ADVERTISEMENT

ഹൊബാർട്ട് ∙ ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ ആവേശമേറ്റുന്ന ഒട്ടേറെ ക്യാച്ചുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഇടയ്ക്ക് ഗാലറിയിലേക്ക് പറക്കുന്ന പന്തുകൾ ആരാധകർ ഉജ്വലമായി കയ്യിലൊതുക്കുന്നതും കണ്ടിട്ടുണ്ട്. ഗാലറിയിലെത്തുന്ന പന്ത് ബീയർ ഗ്ലാസിൽ ‘ഒതുക്കുന്ന’ കൗതുക കാഴ്ച കണ്ടിട്ടുണ്ടോ? അങ്ങനെയൊന്ന് സംഭവിച്ചു, ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിനിടെ! സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

ജനുവരി രണ്ട് ശനിയാഴ്ച ഹൊബാർട്ടിൽ നടന്ന ഹൊബാർട്ട് ഹറികെയ്ൻസ് – മെൽബണ്‍ സ്റ്റാർസ് മത്സരത്തിനിടെയാണ് രസകരമായ ആ നിമിഷം പിറന്നത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്തത് ഹൊബാർട്ട് ഹറികെയ്ൻസ്. ഹൊബാർട്ട് ഇന്നിങ്സിലെ 16–ാം ഓവർ ബോൾ ചെയ്തത് ലാൻസ് മോറിസ്. ഓവറിലെ നാലാം പന്താണ് തകർപ്പൻ ഷോട്ടിലൂടെ ഫൈൻ ലെഗ് വഴി ഇംഗ്ലിഷ് താരം ഡേവിഡ് മലൻ ഗാലറിയിൽ ബീയറും രുചിച്ച് സ്വസ്ഥമായിരിക്കുകയായിരുന്ന ആരാധകന്റെ ‘ഗ്ലാസിലെത്തിച്ചത്’!

ഗാലറിയിലേക്ക് എത്തിയ പന്ത് പിടിക്കാൻ ഒരു യുവാവ് ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ, ഇയാളുടെ കയ്യിൽത്തട്ടി തെറിച്ച പന്ത് സമീപത്ത് ബീയർ രുചിക്കുകയായിരുന്ന ആരാധകന്റെ അടുത്താണെത്തിയത്; ഒടുവിൽ അദ്ദേഹത്തിന്റെ കയ്യിലിരുന്ന ഗ്ലാസിലും! ഗ്ലാസിലെ പന്ത് ഉയർത്തിക്കാട്ടി അതുസഹിതം ബീയർ രുചിക്കുന്ന ആരാധകന്റെ വിഡിയോ വൈറലാകുകയും ചെയ്തു. പന്തിനായി ഓടിയെത്തിയ മെൽബൺ സ്റ്റാർസ് ഫീൽഡർക്ക് പന്ത് നൽകാതെയാണ് പന്ത് വീണ ബീയർ രുചിച്ച് ആരാധകന്റെ ‘പ്രകടനം’.

മത്സരത്തിൽ വെറും 56 പന്തിൽനിന്ന് ഏഴു ഫോറും മൂന്നു സിക്സും സഹിതം 75 റൺസെടുത്ത ഡേവിഡ് മലന്റെ മികവിൽ ഹൊബാർട്ട് ഹറികെയ്ൻ വിജയിക്കുകയും ചെയ്തു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് ഹൊബാർട്ട് നേടിയത്. മെൽബൺ സ്റ്റാർസിനായി ക്യാപ്റ്റൻ ഗ്ലെൻ മാക്സ്‍വെൽ 37 പന്തിൽനിന്ന് ആറു ഫോറും അഞ്ച് സിക്സും സഹിതം 70 റൺസെടുത്തെങ്കിലും ആകെ നേടാനായത് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രം.

English Summary: Man refuses to return ball after Dawid Malan’s six lands into his cup of Beer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com