ADVERTISEMENT

സിഡ്നി∙ ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിങ്സുകളിൽനിന്ന് വെറും 10 റണ്‍സ് മാത്രം നേടിയതിന്റെ നിരാശയത്രയും സിഡ്നിയിലെ ഒറ്റ ഇന്നിങ്സുകൊണ്ട് സ്റ്റീവ് സ്മിത്ത് മായിച്ചുകളഞ്ഞു. 226 പന്തുകളിൽനിന്ന് 16 ഫോറുകളുടെ അകമ്പടിയോടെയാണ് സ്മിത്ത് 27–ാം ടെസ്റ്റ് സെഞ്ചുറി കുറിച്ചത്. സെഞ്ചുറികളില്ലാതെ കടന്നുപോയ 2020നുശേഷം, 2021ലെ ആദ്യ ടെസ്റ്റിൽത്തന്നെ സെഞ്ചുറി നേടാനായത് സ്മിത്തിന് പകരുന്ന ആശ്വാസം ചെറുതാവില്ല. ഇതിനു മുൻപ് 2019 സെപ്റ്റംബറിലാണ് സ്മിത്ത് ടെസ്റ്റിൽ സെഞ്ചുറി നേടിയത്. ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററിൽ നേടിയത് 211 റൺസ്. അതിനുശേഷം സ്മിത്ത് സെഞ്ചുറി തൊടുന്നത് ഇന്നാണ്; 131 റൺസ്!

സിഡ്നിയിലെ സ്വന്തം മൈതാനത്ത് തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത് ഫോമിലേക്ക് തിരിച്ചെത്തുമ്പോൾ, അതിനൊരു സവിശേഷത കൂടിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറികളുടെ എണ്ണത്തിൽ സ്മിത്ത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പമെത്തി. ഇരുവരുടെയും പേരിൽ നിലവിൽ 27 ടെസ്റ്റ് സെഞ്ചുറികളുണ്ട്. മാത്രമല്ല, ടെസ്റ്റിലെ റൺനേട്ടത്തിൽ സ്മിത്ത് കോലിയെ മറികടക്കുകയും ചെയ്തു.

മുപ്പത്തിരണ്ടുകാരനായ കോലി 87 ടെസ്റ്റുകളിൽനിന്നാണ് 27 സെഞ്ചുറികൾ‌ നേടിയതെങ്കിൽ, സ്മിത്തിന് 27 സെഞ്ചുറികൾ പൂർത്തിയാക്കാൻ വേണ്ടിവന്നത് 76 ടെസ്റ്റുകൾ മാത്രം. ഏറ്റവും വേഗത്തിൽ 27 സെഞ്ചുറികൾ നേടിയ താരങ്ങളിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാനു പിന്നിൽ രണ്ടാമതാണ് സ്മിത്ത്. 136–ാം ഇന്നിങ്സിലാണ് സ്മിത്ത് 27–ാം സെഞ്ചുറി കുറിച്ചത്. 141–ാം ഇന്നിങ്സിൽ 27–ാം സെഞ്ചുറി കണ്ടെത്തിയ സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി എന്നിവർ മൂന്നാം സ്ഥആനത്താണ്. 154 ഇന്നിങ്സിൽനിന്ന് 27 സെഞ്ചുറി നേടിയ സുനിൽ ഗാവസ്കറാണ് നാലാമത്. 157 ഇന്നിങ്സുകളിൽനിന്ന് 27–ാം സെഞ്ചുറി കണ്ടെത്തിയ ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡൻ അഞ്ചാമതും.

അതേസമയം, അർധസെഞ്ചുറികളുടെ എണ്ണത്തിൽ സ്മിത്താണ് മുന്നിൽ. കോലിയുടെ പേരിൽ 23 അർധസെഞ്ചുറികളും സ്മിത്തിന്റെ പേരിൽ 29 അർധസെഞ്ചുറികളുമുണ്ട്. സ്മിത്തിന്റെ ശരാശരി 61ന് മുകളിലാണെങ്കിൽ കോലിയുടേത് 53.41 മാത്രം. 87 ടെസ്റ്റുകളിലായി 147 ഇന്നിങ്സുകളിൽനിന്ന് 7318 റൺസാണ് ടെസ്റ്റിൽ കോലിയുടെ സമ്പാദ്യം. പുറത്താകാതെ നേടിയ 254 റൺസാണ് കോലിയുടെ ഉയർന്ന സ്കോർ. 76–ാം ടെസ്റ്റ് കളിക്കുന്ന സ്മിത്തിന്റെ സമ്പാദ്യം 136 ഇന്നിങ്സുകളിൽനിന്ന് 7368 റൺസാണ്. 239 റൺസാണ് ഉയർന്ന സ്കോർ.

ആഷസ് പരമ്പര മാറ്റിനിർത്തിയാൽ നീണ്ട മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്റ്റീവ് സ്മിത്ത് ടെസ്റ്റിൽ സെഞ്ചുറി നേടുന്നത്. ഇതിനു മുൻപ് 2017 മാർച്ച് 25ന് ധരംശാലയിൽ ഇന്ത്യയ്‌ക്കെതിരെയായിരുന്നു ഇതിനു മുൻപ് ആഷസ് പരമ്പരയ്ക്കു പുറമെ സ്മിത്തിന്റെ അവസാന സെഞ്ചുറി. ഇതിനിടെ നീണ്ട 22 ഇന്നിങ്സുകളാണ് സെഞ്ചുറിയില്ലാതെ കടന്നുപോയത്. അതേസമയം, ഇതേ കാലയളവിൽ ഇംഗ്ലണ്ടിനെതിരെ കളിച്ച 14 ടെസ്റ്റ് ഇന്നിങ്സുകളിൽ സ്മിത്ത് ആറു സെഞ്ചുറികൾ നേടി. ഇതിനു പുറമെ അഞ്ച് അർധസെഞ്ചുറികളും!

സിഡ്നിയിലെ സെഞ്ചുറിയോടെ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ താരങ്ങളുടെ പട്ടികയിൽ സ്മിത്തും ഒന്നാമതെത്തി. എട്ട് സെഞ്ചുറികൾ വീതം നേടിയ വെസ്റ്റിൻഡീസ് താരങ്ങളായ ഗാരി സോബേഴ്സ്, വിവിയൻ റിച്ചാർഡ്സ്, ഓസ്ട്രേലിയൻ താരം റിക്കി പോണ്ടിങ് എന്നിവർക്കൊപ്പമാണ് സ്മിത്തും. അതേസമയം, വേഗത്തിൽ ഈ നേട്ടത്തിലെത്തിയ താരം സ്മിത്താണ്. സോബേഴ്സ് 30 ഇന്നിങ്സുകളിൽനിന്നും റിച്ചാർഡ്സ് 41 ഇന്നിങ്സുകളിൽനിന്നും പോണ്ടിങ് 51 ഇന്നിങ്സുകളിൽനിന്നുമാണ് എട്ട് സെഞ്ചുറി നേടിയത്. സ്മിത്തിന് വേണ്ടിവന്നത് വെറും 25 ഇന്നിങ്സുകൾ മാത്രം.

English Summary: Steve Smith equals Virat Kohli's tally with 27th Test hundred

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com