ലയണിനെതിരെ വാഷിങ്ടൻ സുന്ദറിന്റെ ‘നോ–ലുക്ക് സിക്സ്’; വൈറൽ വിഡിയോ!
Mail This Article
ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയുടെ രക്ഷകനായി അവതരിച്ച വാഷിങ്ടൻ സുന്ദറിന്റെ തകർപ്പൻ സിക്സറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഓസ്ട്രേലിയയ്ക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന സ്പിന്നർ േനഥൻ ലയണിന്റെ പന്തിലാണ് ആരാധകർ ഏറ്റെടുത്ത സുന്ദറിന്റെ സുന്ദരൻ സിക്സർ പിറന്നത്. സിക്സർ പറത്തിയശേഷം ‘മൈൻഡ് ചെയ്യാൻ’ പോലും കൂട്ടാക്കാതിരുന്ന സുന്ദറിന്റെ ആ ‘നോ–ലുക്ക് സിക്സ്’ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഇന്ത്യൻ ഇന്നിങ്സിലെ 104–ാം ഓവറിലാണ് സംഭവം. ഈ ഓവറിലെ അവസാന പന്തിലാണ് ഇരുപത്തൊന്നുകാരനായ വാഷിങ്ടൺ സുന്ദർ ലയണിനെതിരെ തകർപ്പൻ സിക്സർ സ്വന്തമാക്കിയത്. ലയണിന്റെ പന്ത് ഗാലറിയിലേക്ക് പറഞ്ഞുവിട്ട സുന്ദർ, പന്തിലേക്കൊന്നു നോക്കിയതു പോലുമില്ല. പന്ത് ബൗണ്ടറി കടക്കുമെന്ന് അത്രയ്ക്കായിരുന്നു ആത്മവിശ്വാസം. ഇക്കാര്യം കമന്റേറ്റർമാരും എടുത്തുപറയുന്നുണ്ടായിരുന്നു. എന്തായാലും സുന്ദറിന്റെ ‘നോ–ലുക്ക് സിക്സ്’ മിനിറ്റുകൾക്കകം സമൂഹമാധ്യമങ്ങളിൽ തരംഗമായി.
കന്നി ടെസ്റ്റ് കളിക്കുന്ന വാഷിങ്ടൻ സുന്ദർ മത്സരത്തിലാകെ 144 പന്തു നേരിട്ട് ഏഴു ഫോറും ഒരു സിക്സും സഹിതം 62 റൺസാണെടുത്തത്. 115 പന്തിൽ ഒൻപത് ഫോറും രണ്ടു സിക്സും സഹിതം 67 റൺസെടുത്ത ഷാർദുൽ താക്കൂറിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും തീർത്തു. ഏഴാം വിക്കറ്റിൽ 217 പന്തുകൾ നേരിട്ടാണ് ഇവർ 123 റൺസ് കൂട്ടുകെട്ട് തീർത്തത്. ഒരുവേള ആറിന് 186 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയ്ക്ക് ജീവവായു പകർന്നതും ഈ കൂട്ടുകെട്ടു തന്നെ. സെഞ്ചുറി കൂട്ടുകെട്ടിലേക്കുള്ള കുതിപ്പിൽ ഒരുപിടി റെക്കോർഡുകളും ഇവർ സ്വന്തം പേരിലാക്കിയിരുന്നു.
English Summary: Washington Sundar hits stunning 'no-look' six off Nathan Lyon at Gabba