പോണ്ടിങ്ങിന് പിന്നാലെ മഗ്രോയും പറഞ്ഞു: പന്തിന്റെ കളി ഗിൽക്രിസ്റ്റിനെ ഓർമിപ്പിക്കുന്നു
Mail This Article
മെൽബൺ∙ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുകഴ്ത്തി ഓസ്ട്രേലിയൻ ബോളിങ് ഇതിഹാസം ഗ്ലെൻ മഗ്രോ. ഋഷഭ് പന്തിന്റെ ഗ്രൗണ്ടിലെ പ്രകടനങ്ങൾ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ആദം ഗിൽക്രിസ്റ്റിനെ ഓർമിപ്പിക്കുന്നതായാണ് മഗ്രോയുടെ അഭിപ്രായം. വിക്കറ്റ് കീപ്പിങ്ങിൽ പന്തിന്റെ രീതികൾ ഗിൽക്രിസ്റ്റിനെ ഓർമിപ്പിക്കുന്നതായി ഐപിഎല്ലിൽ താരം കളിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പരിശീലകൻ കൂടിയായ റിക്കി പോണ്ടിങ് നേരത്തേ പ്രതികരിച്ചിരുന്നു. റിക്കി പോണ്ടിങ്ങിന്റെ അഭിപ്രായത്തോടു യോജിക്കുന്നതായാണ് മഗ്രോയും ഇപ്പോൾ വ്യക്തമാക്കുന്നത്.
ഋഷഭ് പന്ത് കളിക്കുമ്പോൾ ആദം ഗിൽക്രിസ്റ്റിനെയാണ് ഓർമ വരിക. ഏതു തരം ഷോട്ടുകൾ കളിക്കുന്നതിനും അദ്ദേഹത്തിന് യാതൊരു ഭയവുമില്ല– മഗ്രോ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയ്ക്കിടെ പറഞ്ഞു. പന്തിന് രാജ്യാന്തര തലത്തിൽ ഇനിയും അവസരങ്ങൾ നൽകണമെന്ന് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കർ ചർച്ചയിൽ പറഞ്ഞു. പന്ത് യുവതാരമാണ്. അത്രയും കഴിവ് ഒരാളിലുണ്ടെങ്കിൽ പറ്റുന്നത്രയും അദ്ദേഹത്തെ പിന്തണുയ്ക്കണം– അഗാർക്കർ പ്രതികരിച്ചു.
വിക്കറ്റിന് പിന്നിൽ തകർപ്പൻ പ്രകടനമാണു പന്ത് കാഴ്ച വയ്ക്കുന്നത്. എന്നാൽ വിക്കറ്റിനു മുന്നിൽ ബാറ്റേന്തി നിൽക്കുമ്പോൾ പലപ്പോഴും പരാജയപ്പെട്ടുപോകുന്നതാണു താരത്തിന്റെ തിരിച്ചടി. അനാവശ്യഷോട്ടുകൾക്കു ശ്രമിച്ചു പുറത്താകുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ്ങിലെ പ്രധാന പാളിച്ച. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഇന്ത്യൻ ടീമിൽ സ്വന്തം സ്ഥാനമുറപ്പിക്കാൻ പന്തിന് സാധിച്ചിട്ടില്ല. താരത്തിന് ആത്മവിശ്വാസം പകരുന്നതാണ് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ വാക്കുകൾ.
English Summary: Rishabh Pant reminds me of Adam Gilchrist: Glenn McGrath