ADVERTISEMENT

മുംബൈ∙ കഴിഞ്ഞ ദിവസം സമാപിച്ച സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഹനുമ വിഹാരിയുടെ ‘മുട്ടിക്കളി’ ഇന്ത്യയുടെ വിജയസാധ്യതകളെ ഇല്ലാതാക്കിയെന്നും വിഹാരി ക്രിക്കറ്റിനെ കൊന്നുവെന്നും വിമർശിച്ച കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോയ്ക്ക് മറുപടിയുമായി താരം. തന്റെ പേര് ‘ഹനുമ ബിഹാരി’ എന്നെഴുതിയ ബാബുൽ സുപ്രിയോയുടെ ട്വീറ്റിന്, ‘ഹനുമ വിഹാരി’ എന്ന തിരുത്തെഴുതിയാണ് ട്രോൾ രൂപത്തിൽ താരത്തിന്റെ മറുപടി. വിഹാരിയുടെ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഉൾപ്പെടെയുള്ളവർ വിഹാരിയുടെ മറുപടി പങ്കുവച്ചു.

ഇന്ത്യ തോൽക്കുമെന്ന് ഏവരും കരുതിയ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ വിഹാരി ഉൾപ്പെടെയുള്ളവരുടെ ഐതിഹാസിക പ്രകടനമാണ് ടീമിന് സമനില നേടിക്കൊടുത്തത്. പരുക്കേറ്റിട്ടും ക്ഷമയുടെ പര്യായമായി ക്രീസിൽനിന്ന വിഹാരി, 161 പന്തുകളിൽനിന്ന് നാലു ഫോറുകൾ സഹിതം 23 റൺസുമായി പുറത്താകാതെ നിന്നാണ് ടീമിന് സമനില സമ്മാനിച്ചത്. 128 പന്തിൽ ഏഴു ഫോറുകൾ സഹിതം 39 റൺസുമായി അശ്വിനും മറുവശത്ത് ഉറച്ചുനിന്നതോടെയാണ് ഇന്ത്യ സമനില സ്വന്തമാക്കിയത്. പിരിയാത്ത ആറാം വിക്കറ്റിൽ 259 പന്തുകളിൽനിന്ന് ഇവർ 62 റൺസ് മാത്രമാണ് നേടിയത്.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്ന് എന്ന് ക്രിക്കറ്റ് ലോകം ഇവരുടെ ഇന്നിങ്സുകളെ വാഴ്ത്തുന്നതിനിടെയാണ്, കടുത്ത വിമർശനവുമായി ബാബുൽ സുപ്രിയോ രംഗത്തുവന്നത്. ബംഗാളിലെ അസൻസോളിൽ നിന്നുള്ള എംപിയായ ബാബുൽ സുപ്രിയോ പരിസ്ഥിതി, വനം, കാലാവസ്ഥാ മാറ്റം എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ്. രാഷ്ട്രീയത്തിനു പുറമെ പ്രശസ്ത ഗായകനും നടനുമാണ്.

‘109 പന്തുകൾ നേരിട്ട് വെറും ഏഴു റൺസ് മാത്രം നേടുക! തീർത്തും മോശമെന്നേ പറയാനുള്ളൂ. ഇന്ത്യയ്ക്ക് ചരിത്രപരമായൊരു ടെസ്റ്റ് വിജയം സമ്മാനിക്കാനുള്ള അവസരം മാത്രമല്ല ഹനുമ ബിഹാരി നഷ്ടമാക്കിയത്, മറിച്ച് ക്രിക്കറ്റിനെത്തന്നെയാണ് അദ്ദേഹം കൊന്നത്. വിദൂര സാധ്യതയാണെങ്കിൽപ്പോലും വിജയത്തിനായി ശ്രമിക്കാത്തത് കുറ്റം തന്നെയാണ്. പിഎസ്: ക്രിക്കറ്റിനെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ലെന്ന് എനിക്ക് തന്നെ അറിയാം’ – ഇതായിരുന്നു സുപ്രിയോയുടെ ട്വീറ്റ്. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റിലെ അക്ഷരപ്പിശക് ചൂണ്ടിക്കാട്ടി ‘ട്രോൾ’ രൂപത്തിലുള്ള വിഹാരിയുടെ മറുപടി.

English Summary: Babul Supriyo Schooled by Hanuma Vihari Over Tweet Criticising Cricketer's 'Slow' Batting at SCG

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com