ADVERTISEMENT

സിഡ്നി ∙ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റ് ആശങ്കയുടെ പിച്ചിൽ. നിലവിലെ കോവിഡ് സാഹചര്യത്തിൽ, ബ്രിസ്ബെയ്നിലെത്തുന്ന ഇന്ത്യൻ താരങ്ങൾ നിർബന്ധമായും ക്വാറന്റീനിൽ കഴിയണമെന്ന നിർദേശമാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ഓസ്ട്രേലിയയിൽ വന്നയുടൻ രണ്ടാഴ്ച ക്വാറന്റീനിൽ കഴിഞ്ഞതിനാൽ ഇനിയൊരിക്കൽക്കൂടി ക്വാറന്റീൻ പറ്റില്ലെന്ന് ഇന്ത്യൻ ടീം തീരുമാനിക്കാനിടയുണ്ടെന്നും ടെസ്റ്റ് ബ്രിസ്ബെയ്നിൽ നടക്കുന്ന കാര്യം സംശയത്തിലാണെന്നും ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

7നു തുടങ്ങുന്ന 3–ാം ടെസ്റ്റിനു വേദിയൊരുക്കുന്ന സിഡ്നി, കോവിഡ് ഹോട്സ്പോട്ടായ ന്യൂ സൗത്ത് വെയ്‍ൽസിലാണ്. 4–ാം ടെസ്റ്റിനു വേദിയാകേണ്ട ബ്രിസ്ബെയ്ൻ മറ്റൊരു സംസ്ഥാനമായ ക്വീൻസ്‍ലൻഡിലാണ്. റോഡ് മാർഗമുള്ള അതിർത്തികൾ ക്വീൻസ്‌ലൻഡ് അടച്ചിട്ടിരിക്കുകയാണ്. ന്യൂ സൗത്ത് വെയ്‍ൽസിൽനിന്ന് ആകാശമാർഗം ക്വീൻസ്‌ലൻഡിൽ എത്തുന്നവർ ക്വാറന്റീനിൽ കഴിയണമെന്നതു സർക്കാർ നയമാണ്. ‘ഹോട്സ്പോട്ടിൽനിന്നു വരുന്നവർ ആരായാലും ക്വാറന്റീ‍ൻ നിർബന്ധം. ആ വ്യവസ്ഥയ്ക്കു മാറ്റമില്ല’ – ക്വീൻസ്‌ലൻഡിലെ ചീഫ് ഹെൽത്ത് ഓഫിസർ ഡോ. ജീനെറ്റ് യങ് ഇങ്ങനെ പറഞ്ഞതോടെ ആശങ്ക വർധിച്ചു.

3–ാം ടെസ്റ്റ് സിഡ്നിയിൽനിന്നു ബ്രിസ്ബെയ്നിലേക്കു മാറ്റാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ, പിന്നീടു സിഡ്നിയിൽതന്നെ ഉറപ്പിച്ചു. പുതിയ സാഹചര്യത്തിൽ അവസാന ടെസ്റ്റ് ബ്രിസ്ബെയ്നു പകരം സിഡ്നിയിൽതന്നെ നടക്കാനും സാധ്യതയുണ്ട്. 15നാണു തുടക്കം.

∙ പേടി വേണ്ടെന്ന് ബോർഡ്

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ഓസീസ് ബോർഡ് പറയുന്നത്. ബ്രിസ്ബെയ്നിലെത്തിയാൽ ബയോ സെക്യുർ ബബ്‌ൾ സംവിധാനം സിഡ്നിയിലേതിനെക്കാൾ കർശനമായിരിക്കുമെന്നു മാത്രം. താരങ്ങൾക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള നടപടികളെടുത്തിട്ടുണ്ടെന്നും ബോർഡ് പറയുന്നു. ‘കാത്തിരിക്കാൻ ഞങ്ങൾ തയാറാണ്. കാര്യങ്ങൾക്കു വ്യക്തതയുണ്ടാകട്ടെ’ – ബിസിസിഐ ഭാരവാഹി വിഷയത്തിൽ പ്രതികരിച്ചതിങ്ങനെ. ഐസലേഷനിലായ 5 താരങ്ങളെയും ഒപ്പംകൂട്ടി 3–ാം ടെസ്റ്റിനായി ഇന്ത്യൻ ടീം ഇന്നു മെൽബണിൽനിന്നു സിഡ്നിയിലേക്കു പുറപ്പെടും.

∙ മാനേജർ കുഴപ്പത്തിൽ

കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ടീമംഗങ്ങളെ ധരിപ്പിക്കേണ്ട ഉത്തരവാദിത്തം ടീമിനൊപ്പമുള്ള ബിസിസിഐ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ഗിരിഷ് ദോംഗ്രയ്ക്കാണ്. ‘പ്രോട്ടോക്കോൾ പട്ടിക എപ്പോഴും താരങ്ങൾ പോക്കറ്റിലിട്ടു നടക്കുകയല്ല. അവരെ ബോധവൽക്കരിക്കാൻ ബിസിസിഐ ശമ്പളം കൊടുക്കുന്ന ഒരു മാനേജരുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു വീഴ്ച വന്നിട്ടുണ്ടോയെന്നു പരിശോധിക്കേണ്ടതാണ്’ – ബിസിസിഐ ഭാരവാഹികളിലൊരാൾ പ്രതികരിച്ചു.

English Summary: Question mark over Gabba Test after reported Indian boycott threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com