ADVERTISEMENT

സിഡ്നി ടെസ്റ്റിലെ ആവേശ സമനിലയുടെ സന്തോഷമടങ്ങും മുൻപേ ഇന്ത്യൻ ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്ക് ‘തലവേദന’യും തുടങ്ങി– ബ്രിസ്ബെയ്നിലെ 4–ാം ടെസ്റ്റിൽ ആരൊക്കെ കളിക്കും? പരുക്കിനെ തുടർന്ന് പ്രമുഖ താരങ്ങളെ മുൻപേ നഷ്ടമായ ഇന്ത്യയ്ക്ക്, ശേഷിക്കുന്ന താരങ്ങളിൽ ഏതാനും പേരെ സിഡ്നി ടെസ്റ്റിലും നഷ്ടമായി. സിഡ്നിയിൽ പരുക്കേറ്റ താരങ്ങളിൽ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി എന്നിവർക്ക് നാലാം ടെസ്റ്റിൽ കളിക്കാനാകില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ജഡേജ രണ്ടാം ഇന്നിങ്സിൽ കളത്തിലിറങ്ങിയതേയില്ല. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത (നാല് വിക്കറ്റ്) ജഡേജ രണ്ടാം ഇന്നിങ്സിൽ പന്തെറിയാനില്ലാതെ പോയത് ടീമിനെ ബാധിക്കുകയും ചെയ്തു. അത്യാവശ്യമെങ്കിൽ രണ്ടാം ഇന്നിങ്സിൽ കുത്തിവയ്പ്പെടുത്ത് ജഡേജ ബാറ്റു ചെയ്യാനെത്തുമെന്ന് ബിസിസിഐ അറിയിച്ചിരുന്നെങ്കിലും വേണ്ടിവന്നില്ല. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ രക്ഷപ്പെടുത്തിയ ഇന്നിങ്സ് കളിക്കുന്നതിനിടെയാണ് വിഹാരിക്ക് പരുക്കേറ്റത്. താരത്തിന് നാലാം ടെസ്റ്റിൽ കളിക്കാനാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.

അതേസമയം, ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്നതിനിടെ പരുക്കേറ്റ ഋഷഭ് പന്ത് രണ്ടാം ഇന്നിങ്സിൽ കളത്തിലിറങ്ങിയത് ഇന്ത്യയ്ക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. കളത്തിലിറങ്ങിയെന്ന് മാത്രമല്ല, കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നുമായി ടീമിനെ തോളേറ്റുകയും ചെയ്തു. 118 പന്തുകൾ നേരിട്ട പന്ത് 12 ഫോറും മൂന്നു സിക്സും സഹിതം 97 റൺസാണ് നേടിയത്. ചേതേശ്വർ പൂജാരയ്‌ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും (148) തീർത്തു. ഓസ്ട്രേലിയൻ ബോളർമാരുടെ പന്തുകൾ ശരീരത്തിൽ കൊണ്ട അശ്വിനും വലഞ്ഞെങ്കിലും പരുക്കേറ്റിട്ടില്ലാത്തത് ആശ്വാസമാണ്.

ഓസ്ട്രേലിയയിലെത്തിയതിനു ശേഷം ടീം ഇന്ത്യയുടെ പരുക്കിന്റെ കണക്കിങ്ങനെ.

ഇഷാന്ത് ശർമ: പരുക്കിൽ നിന്നു മുക്തനായില്ല. പരമ്പരയ്ക്കുള്ള ടീമിൽ ഇടം കിട്ടിയില്ല.

മുഹമ്മദ് ഷമി: ഒന്നാം ടെസ്റ്റിൽ പാറ്റ് കമ്മിൻസിന്റെ ബൗൺസർ കൊണ്ട് പരുക്ക്, ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നു പുറത്ത്.

ഉമേഷ് യാദവ്: 2–ാം ടെസ്റ്റിൽ ബോൾ ചെയ്യുന്നതിനിടെ കാലിനു പരുക്ക്. ഇന്ത്യയിലേക്കു മടങ്ങി.

കെ.എൽ രാഹുൽ: പരിശീലനത്തിനിടെ കൈക്കുഴയ്ക്കു പരുക്കേറ്റു. നാട്ടിലേക്കു മടങ്ങി.

രവീന്ദ്ര ജഡേജ: 3–ാം ടെസ്റ്റിൽ മിച്ചൽ സ്റ്റാർകിന്റെ പന്ത് കൊണ്ട് ഇടതു തള്ളവിരലിനു പരുക്ക്. അടുത്ത ടെസ്റ്റ് കളിക്കാനാവില്ല.

ഋഷഭ് പന്ത്: കമ്മിൻസിന്റെ ബൗൺസർ കൊണ്ട് പരുക്കേറ്റതോടെ വിക്കറ്റ് കീപ്പിങ്ങിൽ നിന്നു മാറി. എന്നാൽ ബാറ്റിങ്ങിൽ തിരിച്ചെത്തി ഇന്ത്യയുടെ ടോപ് സ്കോററായി.

ഹനുമ വിഹാരി: സിഡ്നിയിലെ 2–ാം ഇന്നിങ്സിനിടെ കാലിനു പരുക്ക്, അടുത്ത ടെസ്റ്റ് നഷ്ടം.

രോഹിത് ശർമ: പരുക്കിന്റെ പിടിയിലായിരുന്ന ഓപ്പണർ രോഹിത് ശർമ മൂന്നാം ടെസ്റ്റു മുതൽ ടീമിനൊപ്പം ചേർന്നു.

English Summary: Injury causes worry for team India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com