ഐപിഎൽ ഫൈനലിലെ ‘സർപ്രൈസ് താരം’ ജയന്ത് യാദവ് വിവാഹിതനായി
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ജയന്ത് യാദവ് വിവാഹിതനായി. ദീർഘകാലമായി സുഹൃത്തായ ദിഷ ചൗളയാണ് വധു. ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാനയ്ക്കായി കളിക്കുന്ന ജയന്ത് യാദവിന്റെ വിവാഹ വാർത്ത, സഹതാരം കൂടിയായ യുസ്‌വേന്ദ്ര ചെഹലാണ് പരസ്യമാക്കിയത്. ഇന്ത്യയ്ക്കായി നാലു ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചിട്ടുള്ള താരമാണ് ജയന്ത് യാദവ്. ഇക്കഴിഞ്ഞ ഐപിഎൽ ഫൈനലിൽ മുംബൈയ്ക്കായി കളിച്ചിരുന്നു. നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
2016 ഒക്ടോബർ 29ന് ന്യൂസീലൻഡിനെതിരെ വിശാഖപട്ടണത്ത് നടന്ന ഏകദിന മത്സരത്തിലൂടെയാണ് ജയന്ത് യാദവ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യ 190 റൺസിന്റെ കൂറ്റൻ വിജയം നേടിയിരുന്നു. മത്സരത്തിൽ നാല് ഓവറിൽ എട്ട് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യാദവിന്റെ പ്രകടനം ശ്രദ്ധ നേടിയെങ്കിലും പിന്നീട് ഏകദിന ടീമിൽ അവസരം ലഭിച്ചില്ല.
അതേസമയം, കരിയറിൽ നാല് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചു. 2016 നവംബർ 17 മുതൽ വിശാഖപട്ടണത്ത് നടന്ന ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. തൊട്ടടുത്ത വർഷം ഫെബ്രുവരിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ നടന്ന മത്സരത്തോടെ ടെസ്റ്റ് കരിയറിനും വിരാമമായി. നാല് ടെസ്റ്റുകളിൽനിന്ന് 44.27 ശരാശരിയിൽ 228 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമുണ്ട്. 104 റൺസാണ് ഉയർന്ന സ്കോർ. 11 വിക്കറ്റുകളും യാദവ് നേടി. എന്നിട്ടും പിന്നീട് ദേശീയ ടീമിൽ ഇടം ലഭിച്ചില്ല.
English Summary: India all-rounder Jayant Yadav ties the knot with Disha Chawla