാഡിനും ഇടയിലെ ഗ്യാപ്പിലൂടെ പന്ത് സ്റ്റംപ് തെറിപ്പിച്ചത്, ഇരുവരുടെയും അശ്രദ്ധയുടെ തെളിവാണെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി.
സന്നാഹ മത്സരങ്ങളിൽ തിളങ്ങിയ ശുഭ്മാൻ ഗില്ലിനെയും ഋഷഭ് പന്തിനെയും ഏകദിന, ട്വന്റി20 പരമ്പരകളിൽ കളിച്ച കെ.എൽ. രാഹുലിനെയും പുറത്തിരുത്തി ഇന്ത്യ അവസരം നൽകിയ പൃഥ്വി ഷാ, ഇന്നിങ്സിലെ രണ്ടാം പന്തിൽത്തന്നെ പുറത്തായിരുന്നു. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ക്ലീൻ ബൗൾഡായിട്ടായിരുന്നു ഷായുടെ മടക്കം.
പിന്നാലെ പ്രതിരോധം തീർത്തും പാളിപ്പോയൊരു നിമിഷത്തിലാണ് പാറ്റ് കമ്മിൻസിന് വിക്കറ്റ് സമ്മാനിച്ച് മായങ്ക് അഗർവാളും ക്ലീൻ ബൗൾഡായത്. ഈ സാഹചര്യത്തിലാണ് വിമർശനവുമായി ഗാവസ്കറിന്റെ രംഗപ്രവേശം. പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ബാറ്റിനും പാഡിനും ഇടയിൽ പ്രത്യക്ഷപ്പെട്ട ഗ്യാപ്പിലൂടെയാണ് കമ്മിൻസിന്റെ പന്ത് അഗർവാളിന്റെ സ്റ്റംപ് പിഴുതത്. ഈ സമയത്ത് മായങ്കിന്റെ ബാറ്റിനും പാഡിനുമിടയിൽ ‘ട്രക്ക് ഓടിക്കാനുള്ള ഗ്യാപ്പ് ഉണ്ടായിരുന്നുവെന്ന്’ ഗാവസ്കർ പരിഹസിച്ചു.
‘ഇന്ന് പൃഥ്വി ഷായുടെ ബാറ്റിങ് അവസാനിച്ച രീതി നോക്കൂ. ബാറ്റിനും പാഡിനും ഇടയിൽ വലിയ ഗ്യാപ്പുണ്ടായിരുന്നു. ഇന്നിങ്സിലെ രണ്ടാമത്തെ മാത്രം പന്തായിരുന്നു അത്. ഏറ്റവും ഫലപ്രദമായി ആ പന്ത് പ്രതിരോധിക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. ഒരു പന്തിനെയും തേടിപ്പിടിച്ച് അങ്ങോട്ടു പോകരുതെന്നതാണ് ടെസ്റ്റ് ക്രിക്കറ്റിലെ അടിസ്ഥാന ബാറ്റിങ് നിയമം. അതിനിടെയാണ് ബാറ്റിനും പാഡിനും ഇടയിൽ അത്ര വലിയ ഗ്യാപ്പ് അനുവദിച്ചത്. ബാറ്റിൽ തട്ടി പന്ത് സ്റ്റംപിലേക്ക് നീങ്ങാനോ, പ്രതിരോധം തകർത്ത് പന്ത് സ്റ്റംപ് തകർക്കാനും സാധ്യത കൂടുതലാണ്’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
‘പാഡിനോട് ഏറ്റവും ചേർത്ത് ബാറ്റ് പിടിച്ചാണ് പന്ത് പ്രതിരോധിക്കേണ്ടത്. ഇന്നിങ്സ് ആരംഭിക്കുമ്പോൾ ബാറ്റിന്റെ ചലനം ഏറ്റവും കുറവായിരിക്കണം. കളത്തിൽ നിലയുറപ്പിച്ച് ആത്മവിശ്വാസം ആർജിച്ചുകഴിഞ്ഞാൽ ഇഷ്ടമുള്ള ഷോട്ടുകൾ കളിക്കാൻ ശ്രമിക്കാം. പക്ഷേ, ഇന്നിങ്സിന്റെ തുടക്കത്തിൽത്തന്നെ അതിനു മുതിരുന്നത് അപകടമാണ്’ – ഗാവസ്കർ പറഞ്ഞു.
‘ഇനി മായങ്ക് അഗർവാളിന്റെ ബാറ്റിങ് നോക്കൂ. ബാറ്റ് പാഡിനോട് ചേർത്തുവച്ച് പ്രതിരോധിക്കേണ്ട പന്തായിരുന്നു അത്. പക്ഷേ അത് സംഭവിച്ചില്ല. മാത്രമല്ല, അതിനിടയിൽ പ്രത്യക്ഷപ്പെട്ട വലിയ ഗ്യാപ്പിലൂടെ പന്ത് സ്റ്റംപ് പിഴുതെടുത്തു. ഒരു ട്രക്കിന് പോകാൻ മാത്രം വലിയ ഗ്യാപ്പായിരുന്നു അത്. അവിടെയാണ് ഇന്ത്യൻ താരങ്ങൾ തുടർച്ചയായി പിഴവു വരുത്തുന്നത്’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
English Summary: Sunil Gavaskar tears into India openers after failure in 1st Test