ADVERTISEMENT

സിഡ്നി ∙ രോഹിത് ശർമ ഉൾപ്പെടെയുള്ള 5 ഇന്ത്യൻ താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതുമായി ബന്ധപ്പെട്ട വിവാദം. കോവിഡ് ഭീഷണി നിലനിൽക്കുന്ന സിഡ്നി. അവസാന ടെസ്റ്റിന്റെ വേദി സംബന്ധിച്ച ആശങ്ക. ‘നിയമം പാലിക്കാൻ വയ്യെങ്കിൽ ഇങ്ങോട്ടു വരേണ്ട’ എന്ന ക്വീൻസ്‌ലൻഡ് ആരോഗ്യമന്ത്രിയുടെ പഞ്ച് ഡയലോഗ്. ഒരു ത്രില്ലർ സിനിമയുടെ ടീസർ പോലെ ആരാധകർ ആസ്വദിക്കുകയായിരുന്നു സിഡ്നി ടെസ്റ്റിന്റെ ഒരുക്കം. ട്വിസ്റ്റും ടേണും നിറഞ്ഞ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ഇനി ക്യാമറ തിരിയുന്നു. ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ 3–ാം ടെസ്റ്റിനു നാളെ തുടക്കം. നാളെ പുലർച്ചെ 5 മുതൽ സോണി ചാനലുകളിൽ തൽസമയം. പരമ്പരയിൽ ഇപ്പോൾ ഇരുടീമുകളും ഒപ്പത്തിനൊപ്പം (1–1).

∙ ബ്ലോക്ക്‌ബസ്റ്റർ

മെ‍ൽബണിലെ 8 വിക്കറ്റ് ജയത്തിന്റെ ആവേശത്തിലിറങ്ങുന്ന അജിൻക്യ രഹാനെയുടെ ഇന്ത്യൻ സംഘം ആത്മവിശ്വാസത്തിലാണ്. ബ്ലോക്ക്‌ബസ്റ്റർ വിജയമാണു ലക്ഷ്യം. പേസും ബൗൺസും ആന്റിക്ലൈമാക്സ് തീർക്കുന്ന പതിവ് ഓസ്ട്രേലിയൻ പിച്ചുകളിൽനിന്നു വ്യത്യസ്തമാണു സിഡ്നി.

ഇവിടെ സ്പിന്നാണു ‘മെയിൻ.’ കഴിഞ്ഞ തവണ ഇന്ത്യ ചരിത്രവിജയം നേടിയ പരമ്പരയിൽ അവസാന മത്സരമായിരുന്നു സിഡ്നിയിലേത്. ബാറ്റുമായി ചേതേശ്വർ പൂജാരയും (193) ഋഷഭ് പന്തും (159) തിളങ്ങിയപ്പോൾ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 7ന് 622ൽ ഡിക്ലയർ ചെയ്തു. 5 വിക്കറ്റെടുത്ത സ്പിന്നർ കുൽദീപ് യാദവിന്റെ മികവി‍ൽ ഓസീസിനെ ഇന്ത്യ 300ൽ ഒതുക്കി ഫോളോഓൺ ചെയ്യിച്ചു. പക്ഷേ, മഴയുടെ ട്വിസ്റ്റിൽ കളി സമനിലയായി. ഇന്ത്യ പരമ്പരയും നേടി.

∙ ആരാകും ഹീറോ?

പിച്ച് സ്പിന്നിനെ തുണച്ചാൽ ഹീറോയാകാൻ ഇന്ത്യൻ നിരയിൽ ആർ. അശ്വിനുണ്ട്; ഓസീസിനായി നേഥൻ ലയണും. ആദ്യ 2 ടെസ്റ്റുകളിലും ഓസീസ് ബാറ്റ്സ്മാൻമാരുടെ പേടിസ്വപ്നമായിരുന്നു അശ്വിൻ. പരമ്പരയിൽ ഇതുവരെ 10 വിക്കറ്റ് നേടിക്കഴിഞ്ഞു. 2 തവണ സ്റ്റീവ് സ്മിത്തിനെ വീഴ്ത്തിയതും അശ്വിൻതന്നെ.

ലയൺ ഇതുവരെ ഫോമിലേക്കുയർന്നിട്ടില്ല. എന്നാൽ, ഇരുവരും കളിച്ചിട്ടുള്ള 16 ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ലയണിന്റെ പേരിലാണ്: 81. അശ്വിന് 64. ക്യാപ്റ്റൻ രഹാനെ ഒരിക്കൽക്കൂടി ഹീറോ വേഷമണിയാൻ രംഗത്തുണ്ട്. സഹനടൻമാരായ ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ശുഭ്മാൻ ഗിൽ, ഹനുമ വിഹാരി എന്നിവരിൽനിന്നു ‘നായകതുല്യമായ പ്രകടന’മാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

∙ വില്ലനായി പരുക്ക്

കൈക്കുഴയ്ക്കു പരുക്കേറ്റ കെ.എൽ.രാഹുലിനെ ഒഴിവാക്കേണ്ടി വന്നത് ടെസ്റ്റിനു മുൻപ് ഇന്ത്യയ്ക്കു തിരിച്ചടിയായി. ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവർക്കു പിന്നാലെ പരുക്കേറ്റു പുറത്താകുന്ന നാലാമത്തെ ഇന്ത്യൻ താരമാണു രാഹുൽ.

ആദ്യ 2 ടെസ്റ്റുകളിലും രാഹുൽ കളിച്ചില്ലെങ്കിലും ഏതു ‘സീനിലും’ പ്രയോജനപ്പെടുത്താവുന്ന ‘സ്വഭാവ നടനെ’പ്പോലെയുള്ള ഒരാളുടെ അഭാവം ടീം മാനേജ്മെന്റിൽ ആശങ്ക സൃഷ്ടിക്കും. ഉമേഷ് യാദവിനു പകരക്കാരനായി ഷാർദൂൽ ഠാക്കൂർ, നവ്ദീപ് സെയ്നി, ടി.നടരാജൻ എന്നിവരിലൊരാൾ ഇറങ്ങും.

∙ കോവിഡ് സീൻ

സിഡ്നിയിൽ കോവിഡ് ഭീഷണിയുള്ളതിനാ‍ൽ 10,000 കാണികൾക്കു മാത്രമാണു സ്റ്റേഡിയത്തിലേക്കു പ്രവേശനം. സാമൂഹിക അകലം പാലിച്ചു മാത്രമേ കാണികൾക്ക് ഇരിക്കാൻ കഴിയൂ. ഇരുപത്തയ്യായിരത്തോളം കാണികളെ പ്രവേശിപ്പിക്കാനായിരുന്നു നേരത്തേയെടുത്ത തീരുമാനം. ആദ്യ 2 ടെസ്റ്റുകൾക്കു വേദിയായ അഡ്‌ലെയ്ഡിലും മെൽബണിലും സ്റ്റേഡിയങ്ങളിലെ പകുതി ഇരിപ്പിടങ്ങളിലേക്കു കാണികളെ പ്രവേശിപ്പിച്ചിരുന്നു.

∙ രോഹിത് Vs വാർണർ

വൈസ് ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തുന്നുവെന്നതാണ് ഇന്ത്യയുടെ സന്തോഷം. ഓപ്പണർ മായങ്ക് അഗർവാളിനോ ഹനുമ വിഹാരിക്കോ ഇടം നഷ്ടമാകും. സ്മിത്തിന്റെ മോശം ഫോമിൽ ആശങ്കപ്പെട്ടു നിൽക്കുന്ന ഓസീസിനു ഡേവിഡ് വാർണറുടെ തിരിച്ചുവരവിലാണു പ്രതീക്ഷ. ജോ ബേൺസിനു പകരം വാർണർ ഇന്നിങ്സ് ഓപ്പൺ ചെയ്യും.

∙ സിഡ്നിയിൽ ‘സ്പിൻ ടു വിൻ’

150 കിലോമീറ്റർ വേഗത്തിൽ പന്തുകൾ മൂളിപ്പറക്കുന്ന അഡ്‌ലെയ്ഡോ ബൗൺസറുകളിലൂടെ ബാറ്റ്സ്മാൻമാരെ സ്വാഗതം ചെയ്യുന്ന മെൽബണോ അല്ല സിഡ്നി; സ്പിൻ കെണിയൊരുക്കി കാത്തിരിക്കുകയാണു സിഡ്നി. സ്പിന്നർമാരെ അകമഴിഞ്ഞു സഹായിക്കാറുണ്ടെങ്കിലും അപ്രതീക്ഷിത ബൗൺസും ലോ ബൗൺസുമായി പേസ് ബോളർമാർക്കു മേൽക്കൈ നേടാനും സിഡ്നി അവസരം നൽകാറുണ്ട്.

ഇന്ത്യൻ ബാറ്റ്സ്മാൻമാർക്കു പൊതുവേ സിഡ്നിയോടു പ്രിയം കൂടുതലാണ്. കഴിഞ്ഞ പരമ്പരയിൽ 622 റൺസ് നേടാൻ ഇന്ത്യയെ സഹായിച്ചതും ഇതേ പ്രിയം തന്നെ. മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് പേസ് ത്രയം ആദ്യ 2 മത്സരങ്ങളിൽ ഉയർത്തിയ വെല്ലുവിളി ഇവിടെ ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. സ്പിന്നർ നേഥൻ ലയണായിരിക്കും ഇന്ത്യയുടെ തലവേദന. ലയണിനു പിന്തുണയുമായി മിച്ചൽ സ്വെപ്സൻ എന്ന ലെഗ് ബ്രേക്ക് ബോളറും കളിച്ചേക്കാം. ആർ. അശ്വിനാണ് ഇന്ത്യയുടെ മറുപടി. രവീന്ദ്ര ജഡേജ കൂടി ചേരുമ്പോൾ ഓസീസ് ബാറ്റ്സ്മാൻമാരും വട്ടംകറങ്ങും.

∙ നേർക്കുനേർ

ആകെ മത്സരം 12*

ഓസീസ് ജയം 5

ഇന്ത്യൻ ജയം 1

സമനില 6

∙ സിഡ്നിയിൽ ഒരു ടെസ്റ്റിൽ മാത്രമാണ് ഇന്ത്യ ഇതുവരെ ജയിച്ചിട്ടുള്ളത്: 1978ൽ ഓസീസിനെ ഇന്ത്യ തോ‍ൽപിച്ചത് ഇന്നിങ്സിനും 2 റൺസിനുമാണ്.

രോഹിത് ശർമയുടെ ബാറ്റിങ് ശൈലി ഓസീസ് വിക്കറ്റുകൾക്കു യോജിച്ചതാണ്. പുതിയ പന്തിനെ അതിജീവിക്കാൻ കഴിഞ്ഞാൽ രോഹിത്തിനു സെഞ്ചുറിയിലേക്കെത്താം. –വി.വി.എസ്.ലക്ഷ്മൺ, മുൻ ഇന്ത്യൻ താരം.

ഏതു പ്രതിസന്ധിയെയും മറികടക്കാൻ കഴിവുള്ള യോദ്ധാവാണു ഡേവിഡ് വാർണർ. പരുക്കിൽനിന്നു മോചിതനായ വാർണർ കളിക്കും. യുവ ബാറ്റ്സ്മാൻ വിൽ പുകോവ്സ്കി അരങ്ങേറ്റം നടത്തും. –ജസ്റ്റിൻ ലാംഗർ, ഓസീസ് കോച്ച്

English Summary: India - Australia Third Test Begins at Sydney Cricket Ground Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com