ADVERTISEMENT

സിഡ്നി∙ ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിനെ റണ്ണൗട്ടാക്കിയ രവീന്ദ്ര ജഡേജയുടെ തകർപ്പൻ പ്രകടനത്തിന് കയ്യടിച്ച് ആരാധകർ. ഓസ്ട്രേലിയൻ ഇന്നിങ്സിലെ ടോപ് സ്കോററായ സ്റ്റീവ് സ്മിത്തിനെ ഡയറക്ട് ഹിറ്റിലൂടെയാണ് ജഡേജ റണ്ണൗട്ടാക്കിയത്. അതും ദുർഘടമായ ആംഗിളിൽനിന്ന്. 226 പന്തിൽ 16 ഫോറുകളുടെ 131 റൺസെടുത്ത സ്മിത്ത്, ജഡേജയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായതോടെ ഓസ്ട്രേലിയ 338 റൺസിന് ഓൾഔട്ടാവുകയും ചെയ്തു.

ഫീൽഡിങ്ങിനു പുറമെ ബോളിങ്ങിലും മിന്നിത്തിളങ്ങിയ ജഡേജയാണ് ഇന്ത്യൻ ബോളർമാരിൽ വിക്കറ്റ് വേട്ടയിലും മുന്നിൽ. 18 ഓവറിൽ മൂന്ന് മെയ്ഡൻ ഓവർ സഹിതം 62 റൺസ് വഴങ്ങി ജഡേജ വീഴ്ത്തിയത് നാലു വിക്കറ്റ്. ഇന്ത്യയ്ക്ക് പുറത്ത് ജഡേജയുടെ മികച്ച മൂന്നാമത്തെ ബോളിങ് പ്രകടനമെന്ന പ്രത്യേകതയുമുണ്ട് ഈ പ്രകടനത്തിന്.

ഇന്ത്യയ്ക്ക് സ്ഥിരം തലവേദനയാകാറുള്ള വാലറ്റക്കാരെ കൂട്ടുപിടിച്ച് ഓസീസ് സ്കോർബോർഡിലേക്ക് കൂടുതൽ റണ്ണെത്തിക്കുന്നതിനിടെയാണ് ജഡേജ തകർപ്പൻ ത്രോയിലൂടെ സ്മിത്തിനെ പുറത്താക്കിയത്. ജസ്പ്രീത് ബുമ്ര ബോൾ ചെയ്ത 105–ാം ഓവറിലെ നാലാം പന്ത്. 144 കിലോമീറ്റർ വേഗത്തിലെത്തിയ പന്ത് ഓഫ് സൈഡിലേക്ക് കളിക്കാനാണ് സ്മിത്ത് ശ്രമിച്ചത്. ഇൻസൈഡ് എഡ്ജായ പന്ത് പോയത് സ്ക്വയർ ഓഫിലേക്ക്. ബുമ്രയിൽനിന്ന് നഥാൻ ലയോണിനെ ഒളിപ്പിക്കാൻ രണ്ടാം റണ്ണിന് ശ്രമിച്ച സ്മിത്തിന് പിഴച്ചു. സ്ക്വയർ ലെഗ്ഗിൽനിന്ന് പാഞ്ഞെത്തിയ ജഡേജ, പന്തെടുത്ത് മിന്നൽവേഗത്തിൽ സ്റ്റംപിലേക്കെറിഞ്ഞു. അപകടം മണത്ത സ്മിത്ത് മുഴുനീളെ ഡൈവ് ചെയ്ത് ക്രീസിൽ കയറാൻ നടത്തിയ ശ്രമം വിഫലമായി. ഇഞ്ചുകളുടെ വ്യത്യാസത്തിൽ താരം റണ്ണൗട്ട്.

എന്തായാലും ജഡേജയുടെ തകർപ്പൻ ത്രോയും സ്മിത്തിന്റെ റണ്ണൗട്ടും നിമിഷങ്ങൾക്കുള്ളിൽ വൈറലായി. ഇതിന്റെ വിഡിയോ ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ആ കൈ എനിക്ക് വേണ’മെന്നാണ് ഒരു ആരാധകൻ വിഡിയോ പങ്കുവച്ച് കുറിച്ചത്. എക്കാലവും ജഡേജയുടെ കടുത്ത വിമർശകനായ സഞ്ജയ് മഞ്ജരേക്കറിനു പോലും ഇത്തവണ ‘പിടിച്ചുനിൽക്കാനായില്ല’.

‘പ്രത്യക്ഷത്തിൽ അസാധ്യമെന്ന് തോന്നിച്ച ആ റണ്ണൗട്ട് യാഥാർഥ്യമാക്കാൻ ജഡേജയ്ക്ക് മാത്രമേ കഴിയൂ. ആ ത്രോയുടെ കൃത്യത മാത്രമല്ല, അതിന്റെ വേഗതയും ഈ ഔട്ടിൽ നിർണായകമായി. എല്ലാംകൊണ്ടും ഉജ്വലം’ – സഞ്ജയ് മഞ്ജരേക്കർ കുറിച്ചു. സ്മിത്തിന്റെ റണ്ണൗട്ടിനൊപ്പം മഞ്ജരേക്കറിന്റെ ട്വീറ്റും നിമിഷങ്ങൾക്കം വൈറലായി.

English Summary: I want that arm - Fans hail Ravindra Jadeja for his rocket throw to run-out Steve Smith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com