സിറാജിനെതിരായ വംശീയാധിക്ഷേപത്തിൽ പ്രതികരിച്ച് ക്രിക്കറ്റ് ലോകം; ഇതു കളിയല്ല!
Mail This Article
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് സിറാജിനുനേരെ ഓസ്ട്രേലിയൻ കാണികൾ നടത്തിയ വംശീയാധിക്ഷേപത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ച് ക്രിക്കറ്റ് ലോകം. ഓസീസിന്റെ 2–ാം ഇന്നിങ്സിനിടെ ‘ബ്രൗൺ ഡോഗ്, ബിഗ് മങ്കി’ തുടങ്ങിയ വിളികളുമായാണു കാണികളിൽ ചിലർ സിറാജിനെ അധിക്ഷേപിച്ചത്.
സിറാജും ഇന്ത്യൻ ക്യാപ്റ്റൻ രഹാനെയും അംപയറോടു പരാതിപ്പെട്ടതിനെത്തുടർന്ന് 6 കാണികളെ സുരക്ഷാ ജീവനക്കാർ ഗാലറിയിൽനിന്നു പുറത്താക്കി.
∙ തെമ്മാടിത്തരത്തിന്റെ അങ്ങേയറ്റമാണിത്. ബൗണ്ടറി ലൈനിൽ ഇത്തരം പരാമർശങ്ങൾ ഞാനും മുൻപു നേരിട്ടിട്ടുണ്ട്.ഒരിക്കലും ക്ഷമിക്കാനാവാത്ത കുറ്റമാണു വംശീയാധിക്ഷേപം. അടിയന്തിരമായും ഗൗരവമായും സംഭവം അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം. – വിരാട് കോലി
∙ സങ്കടകരം, നിരാശാജനകം. കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും എനിക്ക് ഏറ്റവും വെറുപ്പുള്ള കാര്യങ്ങളിലൊന്നാണിത്. ഓസ്ട്രേലിയയിൽ ഇങ്ങനെ സംഭവിച്ചതിൽ എനിക്കു വളരെ സങ്കടമുണ്ട്. – ജസ്റ്റിൻ ലാംഗർ, ഓസീസ് പരിശീലകൻ
∙ ഓസ്ട്രേലിയയിലേക്ക് എന്റെ 4–ാം പര്യടനമാണിത്. സിഡ്നിയിൽ മുൻപും ഞങ്ങൾ അധിക്ഷേപം നേരിട്ടിട്ടുണ്ട്. ഇത്തവണ കാണികൾ എല്ലാത്തിനും അപ്പുറം പോയി വംശീയ പരാമർശങ്ങളും നടത്തി. ഇനി ഇതു ക്ഷമിക്കാനാകില്ല. അവരെ ശിക്ഷിക്കണം. – ആർ.അശ്വിൻ, ഇന്ത്യൻ സ്പിന്നർ
∙ ഓസ്ട്രേലിയയിൽ കളിക്കുമ്പോൾ എന്റെ മതവുമായും നിറവുമായുമെല്ലാം ബന്ധപ്പെട്ട് ഞാൻ ഒട്ടേറെ അധിക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. ഓസ്ട്രേലിയയിലെ കാണികൾ ഇത്തരത്തിൽ പെരുമാറുന്നത് ഇതാദ്യമല്ല. എങ്ങനെയാണ് അവരെ ഇതിൽനിന്ന് തടയുക? – ഹർഭജൻ സിങ്, ഇന്ത്യൻ താരം
English Summary: Virat Kohli and others react to racial abuse against Mohammed Siraj and Jasprit Bumrah in Sydney