ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരവും ആഭ്യന്തര സീസണിൽ കേരളത്തിന്റെ താരവുമായ റോബിൻ ഉത്തപ്പ ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിനായി ഐപിഎൽ കളിക്കും. ഈ സീസണിലെ ടൂർണമെന്റിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയതിനു പിന്നാലെയാണ് ട്രേഡിങ് വിൻഡോയിലൂടെ ഉത്തപ്പ സിഎസ്‌കെയിൽ എത്തിയത്. കഴിഞ്ഞ വർഷം മൂന്നു കോടി രൂപയ്ക്കാണ് ഉത്തപ്പയെ രാജസ്ഥാൻ സ്വന്തമാക്കിയത്.

ഐപിഎല്ലിന്റെ എല്ലാം സീസണിലും കളിച്ചിട്ടുള്ള 35കാരനായ ഉത്തപ്പ, ഇതിനുമുൻപു മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പുണെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റെഡേഴ്സ് എന്നീ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഇതുവരെ 189 മത്സരങ്ങളിൽനിന്ന് 129.99 സ്ട്രൈക്ക് റേറ്റിൽ 4607 റൺ‌സാണ് ഉത്തപ്പയുടെ സമ്പാദ്യം. അതിൽ 24 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 2014 സീസണിൽ 660 റൺസ് നേടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ റോബിൻ ഉത്തപ്പ, കൊൽക്കത്തയുടെ രണ്ടാം ഐപിഎൽ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

എന്നാൽ കഴിഞ്ഞ രണ്ടു സീസണിലും ഉത്തപ്പയ്ക്ക് തിളങ്ങാനായില്ല. 2019ൽ കൊൽക്കത്തയ്ക്കായി 282 റൺസ് മാത്രമാണ് ഉത്തപ്പ നേടിയത്. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ ജഴ്സിയിൽ എത്തിയിട്ടും സ്ഥിതിക്ക് മാറ്റമുണ്ടായില്ല. 12 മത്സരങ്ങളിൽനിന്നു 119.51 സ്ട്രൈക്ക് റേറ്റിൽ നേടിയത് വെറും 196 റൺസ്. ഇതിനു പിന്നാലെയാണ് അടുത്ത സീസണ് മുന്നോടിയായ റോബിയെ റിലീസ് ചെയ്യാൻ രാജസ്ഥാൻ തീരുമാനിച്ചത്.

രണ്ട് ഓപ്പണർമാരെയ ‘നഷ്ട’മായതിനു പിന്നാലെയാണ് ചെന്നൈ ഉത്തപ്പയെ ടീമിലെത്തിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച ഷെയ്ൻ വാട്സനും റിലീസ് ചെയത് മുരളി വിജയുമാണ് ചെന്നൈയിൽനിന്നു പോയ ഓപ്പണർമാർ. എന്നാൽ ഫാഫ് ഡുപ്ലെസി, അമ്പാട്ടി റായിഡു, ഋതുരാജ് ഗെയ്ക‌്‌വാജ്, എൻ‌.ജഗദീഷൻ, സാം കറൻ തുടങ്ങിയവർ ഓപ്പണർമാരായി ചെന്നൈ നിരയിലുണ്ട്.

‘റോയൽ‌സിലെ കഴിഞ്ഞ സീസൺ ഞാൻ ശരിക്കും ആസ്വദിച്ചു. ഈ ഫ്രാഞ്ചൈസിയുടെ ഭാഗമാകാ കഴിഞ്ഞതിൽ ഭാഗ്യവാനാണ്. എന്റെ ക്രിക്കറ്റ് യാത്രയുടെ ഭാഗമായി ഐപിഎൽ 2021ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ചേരുന്നതിൽ ഞാൻ ഇപ്പോൾ ആവേശത്തിലാണ്.’– കൈമാറ്റത്തിനു പിന്നാലെയ റോബിൻ ഉത്തപ്പ പറഞ്ഞു. ഫ്രാഞ്ചൈസികൾ തമ്മിലുള്ള മാറ്റത്തിന് (ട്രേഡിങ് വിൻഡോ) ഫെബ്രുവരി 4 വരെ സമയമുണ്ട്.

അതേസമയം, ‘വയസ്സന്മാരുടെ’ ടീമെന്ന് പഴികേൾക്കുന്ന ചെന്നൈ, 35കാരനായ ഉത്തപ്പയെ ടീമിലെടുത്തിനെ എതിരെ രൂക്ഷവിമർശനവുമായാണ് ചെന്നൈ ആരാധകർ ഉൾപ്പെടെ സമൂഹമാധ്യമത്തിൽ എത്തുന്നത്. റിലീസ് ചെയ്ത കേദാർ ജാദവിനു പകരം മറ്റൊരു ‘കേദാർ ജാദവ്’ ചെന്നൈയിലെത്തിയെന്നാണ് ചിലരുടെ പരിഹാസം.

ഉത്തപ്പ ഇത്തവണ ചെന്നൈയ്ക്കുവേണ്ടി ‘പെൻഷൻ’ വാങ്ങിക്കുമെന്ന് മറ്റു ചിലരുടെ കമന്റ്. എന്നാൽ മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിക്കെതിരെ 54 പന്തിൽ 91 റൺസടിച്ച് കേരളത്തെ ജയിപ്പിച്ച ഉത്തപ്പയെ എഴുതിത്തള്ളാറായോ എന്നു പറയാൻ ഇനിയും കാത്തിരിക്കണം.

English Summary: Robin Uthappa traded to CSK
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com