പുകോവ്സ്കിയെ പുറത്താക്കി സെയ്നി; ഓസ്ട്രേലിയ ആദ്യ ദിനം രണ്ടിന് 166
Mail This Article
സിഡ്നി ∙ വിൽ പുകോവ്സ്കി ഇന്ത്യൻ ടീമിനു മനസ്സിൽ നൂറുവട്ടം നന്ദി പറഞ്ഞു കാണും! ഒരു അരങ്ങേറ്റക്കാരൻ ആഗ്രഹിച്ചതിലേറെ കാരുണ്യമാണ് ഇന്ത്യ ഈ ഇരുപത്തിരണ്ടുകാരനു നൽകിയത്. ക്യാച്ചുകൾ കൈവിട്ടും റൺഔട്ട് അവസരം നഷ്ടപ്പെടുത്തിയും ഇന്ത്യൻ താരങ്ങൾ കയ്യയച്ചു സഹായിച്ചപ്പോൾ പുകോവ്സ്കിയുടെ ടെസ്റ്റ് അരങ്ങേറ്റം അവിസ്മരണീയമായി. പുകോവ്സ്‌കിയുടെയും (62) മാർനസ് ലബുഷെയ്ന്റെയും (67*) അർധ സെഞ്ചുറികളുടെ മികവിൽ ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ഓസ്ട്രേലിയ നിറഞ്ഞ മനസ്സോടെ മൈതാനത്തു നിന്നു കയറി. മഴ മൂലം 55 ഓവർ മാത്രം പൂർത്തിയാക്കാനായ ദിനം ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എന്ന നിലയിൽ. സ്റ്റീവ് സ്മിത്താണ് (31*) ലബുഷെയ്നൊപ്പം ക്രീസിൽ.
മഴയെത്തും മുൻപേ
കളി തുടങ്ങി 7 ഓവർ പൂർത്തിയായപ്പോഴേക്കും സിഡ്നിയിൽ മഴയെത്തി. അതിനു മുൻപേ മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ആദ്യ സന്തോഷം നൽകിയിരുന്നു. 4–ാം ഓവറിൽ സിറാജിന്റെ പുറത്തേക്കു പോയ പന്തിൽ ബാറ്റു വച്ച ഡേവിഡ് വാർണർ (5) സ്ലിപ്പിൽ പൂജാരയ്ക്കു ക്യാച്ച് നൽകി. ഒന്നിന് 21 എന്ന നിലയിലായിരുന്നു മഴയെത്തുമ്പോൾ ഓസീസ്.
4 മണിക്കൂറിനു ശേഷം മഴ മാറി മാനം തെളിഞ്ഞപ്പോൾ ഓസീസിന്റെ ഭാഗ്യവും തെളിഞ്ഞു. 22–ാം ഓവറിൽ പുകോവ്സ്കിയുടെ ബാറ്റിലുരഞ്ഞ അശ്വിന്റെ പന്ത് അനായാസ ക്യാച്ച് ആയിരുന്നെങ്കിലും ഋഷഭ് പന്തിനു കയ്യിലൊതുക്കാനായില്ല. സിറാജിന്റെ ഷോർട്ട് പിച്ച് ഡെലിവറി പുകോവ്സ്കിയുടെ ബാറ്റിൽ തട്ടി ഉയർന്നതും ക്യാച്ചെടുക്കാതെ പന്ത് കൈവിട്ടു. വ്യക്തിഗത സ്കോർ 37ൽ നിൽക്കെ റൺഔട്ടിൽനിന്നും പുകോവ്സ്കി രക്ഷപ്പെട്ടു. ഒടുവിൽ ഇന്ത്യയുടെ അരങ്ങേറ്റ താരം നവ്ദീപ് സെയ്നിയാണ് പുകോവ്സ്കിയെ മടക്കിയത്. 35–ാം ഓവറിൽ സെയ്നിയുടെ പന്തിൽ പുകോവ്സ്കി വിക്കറ്റിനു മുന്നിൽ കുരുങ്ങി. 3–ാം വിക്കറ്റിൽ പുകോവ്സികിയും ലബുഷെയ്നും കൂടി നേടിയത് 100 റൺസ്.
സ്മൂത്ത് ആയി സ്മിത്ത്
അവസാന സെഷനിൽ ആധിപത്യം നേടാനുള്ള ഇന്ത്യയുടെ ശ്രമം ലബുഷെയ്നും സ്മിത്തും നിർവീര്യമാക്കി. മുൻ ടെസ്റ്റുകളിലൊന്നും തിളങ്ങാനാവാതെ പോയ സ്മിത്ത് ഇത്തവണ ആത്മവിശ്വാസത്തോടെ ആക്രമിച്ചാണ് കളിച്ചത്. ബുമ്രയെ മിഡോണിലൂടെ ഡ്രൈവ് ചെയ്ത് പരമ്പരയിലെ തന്നെ തന്റെ ആദ്യ ബൗണ്ടറി നേടിയതോടെ സ്മിത്ത് താളത്തിലായി. ആക്രമണം തുടർന്നതോടെ ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെ അശ്വിനെ വിളിച്ചു. എന്നാൽ 2 ബൗണ്ടറികളിലൂടെ സ്മിത്ത് അശ്വിനെ വരവേറ്റു. അപരാജിതമായ 4–ാം വിക്കറ്റിൽ ലബുഷെയ്നും സ്മിത്തും ഇതുവരെ 60 റൺസ് നേടി.
∙ വിക്കറ്റ് കീപ്പിങ്ങിൽ ഋഷഭ് പന്ത് ഏറെ മെച്ചപ്പെടാനുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ സമീപകാലത്ത് പന്തിനോളം ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ മറ്റൊരു കീപ്പറില്ല. പുകോവ്സ്കി സെഞ്ചുറിയോ ഇരട്ടസെഞ്ചുറിയോ നേടാതിരുന്നത് പന്തിന്റെയും ഇന്ത്യയുടെയും ഭാഗ്യം..’’
-റിക്കി പോണ്ടിങ് (മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ)
SCORE ബോർഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ്:
പുകോവ്സ്കി എൽബിഡബ്ല്യു സെയ്നി–62, വാർണർ സി പൂജാര ബി സിറാജ്–5, ലബുഷെയ്ൻ നോട്ടൗട്ട്–67, സ്മിത്ത് നോട്ടൗട്ട്–31, എക്സ്ട്രാസ്–1. ആകെ 55 ഓവറിൽ 2ന് 166.
വിക്കറ്റ് വീഴ്ച: 1–6, 2–106
ബോളിങ്: ബുമ്ര 14–3–30–0, സിറാജ് 14–3–46–1, അശ്വിൻ 17–1–56–0, സെയ്നി 7–0–32–1, ജഡേജ 3–2–2–0
English Summary: Australia vs India, 3rd Test - Live Cricket Score