ശ്രീശാന്ത്@ 75 ലക്ഷം; ഹർഭജൻ, കേദാർ, മാക്സ്‌വെൽ ഉൾപ്പെടെയുള്ളവർക്ക് 2 കോടി
Mail This Article
ചെന്നൈ ∙ 7 വർഷത്തെ ഇടവേളയ്ക്കുശേഷം മത്സരക്രിക്കറ്റിലേക്കു തിരിച്ചെത്തിയ മലയാളി താരം എസ്.ശ്രീശാന്ത് ഐപിഎൽ താരലേലത്തിലും. താരലേലത്തിനു റജിസ്റ്റർ ചെയ്ത 1097 കളിക്കാരിൽ ശ്രീശാന്തുമുണ്ട്. 75 ലക്ഷം രൂപയാണ് അടിസ്ഥാന വില. മുഷ്താഖ് അലി ട്രോഫിയിൽ മിന്നിത്തിളങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീൻ ഉൾപ്പെടെയുള്ള മലയാളി താരങ്ങളും റജിസ്റ്റർ ചെയ്തവരിലുണ്ട്. 18നു ചെന്നൈയിലാണു ലേലം.
814 ഇന്ത്യൻ താരങ്ങളും 283 വിദേശതാരങ്ങളുമാണു റജിസ്റ്റർ ചെയ്തത്. ഇതിൽനിന്നു ബിസിസിഐ അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുന്നവരാണു ലേലത്തിനുണ്ടാവുക. മിച്ചൽ സ്റ്റാർക്, ഡെയ്ൽ സ്റ്റെയ്ൻ, ജോ റൂട്ട് എന്നിവർ റജിസ്റ്റർ ചെയ്തിട്ടില്ല.
61 പേർ താരലേലം വഴി ടീമിലെത്തുമെന്ന് ഐപിഎൽ അറിയിച്ചു. ഇതിൽ 22 പേർ വിദേശതാരങ്ങളായിരിക്കും. കിങ്സ് ഇലവൻ പഞ്ചാബാണു കൂടുതൽ തുകയുമായി ലേലത്തിനു വരുന്നത്: 53.2 കോടി രൂപ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർ ഏറ്റവും കുറവ്: 10.75 കോടി രൂപ വീതം.
2 കോടി
ലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയുമായി (2 കോടി രൂപ) 11 കളിക്കാരാണുള്ളത്: ഹർഭജൻ സിങ്, ഗ്ലെൻ മാക്സ്‌വെൽ, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അൽ ഹസൻ, മൊയീൻ അലി, സാം ബില്ലിങ്സ്, ലിയാം പ്ലങ്കറ്റ്, ജെയ്സൻ റോയ്, മാർക് വുഡ്, കോളിൻ ഇൻഗ്രാം.
1.5 കോടി
ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് താരം ഡേവിഡ് മാലൻ, അഫ്ഗാൻ താരം മുജീബുർ റഹ്മാൻ, ഓസ്ട്രേലിയയുടെ അലക്സ് കാരി, നേഥൻ കൂൾട്ടർനൈൽ, ജൈ റിച്ചാഡ്സൻ, മിച്ചൽ സ്വെപ്സൻ, ഇംഗ്ലണ്ട് താരങ്ങളായ ടോം കറൻ, ലൂയിസ് ഗ്രിഗറി, അലക്സ് ഹെയ്ൽസ്, ആദം ലിത്ത്, ആദിൽ റാഷിദ്, ഡേവിഡ് വില്ലി.
ഒരു കോടി
ആരോൺ ഫിഞ്ച്, മാർനസ് ലബുഷെയ്ൻ, ഷെൽഡൻ കോട്രൽ, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവർക്ക് അടിസ്ഥാന വില ഒരു കോടി രൂപ.
English Summary: Sreesanth for ipl auction