ധോണി കഴിഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ‘തല’; കംഗാരുഭൂമിയിലെ ക്രിക്കിപീഡിയ!
Mail This Article
ഇന്ത്യൻ ക്രിക്കറ്റിൽ എം.എസ്.ധോണി കഴിഞ്ഞാൽ ഏറ്റവും മികച്ച ‘തല’ ആരുടേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ – രവിചന്ദ്രൻ അശ്വിൻ! എതിരാളിയുടെ ബലമറിഞ്ഞു തന്ത്രം മെനയുന്ന ബോളർ.
പിച്ചിനനുസരിച്ച് ബോളിങ് ചിട്ടപ്പെടുത്താൻ കഴിവുള്ള താരം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്വന്തം ക്രിക്കിപീഡിയ! അശ്വിൻ കഴിഞ്ഞ ഐപിഎലിനിടെ ആരംഭിച്ച യൂട്യൂബ് ചാനൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഓസ്ട്രേലിയയിലെ ഐതിഹാസിക വിജയത്തിനുപിന്നാലെ ഡ്രസിങ് റൂം വിശേഷങ്ങളുമായി ഫീൽഡിങ് കോച്ച് ആർ.ശ്രീധറിനൊപ്പമുള്ള അശ്വിന്റെ പുതിയ വിഡിയോയാണു സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. കംഗാരുഭൂമി എന്നു പേരിട്ട വിഡിയോയിൽ ഓസീസ് പര്യടനത്തിലെ രസകരമായ നിമിഷങ്ങളാണ് അശ്വിനും ശ്രീധറും പങ്കുവയ്ക്കുന്നത്.
∙ ഗാബാ ലാ പാത്തുക്കലാം
സിഡ്നി ടെസ്റ്റിനിടെ ‘ഗാബയിൽ കാണാം’ എന്ന ഓസീസ് ക്യാപ്റ്റൻ ടിം പെയ്ന്റെ വെല്ലുവിളി അനുസ്മരിച്ചാണു വിഡിയോ ആരംഭിക്കുന്നത്. ഗാബറ്റോയിർ (ഗാബ മത്സരങ്ങളെ പൊതുവേ വിശേഷിപ്പിക്കുന്ന പേര്– ഗാബയിൽ എത്തുന്ന ബാറ്റ്സ്മാൻമാരൊന്നും വന്നതുപോലെ തിരിച്ചുപോകാറില്ല എന്നൊരു ചൊല്ലുണ്ട്) എങ്ങനെയായിരിക്കും എന്ന സംശയത്തോടെയാണു ടീം അവസാന ടെസ്റ്റിനിറങ്ങിയത്. പരുക്കുമൂലം കളിക്കാൻ സാധിച്ചില്ലെങ്കിലും ഗാബ ടെസ്റ്റിനെക്കുറിച്ച് ഏറ്റവുമധികം വേവലാതിപ്പെട്ടത് അശ്വിനായിരുന്നെന്നു ശ്രീധർ പറയുന്നു.
∙ നെറ്റു നട്ടുവായി!
വിവിയൻ റിച്ചഡ്സിനെ ഓർമിപ്പിക്കുന്ന ഡ്രൈവുകൾ, ബോഡി ലൈൻ ബൗൺസറുകളെ തല്ലിയൊതുക്കാനുള്ള ചങ്കൂറ്റം, ബുദ്ധികൊണ്ട് നടക്കില്ലെന്നുറപ്പുള്ള കാര്യം മനസ്സാന്നിധ്യം കൊണ്ടു നടത്തിയെടുക്കാനുള്ള ആത്മവിശ്വാസം – ശാർദൂൽ ഠാക്കൂറിനെ ഇങ്ങനെയാണ് അശ്വിൻ വിശേഷിപ്പിച്ചത്. അച്ഛന്റെ മരണം തളർത്താതെ, ഓസീസ് ആരാധകരുടെ വംശീയാധിക്ഷേപങ്ങളെ കൂസാതെ, 5 വിക്കറ്റ് നേട്ടവുമായി ഓസീസ് ബാറ്റ്സ്മാൻമാരെ വിറപ്പിച്ച മുഹമ്മദ് സിറാജിനെയും അശ്വിൻ അഭിനന്ദിച്ചു.
ഗാബയിൽ നെറ്റു (നെറ്റ് ബോളർ) നട്ടു (നടരാജൻ) ആകുമെന്ന് ശ്രീധറുമായി വച്ച പന്തയത്തെക്കുറിച്ചും അശ്വിൻ ഓർമിക്കുന്നു. സിഡ്നിയിൽ സ്റ്റാർക്കിന്റെ ഓവർ നേരിടാൻ നടരാജൻ ക്രീസിലെത്തിയപ്പോൾ ഇന്നിങ്സ് ഡിക്ലയർ ചെയ്യണോ എന്ന ചോദ്യവുമായി ഡ്രസിങ് റൂമിലേക്ക് ഓടിയെത്തിയ ക്യാപ്റ്റൻ അജിൻക്യ രഹാനെയെക്കുറിച്ചായിരുന്നു ശ്രീധറിനു പറയാനുണ്ടായിരുന്നത്. സ്റ്റാർക്കിന്റെ പന്തുകൊണ്ട് നടരാജനു കൂടി പരുക്കേറ്റാൽ അടുത്ത ഇന്നിങ്സിൽ ആരു പന്തെറിയുമെന്ന പേടിയായിരുന്നത്രേ ജിങ്ക്സിന്!
∙ പന്തിന്റെ സ്വന്തം പ്ലാൻ
അവസാന 10 ഓവർ വരെ സമനിലയ്ക്കായി കളിക്കുക, അതിനുശേഷം വിജയത്തിനായി പൊരുതുക – ഗാബയിൽ ടീം മുന്നോട്ടുവച്ച പ്ലാൻ അതായിരുന്നു. എന്നാൽ, ഋഷഭ് പന്ത് മാത്രം സ്വന്തം പ്ലാനുമായാണു ബാറ്റിങ്ങിനിറങ്ങിയത്. നേഥൻ ലയണിനെ സ്റ്റംപ് ഔട്ട് ചെയ്തു കളിക്കാനുള്ള പന്തിന്റെ ശ്രമം പാളിയപ്പോൾ ഒരു നിമിഷം ഡ്രസിങ് റൂം സ്തംഭിച്ചുപോയതായി ശ്രീധർ ഓർക്കുന്നു. ആ സ്റ്റംപിങ് ചാൻസ് പാഴാക്കിയ ടിം പെയ്നാണു യഥാർഥത്തിൽ നന്ദി പറയേണ്ടതെന്നായിരുന്നു അശ്വിന്റെ കമന്റ്.
∙ ക്രിക്കിപീഡിയ
യുഗാണ്ടൻ ക്രിക്കറ്റിലെ 2–ാം ഡിവിഷനിലെ 3–ാം മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് ആരായിരുന്നെന്നു ചോദിച്ചു നോക്കൂ, അശ്വിൻ ഉത്തരം നൽകും. കോച്ച് ശ്രീധറിന്റെ ഈ കമന്റിലുണ്ട് അശ്വിൻ എന്ന ക്രിക്കറ്റ് ജീനിയസിന്റെ നിരീക്ഷണ പാടവം. ക്രിക്കറ്റുമായി ബന്ധപ്പെട്ട എന്തു സംശയത്തിനും അശ്വിന്റെ പക്കൽ ഉത്തരമുണ്ടെന്നു ശ്രീധർ പറയുന്നു. അതുകൊണ്ടുതന്നെ ‘ക്രിക്കിപീഡിയ’ എന്നാണു വിളിപ്പേര്. ‘ക്രിക്കറ്റ് ഒരു പ്രഫഷൻ മാത്രമല്ല, അത് എനിക്കു ജീവിതമാണ്’ എന്നായിരുന്നു അശ്വിന്റെ മറുപടി.
English Summary: Senior Indian spinner R Ashwin in conversatino with India's fielding coach R Sreedhar.